ഇന്ന് നിങ്ങൾ അറിയേണ്ട 10 ബിസിനസ് വാർത്തകൾ 

Update: 2018-11-16 05:28 GMT

  1. കയറ്റുമതിയിൽ 18% വർധന

രാജ്യത്തെ കയറ്റുമതിയിൽ 17.86 ശതമാനം വർധന. ഒക്ടോബർ മാസത്തിൽ 26.98 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. മുൻ സാമ്പത്തിക വർഷം ഇതേ മാസത്തിൽ 22.89 ബില്യൺ ഡോളറായിരുന്നു കയറ്റുമതി.

2. ഊർജിത് പട്ടേൽ രാജിയിൽ നിന്ന് പിന്മാറിയേക്കും

ആർബിഐ ഗവർണർ ഊർജിത് പട്ടേൽ രാജിയിൽ നിന്ന് പിന്മാറിയേക്കുമെന്ന് സൂചന. സർക്കാരും ആർബിഐയും തമ്മിലുള്ള തർക്കവിഷയങ്ങളിൽ ധാരണയിലെത്താൻ ഇരുകൂട്ടരും നീക്കം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്.

3. ഇന്ത്യയുടെ റേറ്റിംഗ് ഉയർത്താതെ ഫിച്ച്

ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ബിബിബി നെഗറ്റീവ് എന്ന താഴ്ന്ന നിലയിൽ തന്നെ നിലനിർത്താൻ രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഫിച്ച് തീരുമാനിച്ചു. 12 വർഷമായി ഇന്ത്യയുടെ റേറ്റിംഗ് മെച്ചപ്പെടുത്താൻ ഏജൻസി തയ്യാറായിട്ടില്ല.

4. ഫോർബ്‌സ് ജീവകാരുണ്യ പട്ടികയിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമ്പത്ത് ചെലവിടുന്ന ഏഷ്യൻ വ്യവസായികളുടെ പട്ടികയിൽ വി-ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും. 40 പേർ അടങ്ങിയ പട്ടികയിൽ ചിറ്റിലപ്പിള്ളിയെക്കൂടാതെ ഏഴ് ഇന്ത്യൻ വ്യവസായികളും ഉണ്ട്.

5. സംസ്ഥാനത്ത് 'ഗോ സമൃദ്ധി പ്ലസ് 'പദ്ധതിക്ക് തുടക്കമായി

കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന 'ഗോ സമൃദ്ധി പ്ലസ് 'പദ്ധതിക്ക് തുടക്കമായി. സര്‍ക്കാര്‍ സബ്സിഡിയോടെ കുറഞ്ഞ പ്രീമിയം നിരക്കില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഒരു വർഷം, മൂന്ന് വർഷം എന്നീ കാലയളവുകളിലേക്ക് പദ്ധതി പ്രകാരം ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാണ്.

6. കൊച്ചിയിൽ നിന്ന് ഇൻഡിഗോയുടെ പുതിയ നാല് സർവീസ്

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോയുടെ നാല് പുതിയ വിമാന സർവീസുകൾ ആരംഭിച്ചു. മാലി, ഗുവാഹതി, ജയ്‌പൂർ, നാഗ്പുർ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസ്.

7. എയർ ഏഷ്യയുമായുള്ള ബന്ധം ടാറ്റ അവസാനിപ്പിച്ചേക്കും

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാനുള്ള ചർച്ചയ്ക്കിടെ, എയർ ഏഷ്യയുമായുള്ള പാർട്ണർഷിപ് ടാറ്റ അവസാനിപ്പിച്ചേക്കുമെന്ന് സൂചന. സിംഗപ്പൂരിലെ എസ്‌ഐഎയും ജെറ്റ് എയർവേയ്സും ആയുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ടാറ്റ സൺസിന്റെ തീരുമാനം.

8. ഓയോയ്ക്ക് ആദ്യ സിഇഒ, ഇൻഡിഗോ മുൻ പ്രസിഡന്റ് ആദിത്യ ഘോഷ്

ഓൺലൈൻ ഹോസ്പിറ്റാലിറ്റി സ്റ്റാർട്ടപ്പ് ആയ ഓയോ റൂംസ് ഇൻഡിഗോ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിനെ കമ്പനിയുടെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ഡിസംബർ ഒന്നുമുതൽ അദ്ദേഹം ഇന്ത്യ, ദക്ഷിണേഷ്യ ഓപ്പറേഷൻസിന്റെ ചുമതല വഹിക്കും.

9. ജബോങില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം

ഫ്ലിപ്കാർട്ടിന്റെ കീഴിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ ജബോങ് ഡോട്ട്‌കോമില്‍നിന്ന് പകുതിയോളം ജീവനക്കാരെ പിരിച്ചുവിടാൻ വാൾമാർട്ട്. ഫ്‌ളിപ്കാര്‍ട്ടിന്റെ തന്നെ ഫാഷന്‍ പോര്‍ട്ടലായ മിന്ത്ര 2016ലാണ് ജബോങിനെ ഏറ്റെടുത്തത്. പുനഃസംഘടനയോടെ ജബോങ്പൂർണ്ണമായി മിന്ത്രയിൽ ലയിക്കും.

10. ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി പദത്തെചൊല്ലി അനിശ്ചിതത്വം

ശ്രീലങ്കൻ പാർലമെന്റിൽ എംപിമാർ ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരിക്ക്. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഇതിനിടെ പ്രധാനമന്ത്രി ആരാണെന്നതിനെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ തുടരുകയാണ്.

Similar News