വനിതാ സംരംഭകരുടെ വിജയത്തിന് ഇതാ 50 മാര്‍ഗനിര്‍ദേശങ്ങള്‍; Part 01

Update: 2019-09-09 03:30 GMT

ബിസിനസില്‍ വിജയം കൊയ്ത വ്യത്യസ്ത മേഖലകളിലുള്ള വനിതകള്‍ പങ്കുവെച്ച ആശയങ്ങളും അവര്‍ നടത്തിയ ചുവടുവെപ്പുകളും വിശകലനം ചെയ്ത് ധനം തയാറാക്കിയ, വനിതാ സംരംഭകര്‍ക്കുള്ള 50 മാര്‍ഗനിര്‍ദേശങ്ങള്‍.

  1. ബിസിനസ് ഒരിക്കലും ഒരു ഹോബിയല്ല. സ്വന്തം ഹോബി ബിസിനസാക്കി വളര്‍ത്താനാകും നിങ്ങള്‍ ചിലപ്പോള്‍ സ്ഥാപനം ആരംഭിച്ചത്. പക്ഷെ അത് ഒരു സ്ഥാപനമാക്കി വികസിപ്പിക്കുന്നതോടെ കൂടുതല്‍ ഗൗരവം നിങ്ങള്‍ അതിന് നല്‍കേണ്ടിവരും.
  2. മറ്റുള്ളവരുടെ വിജയം കണ്ട് അതേ ബിസിനസ് തുടങ്ങരുത്. വ്യക്തമായ പ്രോജക്റ്റ് പഠനവും സാമ്പത്തിക വിശകലനവും വിപണി പഠനവും നടത്തിയശേഷമേ ബിസിനസിലേക്കിറങ്ങാവൂ.
  3. വനിതകള്‍ ഒരിക്കലും ബിസിനസിലായതുകൊണ്ട് പുരുഷന്മാരെപ്പോലെ ആകാന്‍ ശ്രമിക്കേണ്ടതില്ല. സ്ത്രീ ആയാലും പുരുഷനായാലും ഉള്ളിലെ കരുത്തിനെ ഫലപ്രദമായി വിനിയോഗിക്കുകയാണ് വേണ്ടത്. സ്ത്രീ ആയതുകൊണ്ട് നേട്ടവും കോട്ടവും ഉണ്ട്. കോട്ടം പരിഹരിക്കുകയല്ല നേട്ടത്തെ മുഴുവനായി വിനിയോഗിക്കുകയാണ് വേണ്ടത്.
  4. ബിസിനസ് നെറ്റ്വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ അംഗമായി അവരുടെ ചര്‍ച്ചകളിലും സെമിനാറുകളിലും സജീവമായി പങ്കെടുക്കുക.
  5. സമാനമേഖലയിലെ സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് ചര്‍ച്ചാവേദികള്‍ സംഘടിപ്പിക്കുക. വിഭവസമ്പത്ത്, വെല്ലുവിളികള്‍, ബിസിനസ് വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെല്ലാം കൂട്ടായിരുന്ന് ചര്‍ച്ച ചെയ്യുക.
  6. കുടുംബ സംരംഭങ്ങളില്‍ ചുമതലയേല്‍ക്കുമ്പോള്‍ ബഹുമാനവും ആദരവും പെട്ടെന്നൊരു ദിവസം ലഭിച്ചെന്നു വരില്ല. മാന്യമായ പെരുമാറ്റത്തിലൂടെ മാത്രമേ നിങ്ങള്‍ക്കത് നേടിയെടുക്കാന്‍ കഴിയൂ. ബലമായി പിടിച്ചു പറ്റാന്‍ കഴിയുന്നതല്ല അതെന്നും ഓര്‍ക്കുക.
  7. സ്വന്തം ഉല്‍പ്പന്നത്തെക്കുറിച്ചോ സേവനത്തേക്കുറിച്ചോ പുറത്തുള്ളവര്‍ മോശമായി സംസാരിക്കാന്‍ ഇടവരരുതെന്ന നിര്‍ബന്ധബുദ്ധി തന്നെ പുലര്‍ത്തുക.
  8. എളിയതലത്തിലായിരുന്നാലും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക. സമൂഹം നിങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഒരുപങ്ക് തിരിച്ച് സമൂഹത്തിന് നല്‍കുന്നതിലൂടെ സമൂഹമധ്യത്തിലുള്ള നിങ്ങളുടെ മാന്യത ഏറും.
