'ടൈം മാനേജ്മെന്റുകൊണ്ട് നിങ്ങളുടെ പ്രൊഡക്ടിവിറ്റി കൂടില്ല'

Update: 2019-04-06 09:27 GMT

കൂടുതൽ സമയമുണ്ടെങ്കിൽ കൂടുതൽ ജോലി ചെയ്തു തീർക്കാമെന്നാണ് നമ്മളെല്ലാവരും വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ പ്രൊഡക്ടിവിറ്റി മെച്ചപ്പെടുത്താനുള്ള പരിശീലനക്ലാസുകളിൽ ഒരു പ്രധാന വിഷയമാണ് ടൈം മാനേജ്മെൻറ്.

എന്നാൽ ഈ വിശ്വാസത്തെ പൊളിച്ചടുക്കുകയാണ് വാർട്ടൻ സ്കൂൾ ഓഫ് ബിസിനസിലെ പ്രൊഫസറും ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റുമായ ആദം ഗ്രാന്റ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രൊഡക്ടിവിറ്റിയാണ് നിങ്ങൾ തേടുന്നതെങ്കിൽ ടൈം മാനേജ്മെന്റ് ഇതിനൊരു പരിഹാരമല്ല.

ഒരു ദിവസത്തിൽ പരിമിതമായ സമയമേ നമ്മൾ ജോലിക്കായി വിനിയോഗിക്കുന്നുള്ളൂ. സമയത്തിൽ ഫോക്കസ് ചെയ്തുകൊണ്ടിരുന്നാൽ, പാഴായിപ്പോകുന്ന സമയത്തിലായിരിക്കും നമ്മുടെ ശ്രദ്ധ മുഴുവനും. അതുകൊണ്ട് കുറച്ചുകൂടി മെച്ചപ്പെട്ട രീതി 'അറ്റൻഷൻ മാനേജ്മെന്റ്' ആയിരിക്കുമെന്നാണ് ആദം ഗ്രാന്റ് പറയുന്നത്.

എന്താണ് 'അറ്റൻഷൻ മാനേജ്മെന്റ്'

ഇതൊരു കലയാണ്. ഒരു ദിവസം നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രോജക്ടുകളും ക്ലയന്റുകളും ഏതാണെന്നതിന്റെ ലിസ്റ്റ് മുൻഗണന അനുസരിച്ച് ക്രമീകരിക്കുന്ന കല. ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്, ശരിയായ കാര്യത്തിനായി നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനെയാണ് അറ്റൻഷൻ മാനേജ്മെന്റ് എന്ന് പറയുന്നത്.

പ്രൊഡക്ടിവിറ്റി കൂട്ടുക എന്നതാണ് നമ്മുടെ ഉദ്ദേശമെങ്കിൽ ഒരു കാര്യം പൂർത്തിയാക്കുന്നതിനായി നമ്മൾ നമ്മെത്തന്നെ മോട്ടിവേറ്റ് ചെയ്യണം. നിശ്ചയദാർഢ്യം ഉണ്ടാകണം.

മറ്റൊന്ന് നിശ്ചിത സമയത്തിന് കാര്യം ചെയ്തു തീർക്കുക. ഒരു ജോലി ഞാൻ ഇത്ര സമയത്തിനുള്ളിൽ ചെയ്തുതീർക്കുമെന്ന് തീരുമാനിക്കുകയും, ആ ഡെഡ് ലൈൻ പിന്തുടരുകയും ചെയ്യുക.

അറ്റൻഷൻ മാനേജ്മെന്റ് ശീലിച്ചുകഴിഞ്ഞാൽ നിങ്ങളുടെ പ്രയോറിറ്റികളും സമയവും നിയന്ത്രിക്കുന്നത് പിന്നെ മറ്റാരുമായിരിക്കില്ല, നിങ്ങൾ തന്നെയായിരിക്കും.

Similar News