വര്‍ക് ഫ്രം ഹോം: കാര്യക്ഷമത കൂട്ടാന്‍ 7 ലളിതമായ മാര്‍ഗങ്ങള്‍

Update: 2020-06-11 02:30 GMT

ലോക്ഡൗണ്‍ കഴിഞ്ഞെങ്കിലും പല സ്ഥാപനങ്ങളുടെയും തീരുമാനം വര്‍ക് ഫ്രം ഹോം ശൈലി തുടരാനാണ്. എന്നാല്‍ സ്ഥിരം ഓഫീസില്‍ പോയി ശീലിച്ചവര്‍ക്ക് ഓഫീസിലെ അതേ കാര്യക്ഷമതയോടെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടാം. ലളിതമായ മാര്‍ഗങ്ങളിലൂടെ ആ പ്രതിസന്ധിയെ മറികടക്കുകയും  ഉല്‍പ്പാദനക്ഷമത കൂട്ടുകയും ചെയ്യാം. 

1. സാധാരണ സമയത്തുതന്നെ ദിവസം തുടങ്ങുക

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ഓഫീസില്‍ പോയിരുന്ന ദിവസങ്ങളിലെ ദിനചര്യ തന്നെ പാലിക്കുക. നേരത്തെ ഉണര്‍ന്നിരുന്ന സമയത്തുതന്നെ ഉണരുക. അതേ സമയത്ത് കുളിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുക.

2. ഓഫീസിലെ സമയക്രമം പാലിക്കുക

പ്രഭാതകര്‍മ്മങ്ങള്‍ക്കുശേഷം ഓഫീസ് തുടങ്ങുന്ന സമയത്തുതന്നെ ജോലി ചെയ്തുതുടങ്ങുക. ചില സ്ഥാപനങ്ങളില്‍ നിശ്ചിതസമയത്ത് ജീവനക്കാര്‍ ലോഗിന്‍ ചെയ്യുകയും ലോഗൗട്ട് ചെയ്യുകയും വേണ്ടിവന്നേക്കാം. എന്നാല്‍ എല്ലാ മേഖലകളിലും അതുപോലെയായിരിക്കില്ല. ജോലി ദിവസത്തില്‍ എപ്പോഴെങ്കിലും തീര്‍ത്താല്‍ മതിയാകും. എന്നാല്‍ കഴിയുന്നിടത്തോളം ഓഫീസിലെ പ്രവര്‍ത്തനസമയം തന്നെ പിന്തുടരുക. വീട്ടിലെ സാഹചര്യം അതിന് അനുവദിക്കുന്നില്ലെങ്കില്‍ നിങ്ങളുടേതായ ഒരു സമയക്രമം ഉണ്ടാക്കി അത് കൃത്യമായി പാലിക്കുക. ജോലി തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട ജോലികളുടെ ഒരു ലിസ്റ്റുണ്ടാക്കി നേരത്തെ തന്നെ പ്ലാന്‍ ചെയ്യുക.

3. വര്‍ക്‌സ്‌പേസ് മികച്ചതാക്കുക

നമുക്ക് ഓഫീസില്‍ വര്‍ക്‌സ്റ്റേഷന്‍ ഉണ്ടല്ലോ. അതുപോലെ വീട്ടിലും ഒരെണ്ണം സജീകരിക്കുക. ചെറുതും എന്നാല്‍ കംഫര്‍ട്ടബിള്‍ ആയതുമായ ഒരു വര്‍ക്‌സ്റ്റേഷന്‍ മതി. ജോലിയുമായി ബന്ധപ്പെട്ട് ആവശ്യമുള്ളതെല്ലാം നന്നായി അടുക്കി അവിടെ സൂക്ഷിക്കാം. പെട്ടെന്ന് എന്തെങ്കിലും എഴുതിയെടുക്കേണ്ടി വന്നാല്‍ പേനയ്ക്ക് വേണ്ടി വീട് മുഴുവന്‍ ഓടിനടക്കേണ്ട ആവശ്യമുണ്ടാകരുത്. മേശയില്‍ ചെറിയ ചെടികള്‍ വെക്കാം. മണിപ്ലാന്റ്, ബാംബു ഇനത്തില്‍പ്പെട്ട ചെടികളൊക്കെ മേശപ്പുറത്ത് വെക്കാന്‍ അനുയോജ്യമാണ്. അവ നിങ്ങളുടെ മൂഡ് മികച്ചതാക്കുകയും ഉല്‍പ്പാദനക്ഷമത കൂട്ടുകയും ചെയ്യും.