  9. സ്ത്രീയെന്ന നിലയില്‍ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തിലുണ്ട്. സംരംഭക എന്ന നിലയില്‍ ബിസിനസിലും ഉത്തരവാദിത്തം ഏറിവരും. ഇവയെല്ലാം കൃത്യമായി നിറവേറ്റാന്‍ അടുക്കും ചിട്ടയോടെയുമുള്ള പ്രവര്‍ത്തനം നടത്തിയേ മതിയാകൂ.
  10. പിതാവിന്റെയോ ഭര്‍ത്താവിന്റെയോ പണം ഉപയോഗിച്ച് ബിസിനസ് തുടങ്ങാതിരിക്കുക. ഏത് വിധേനയും സംരംഭം വിജയിപ്പിക്കണമെന്ന വാശിയോടെ പ്രവര്‍ത്തിക്കാന്‍ സ്വന്തം നിലയില്‍ മൂലധനം കണ്ടെത്തുന്നതാണ് നല്ലത്.
  11. ഓരോ ദിവസത്തെയും ജോലികള്‍ കൃത്യമായി അതിന്റെ പ്രാധാന്യമനുസരിച്ച് എഴുതിയിടുക. ഇതില്‍ ഓരോ ജോലിയും ചെയ്യാന്‍ ആരെയാണ് നിയോഗിച്ചതെന്ന് വ്യക്തമായെഴുതുക. അതിന്റെ പുരോഗതിയും അന്നന്ന് വിലയിരുത്തുക. ഭാവിയില്‍ ഓരോ ജോലിയും ആര് എപ്പോള്‍ എങ്ങനെ ചെയ്തു എന്നെല്ലാം അറിയാനും വിലയിരുത്താനും ഇത് ഏറെ സഹായകമാകും.
  12. സമയമില്ലെന്ന കാരണത്താല്‍ പലപ്പോഴും ഒഴിവാക്കുക വ്യക്തിപരമായ അല്ലെങ്കില്‍ കുടുംബ പരമായ കാര്യങ്ങളാകാം. ഇത് ആവര്‍ത്തിക്കപ്പെടുന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സ്വന്തം ഭര്‍ത്താവിന്റെയും കുട്ടികളുടെയും താല്‍പ്പര്യങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുക. നിങ്ങളുടെ തിരക്കുകള്‍ അവരെ പറഞ്ഞ് മനസിലാക്കുക. കുടുംബ ജീവിതത്തെ ബലികഴിക്കാതെ ബിസിനസില്‍ മുന്നേറാന്‍ ഇത് ഉപകരിക്കും.
  13. എത്ര സമയം കുടുംബത്തോടൊപ്പം ചെലവഴിച്ചു എന്നതിലല്ല കാര്യം. എത്ര ഫലവത്തായി നിങ്ങള്‍ സമയം ചെലവഴിച്ചു എന്നതിലാണ് കാര്യം.
  14. ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സമീപനം ഗുണം ചെയ്തേക്കാം. എന്നാല്‍ വൈകാരികത അതിരു കവിഞ്ഞാല്‍ ബിസിനസില്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് പറ്റിയെന്ന് വരില്ല.
  15. ഒറ്റയ്ക്കിരിക്കാന്‍ കുറച്ചുസമയം കണ്ടെത്തുക. ഒഴിവുസമയങ്ങളില്‍ ബിസിനസുമായി ബന്ധമില്ലാത്ത ഹോബികളില്‍ ഏര്‍പ്പെടുക. മാനസിക പിരിമുറുക്കത്തെ ഒരു പരിധി വരെ അകറ്റി നിര്‍ത്താനാകും 16. തിരക്കിനിടയിലും നല്ല സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുക. മാനസിക പിന്‍ബലം തരാന്‍ മികച്ച സൗഹൃദങ്ങള്‍ക്ക് കഴിയും.
  16. എല്ലാം സ്വയം ചെയ്യണം എന്ന വാശി വെടിയുക. ജോലികള്‍ ഡെലിഗേറ്റ് ചെയ്യുക. നിങ്ങള്‍ ഒരു ദിവസം ഓഫീസില്‍ വന്നില്ലെങ്കിലും എല്ലാക്കാര്യങ്ങളും നടക്കും എന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കിയെടുക്കുക.
