സ്വര്‍ണവില ഉയര്‍ന്നിട്ടും ഡിമാന്‍ഡ് കുറഞ്ഞില്ല; ആഭരണ ഡിമാന്‍ഡില്‍ 4 ശതമാനം വര്‍ധന
മാര്‍ച്ച് പാദത്തില്‍ മൊത്തം സ്വര്‍ണ ഡിമാന്‍ഡ് 8 ശതമാനം വര്‍ധിച്ച് 136.6 ടണ്ണായി
സ്വര്‍ണ വില കുതിച്ച് ഉയര്‍ന്നിട്ടും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ ഇന്ത്യക്കാര്‍ മടികാട്ടിയില്ലെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ മൊത്തം സ്വര്‍ണ ഡിമാന്‍ഡ് 8 ശതമാനം വര്‍ധിച്ച് 136.6 ടണ്ണായി. റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങുന്നത് വര്‍ധിപ്പിച്ചതും ഡിമാന്‍ഡ് ഉയരാന്‍ കാരണമായി.
സ്വര്‍ണ ഇറക്കുമതി ചെയ്ത് സ്വര്‍ണത്തിന്റെ മൂല്യം 20 ശതമാനം വര്‍ധിച്ച് 75,470 കോടി രൂപയായി. മാര്‍ച്ച് പാദത്തില്‍ സ്വര്‍ണ വില 11 ശതമാനം വര്‍ധിച്ചിരുന്നു. സ്വര്‍ണാഭരണ ഡിമാന്‍ഡ് 4 ശതമാനം വര്‍ധിച്ച് 95.5 ടണ്ണായി. സ്വര്‍ണ ബാറുകള്‍, നാണയങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ് 19.9 ശതമാനം കൂടി 41.1 ടണ്ണായി.
മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കൈവരിച്ച സാഹചര്യത്തിലാണ് സ്വര്‍ണ ഡിമാന്‍ഡ് ഇന്ത്യയില്‍ വര്‍ധിച്ചതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തി. ഗ്രാമീണ, നഗര പ്രദേശങ്ങള്‍ എന്ന വ്യത്യാസം ഇല്ലാതെ ഡിമാന്‍ഡ് വര്‍ധന ഉണ്ടായി. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാരണം മാര്‍ച്ച് മാസത്തില്‍ സ്വര്‍ണ ഡിമാന്‍ഡില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
2024 രണ്ടാം പാദത്തില്‍ സ്വര്‍ണ ഡിമാന്‍ഡ് കുറഞ്ഞതായി കൗണ്‍സില്‍ വിലയിരുത്തുന്നു. ഉയര്‍ന്ന വില കാരണം അക്ഷയതൃതീയ വേളയിലും സ്വര്‍ണ ആഭരണ കച്ചവടം വര്‍ധിക്കാന്‍ സാധ്യതയിലെന്ന് വ്യാപാരികള്‍ കരുതുന്നു.