ഇന്റര്‍വ്യൂ കഴിഞ്ഞിട്ടും ജോലിക്ക് വിളിക്കുന്നില്ലേ? അതിന്റെ 10 കാരണങ്ങള്‍ ഇവയാണ്

Update: 2019-11-22 12:09 GMT

ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് മടുത്തോ? എത്ര നല്ല പ്രകടനം കാഴ്ചവെച്ചിട്ടും റിക്രൂട്ടര്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? അല്ലെങ്കില്‍ പിന്നീട് വിളിക്കാമെന്ന് പറഞ്ഞിട്ട് കമ്പനിയുടെ ഭാഗത്തുനിന്ന് അനക്കമില്ലാത്തത്? ഇത് പൂര്‍ണ്ണമായും നിങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രശ്‌നം കൊണ്ടായിരിക്കില്ല. ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് റിക്രൂട്ടര്‍ നിങ്ങളെ വിളിക്കാത്തതിന്റെ 10 കാരണങ്ങള്‍.

1. മല്‍സരത്തില്‍ പിന്തള്ളപ്പെടാം

നിരവധിപ്പേര്‍ അതേ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ കടുത്ത മല്‍സരം നടക്കുന്നു. നിങ്ങളെക്കാള്‍ കൂടുതല്‍ അനുഭവസമ്പത്തുള്ളവരെ, കുറഞ്ഞ വേതനം ആവശ്യപ്പെടുന്നവരെ ഒക്കെ ജോലിക്കെടുത്തെന്ന് വരാം. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് കഴിവില്ലെന്നല്ല. അതുകൊണ്ട് ആത്മവിശ്വാസം കൈവിടാതിരിക്കുക.

2. തീരുമാനമെടുക്കാന്‍ കഴിയാത്തത്

റിക്രൂട്ടര്‍ക്ക് വിവിധ കാരണങ്ങള്‍ കൊണ്ട് തീരുമാനമെടുക്കാന്‍ കഴിയാത്ത നിരവധി സാഹചര്യങ്ങളുണ്ടാകാം. ഈ സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥി കാത്തിരിക്കാതെ രക്ഷയില്ല.

3. നിങ്ങളുടെ അപേക്ഷ വിട്ടുപോയതാകാം

നല്ല രീതിയില്‍ ഓര്‍ഗനൈസ് ചെയ്യാത്ത ഇന്റര്‍വ്യൂ പ്രോസസ് ആയിരുന്നെങ്കില്‍ അനേകം അപേക്ഷകള്‍ക്കിടയില്‍ നിങ്ങളുടേത് വിട്ടുപോകാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്ന ജോലിയാണെങ്കില്‍ നിങ്ങളുടെ അപേക്ഷയുടെ സ്ഥിതി കമ്പനിയില്‍ വിളിച്ച് അപേക്ഷിക്കാം.

4. ആവശ്യത്തിന് യോഗ്യതയില്ല

നിങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസയോഗ്യതയുണ്ടെങ്കിലും പ്രസ്തുത തസ്തികയ്ക്ക് വേണ്ട യോഗ്യതയില്ലെങ്കില്‍ സ്വാഭാവികമായും നിരസിക്കപ്പെടാം.

5. അമിതമായ യോഗ്യതകള്‍

യോഗ്യതകള്‍ കുറവുപോലെ തന്നെ പ്രധാന പ്രശ്‌നമാണ് അമിതമായ യോഗ്യതകളും. പ്ലസ്ടു മാത്രം വിദ്യാഭ്യാസയോഗ്യത വേണ്ട ജോലിക്ക് ബിടെക് ഉള്ളവര്‍ അപേക്ഷിച്ചാല്‍ അപേക്ഷ നിരസിക്കപ്പെടാം. വിദ്യാഭ്യാസയോഗ്യത കൂടിയവരുടെ പ്രതീക്ഷകള്‍ അതുപോലെ കൂടുതലായിരിക്കും എന്ന കാര്യത്തില്‍ റിക്രൂട്ടര്‍ക്ക് ഭയമുണ്ടാകും.

6. വേണ്ട മേഖലയില്‍ അനുഭവസമ്പത്തില്ല

സോഫ്റ്റ് വെയര്‍ പ്രൊഫഷണലിനെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ജോബ് ഇന്റര്‍വ്യൂവിന് നിങ്ങള്‍ ചെല്ലുന്നു. അതൊരു ഇ-കൊമേഴ്‌സ് സ്ഥാപനമായതിനാല്‍ അതേ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കായിരിക്കും അവര്‍ മുന്‍ഗണന കൊടുക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് മറ്റു മേഖലകളിലാണ് അനുഭവസമ്പത്ത് ഉള്ളതെങ്കില്‍ ജോലി ലഭിക്കണമെന്നില്ല.

7. നിങ്ങളുടെ വാക്കുകള്‍

ഇന്റര്‍വ്യൂവില്‍ നിങ്ങള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ദോഷകരമായി വരാം. നിങ്ങളുടെ അമിത പ്രതീക്ഷകള്‍, മനോഭാവം തുടങ്ങിയവയൊക്കെ റിക്രൂട്ടര്‍ ശ്രദ്ധിക്കും.

8. സ്ഥാപനത്തിന്റെ മുന്‍ഗണനകള്‍ മാറാം

റിക്രൂട്ട്‌മെന്റ് പ്രോസസ് നടന്നുകൊണ്ടിരിക്കെ കമ്പനിയുടെ നയങ്ങള്‍ മാറാം. ഇപ്പോള്‍ ജോലിക്ക് ആളെ എടുക്കേണ്ടതില്ലെന്ന തീരുമാനങ്ങള്‍ വരാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും മേഖലയ്ക്ക് അവര്‍ പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് റിക്രൂട്ട്‌മെന്റ് വൈകാം.

9. അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ല

നിങ്ങളെ ഷോര്‍ട്‌ലിസ്റ്റ് ചെയ്തശേഷം ഇപ്പോള്‍ മിക്ക സ്ഥാപനങ്ങളും ബാക്ഗ്രൗണ്ട് എന്‍ക്വയറി നടത്താറുണ്ട്. നിങ്ങളുടെ നാട്ടില്‍, നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒക്കെ അന്വേഷിക്കാം. നെഗറ്റീവ് റിപ്പോര്‍ട്ട് ആണ് കിട്ടുന്നതെങ്കില്‍ അപേക്ഷ നിരസിക്കപ്പെടാം.

10. റിക്രൂട്ട്‌മെന്റ് നടന്നുകൊണ്ടിരിക്കുന്നു

ചില സ്ഥാപനങ്ങളില്‍ ഹയറിംഗ് പ്രോസസ് വളരെ നീണ്ടതാണ്. ചിലപ്പോള്‍ മാസങ്ങളായി അവര്‍ തങ്ങള്‍ക്ക് പറ്റുന്ന ഉദ്യോഗാര്‍ത്ഥിയെ തേടിക്കൊണ്ടിരിക്കുകയായിരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News