  17. പരാജയങ്ങളും തിരിച്ചടികളും ജീവിതത്തിലെ വലിയ പാഠപുസ്തകങ്ങളാണെന്ന് മനസിലാക്കുക. പരാജയങ്ങളുടെ കാരണങ്ങള്‍ വിലയിരുത്തി അവയില്‍ നിന്ന് പാഠം പഠിക്കുക
  18. സമൂഹത്തില്‍ നിന്നും ചിലപ്പോള്‍ കുടുംബത്തില്‍ നിന്നു തന്നെയും സ്ത്രീ സംരംഭകര്‍ക്ക് ഏറെ അപവാദങ്ങളും നിരുല്‍സാഹപ്പെടുത്തലുകളുമൊക്കെ നേരിടേണ്ടി വന്നേക്കാം. അവര്‍ പറയുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടെങ്കില്‍ തിരുത്തുക. ഇല്ലെങ്കില്‍ അവ വിട്ടുകളയുക. അപവാദങ്ങള്‍ നിങ്ങളെ തളര്‍ത്താന്‍ അനുവദിക്കാതിരിക്കുക.
  19. ആയിരം വാക്കുകളേക്കാള്‍ ശക്തമായിരിക്കും ചില സമയത്തെ മൗനം. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത ആരോപണങ്ങളും അപവാദങ്ങളും ഉയരുമ്പോള്‍ കലഹത്തിന് നില്‍ക്കാതെ മനസില്‍ ഉറപ്പിച്ച വഴിയിലൂടെ മുന്നേറുക.
  20. ലക്ഷ്യങ്ങള്‍ തീരുമാനിക്കപ്പെട്ടാല്‍ അതില്‍ ഉറച്ചുനില്‍ക്കുക. ആ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ നിങ്ങള്‍ എത്തുന്ന തലത്തെ കുറിച്ച് മനസില്‍ വ്യക്തമായ ചിത്രം വരച്ചാല്‍ നിങ്ങളുടെ സ്വപ്നങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ഒരിക്കല്‍ പോലും സാധിക്കില്ല.
  21. എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കുന്ന സ്ത്രീകളാണ് ബിസിനസില്‍ വിജയം കൊയ്യുന്നവരിലേറെയും. ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ എത്ര ത്യാഗം സഹിക്കേണ്ടി വന്നാലും പാതിവഴിയില്‍ ഉപേക്ഷിച്ച് പോരരുത്.
  22. നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘത്തെ കണ്ടെത്തി അവരുമായി നിങ്ങളുടെ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കുക. നിങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നവരില്‍ നിന്ന് അകലം പാലിക്കുക.
  23. നിങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങളുടെ ടീമംഗങ്ങളുടെ സ്വപ്നം കൂടിയാക്കി മാറ്റുക. അതിന് അവരോട് തുറന്നു സംസാരിക്കുക.
  24. കൊച്ചു കൊച്ചു ആവശ്യങ്ങള്‍ക്കു വേണ്ടി നിര്‍ബന്ധം പിടിക്കുന്നവരാകും ജീവനക്കാര്‍. അതെല്ലാം നടപ്പാക്കി കൊടുക്കാന്‍ കഴിഞ്ഞെന്നുവരില്ല. എങ്കിലും അവരുടെ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും വിലകല്‍പ്പിക്കുന്നുണ്ടെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുക.

രണ്ടാം ഭാഗം സെപ്റ്റംബര്‍ 11 ന് വായിക്കാം.

Similar News