4. വസ്ത്രം ഏതുവേണം?

വര്‍ക് ഫ്രം ഹോം ആയാലും ഫോര്‍മല്‍ വസ്ത്രം തന്നെ വേണമെന്നാണ് പറയുന്നത്. എന്നാല്‍ വീട്ടില്‍ ടൈ ഒക്കെ കെട്ടിയിരുന്ന് ജോലി ചെയ്യുന്നത് എങ്ങനെയാണെന്നാണോ ചിന്തിക്കുന്നത്? എങ്കില്‍ ഒരു ജീന്‍സും ടീഷര്‍ട്ടും ആയാലും മതി. വീട്ടിലിടുന്ന വസ്ത്രം ഒഴിവാക്കുക. കംഫര്‍ട്ടബിള്‍ ആയ വസ്ത്രം വേണമെന്നതൊക്കെ ശരി തന്നെ, പക്ഷെ അത് നമ്മെ അലസരാക്കാനുള്ള സാധ്യത കൂടുതലാണ്. ഓഫീസില്‍ പോകുന്നതുപോലെ വസ്ത്രം ധരിക്കുമ്പോള്‍ മനശാസ്ത്രപരമായി നാം ജോലി ചെയ്യാന്‍ തയാറെടുക്കുകയാണ്.

5. നീണ്ട ബ്രേക്കുകള്‍ എടുക്കാതിരിക്കുക

ജോലിക്കിടയില്‍ ചെറിയ ബ്രേക്കുകളാകാം. എന്നാല്‍ നീണ്ട ഇടവേളകള്‍ എടുക്കുന്നത് ജോലിയുടെ ഒഴുക്കിനെ ബാധിക്കും. അതൊരു ശീലമായി മാറുകയും ഉല്‍പ്പാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. ജോലിസമയവും പെഴ്‌സണല്‍ സമയവും തമ്മില്‍ വേര്‍തിരിവ് ഉണ്ടാകണം. ലഞ്ച് ബ്രേക്ക്, ടീ ബ്രേക്ക് എന്നിവ കുടുംബവുമായി ചെലവഴിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ കൃത്യമായ സമയപരിധി പാലിക്കുക.

6. സഹപ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തുക

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് സഹപ്രവര്‍ത്തകരുമായുള്ള ഇടപഴകല്‍ കൂടിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വെര്‍ച്വലായി അവരുമായി ബന്ധം നിലനിര്‍ത്തുക. ഔപചാരികമായ മീറ്റിംഗുകള്‍ക്ക് പുറമേ അനൗപചാരികമായ ആശയവിനിമയങ്ങളും ഉണ്ടാകണം. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉണ്ടാകാനിടയുള്ള സമ്മര്‍ദ്ദങ്ങളെ അത്തരത്തില്‍ നേരിടാനാകും.

7. കുട്ടികള്‍ക്കും ശ്രദ്ധ വേണം

സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ കുട്ടികളെല്ലാം വീടുകളില്‍ തന്നെയാണ്. അവരെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് ഓഫീസ് ജോലിയില്‍ മുഴുകുന്നത് ശരിയല്ല. അവര്‍ മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ശല്യപ്പെടുത്താനും വന്നേക്കാം. അതുകൊണ്ട് അവര്‍ക്ക് കളിക്കാനും പഠിക്കാനുമൊക്കെയുള്ള കാര്യങ്ങള്‍ നേരത്തെ ഒരുക്കിവെക്കണം. ജോലിക്കിടയിലെ ബ്രേക്കുകള്‍ക്കിടയില്‍ അവരുമായി സംസാരിക്കാന്‍ സമയം കണ്ടെത്താം. അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ കുട്ടികള്‍ക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News