നിങ്ങൾ കമ്പനി ഡയറക്ടർ ആണോ? എങ്കിൽ വൻ 'കെവൈസി' യജ്ഞത്തിന് തയ്യാറായിക്കോളൂ

Update: 2018-06-29 12:30 GMT

കോർപ്പറേറ്റ് മേഖലയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി എല്ലാ കമ്പനി ഡയറക്ടർമാർക്കും നിർബന്ധിത കെവൈസി ചട്ടം നിലവിൽ വരുന്നു.

കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നാണറിയുന്നത്.

ഡിഐആർ-3 (DIR-3) കെവൈസി എന്ന പുതിയ ഇ-ഫോം വഴി വിശദാംശങ്ങൾ എല്ലാവർഷവും മന്ത്രാലയത്തിന് കൈമാറണം. ഇതുപയോഗിച്ച് കോർപ്പറേറ്റ് രെജിസ്ടറി അപ്ഡേറ്റ് ചെയ്യും.

വിജ്ഞാപനം പുറത്തിറങ്ങിയാൽ, 2018 മാർച്ച് 31 നോ അതിന് മുൻപോ ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (DIN) ലഭിച്ചിട്ടുള്ളവരും ഡിൻ 'അപ്പ്രൂവ്ഡ്' സ്റ്റാറ്റസിലുള്ളവരുമായ എല്ലാ കമ്പനി ഡയറക്ടർമാരും ഈ ഫോം പൂരിപ്പിച്ച് സർക്കാരിന് സമർപ്പിക്കണം. 2018 ഓഗസ്റ്റ് 31 ആണ് അവസാന തീയതി.

ഓരോ ഡയറക്ടറും അവരവരുടെ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) ഉപയോഗിച്ചായിരിക്കണം ഫോം പൂരിപ്പിക്കേണ്ടത്. കമ്പനി സെക്രട്ടറിയോ അംഗീകൃത ചാർട്ടേർഡ് എക്കൗണ്ടന്റോ ഇത് സാക്ഷ്യപ്പെടുത്തുകയും വേണം. അയോഗ്യരാക്കപ്പെട്ട ഡയറക്ടർമാരും ഡിഐആർ-3 കെവൈസി സമർപ്പിക്കേണ്ടതുണ്ട്.

പറഞ്ഞ തീയതിയ്ക്ക് മുൻപ് കെവൈസി സമർപ്പിക്കാത്തവരുടെ ഡിൻ 'ഡിആക്ടിവേറ്റ്' ചെയ്യപ്പെടും. അതിന് ശേഷം, ഫോം സമർപ്പിക്കാനാഗ്രഹിക്കുന്നവർ ഒരു നിശ്ചിത ഫീസ് നൽകണം.

കടലാസ് കമ്പനികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

Similar News