നിങ്ങളുടേത് കിടിലന്‍ ബിസിനസ് ഐഡിയ ആണോ? നില്‍ക്കൂ, ആദ്യം ഈ ചോദ്യങ്ങള്‍ ചോദിക്കൂ

Update: 2019-10-22 05:32 GMT

എന്തു മാനദണ്ഡത്തിലാണ് ഒരു ബിസിനസ് ആശയം ഉഗ്രനാണെന്ന് പറയുന്നത്? കേള്‍ക്കുന്നവര്‍ 'സൂപ്പര്‍' ആണെന്ന് പറയുമ്പോഴാണോ? ഒരിക്കലുമല്ല. വിപണിയില്‍ വിജയിക്കുമ്പോഴാണ് അവ ഉഗ്രനാകുന്നതെന്ന് നമുക്കറിയാം. നിങ്ങളുടെയുള്ളിലും ഒന്നോ അതിലേറെയോ ബിസിനസ് ആശയങ്ങളുണ്ടാകും. അവയുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് ഈ ചോദ്യങ്ങള്‍ ചോദിക്കൂ.

1. അത് ഒരു പ്രശ്‌നത്തിന് പരിഹാരമാകുന്നുണ്ടോ?
നിങ്ങളുടെ ബിസിനസ് ആശയം മറ്റുള്ളവരുടെ വേദനയ്ക്ക്, ബുദ്ധിമുട്ടിന് പരിഹാരമാകുമേ?അവരുടെ ജീവിതം എളുപ്പമാക്കുമോ? സമയമോ പണമോ ലാഭിക്കാന്‍ സഹായിക്കുമോ?

2. എത്രപേര്‍ അതിന് മുമ്പ് ആ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്?
നിങ്ങള്‍ക്കുമുന്നേ എത്ര പേര്‍ ഈ വിപണിയിലുണ്ട്? അവരുടെ ഉല്‍പ്പന്നത്തെക്കാള്‍/സേവനത്തെക്കാള്‍ എന്തു മെച്ചമാണ് നിങ്ങളുടേതിന് ഉള്ളത്.

3. വിപണിയിലെ സാധ്യതകള്‍ എത്രമാത്രം?
ഇതാണ് ബില്യണ്‍ ഡോളര്‍ ചോദ്യം. നിങ്ങളുടെ ബിസിനസ് ആശയം വിപണിയില്‍ വിജയിക്കുമോയെന്നറിയാന്‍ സാധ്യതാപഠനം അനിവാര്യം.

4. മല്‍സരത്തില്‍ വേറിട്ടുനില്‍ക്കാന്‍ നിങ്ങളുടെ ആശയത്തിനാകുമോ?
എന്താണ് നിങ്ങളുടെ തനതുപ്രത്യേകത അഥവാ യുണീക്ക് സെല്ലിംഗ് പ്രപ്പോസിഷന്‍ (യു.എസ്.പി)?

5.  ഭാവിയില്‍ സാധ്യതകളുണ്ടാകുമോ?
നിങ്ങളുടെ ആശയം പെട്ടെന്നുതന്നെ കാലഹരണപ്പെടുന്നതാണോ? അങ്ങനെ സംഭവിച്ചാല്‍ അതിവേഗം പുതിയ രീതികളിലേക്ക് മാറാനാകുമോ?

6. എത്ര റിസ്‌ക് എടുക്കാനാകും?
റിസ്‌ക് കൂടുതലുള്ളവയ്ക്ക് പൊതുവേ ലാഭവും കൂടുതലായിരിക്കും. എന്നാല്‍ നിങ്ങളുടെ റിസ്‌ക് എടുക്കാനുള്ള ശേഷി പരിശോധിക്കുക.

7. സംരംഭകനെന്ന നിലയില്‍ നിങ്ങളുടെ കരുത്ത്, ദൗര്‍ബല്യം?
നിങ്ങളുടെ ബിസിനസ് ആശയം പ്രാവര്‍ത്തികമാക്കി അതിനെ വിജയപഥത്തിലേക്ക് എത്തിക്കാനുള്ള ഏറ്റവും പ്രാഥമികമായ ഉത്തരവാദിത്തം സംരംഭകനെന്ന നിലയില്‍ നിങ്ങള്‍ക്കാണ്. വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കുക.

8. എത്ര നിക്ഷേപം വേണ്ടിവരും?
അത്രയും പണം നിങ്ങള്‍ക്ക് കണ്ടെത്താനാകുമോ?

9. ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിലെത്താന്‍ എത്ര നാളെടുക്കും?
ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിലെത്തുകയാണ് ഒരു സംരംഭത്തിന്റെ വളര്‍ച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. ഈ ഘട്ടവും കഴിഞ്ഞ് വരുമാനം ലഭിക്കുന്ന അവസ്ഥയിലേക്കെത്താന്‍ എത്രനാള്‍ എടുക്കും. അതുവരെ പിടിച്ചുനില്‍ക്കാനുള്ള സാമ്പത്തികശേഷി നിങ്ങള്‍ക്കുണ്ടായിരിക്കണം.

10. ഉയര്‍ന്നുവരാന്‍ ഇടയുള്ള വെല്ലുവിളികള്‍ എന്തൊക്കെയാണ്?
സംരംഭം തുടങ്ങിയശേഷം ഉയര്‍ന്നുവരാന്‍ ഇടയുള്ള വെല്ലുവിളികള്‍ നേരിടാന്‍ നിങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞോ?

ഈ ചോദ്യങ്ങള്‍ക്കുള്ള നിങ്ങളുടെ ഉത്തരം നിങ്ങള്‍ക്കുതന്നെ തൃപ്തികരമായി തോന്നുന്നുണ്ടോയെന്ന് പരിശോധിക്കുക.

Similar News