ഈവനിംഗ് റൗണ്ട് അപ്പ്: ഇന്നറിയാൻ 10 വാർത്തകൾ-നവം. 27

Update: 2018-11-27 13:30 GMT

1. അപ്പോളോയുടെ കേരളത്തിലെ ആദ്യ ഹോസ്പിറ്റൽ കൊച്ചിയിൽ

ആരോഗ്യ സേവന രംഗത്തെ പ്രമുഖ ഗ്രൂപ്പായ അപ്പോളോയുടെ കേരളത്തിലെ ആദ്യ ആശുപത്രി കൊച്ചിയിൽ പ്രവർത്തനമാരംഭിക്കും. 250 ബെഡുള്ള ആശുപത്രി രാജ്യാന്തര വിമാനത്താവളത്തിനടുത്താണ് നിർമ്മാണം പുരോഗമിക്കുന്നത്. ആറ് മാസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കാനാകും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിലാണ് അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ പ്രതാപ് റെഡ്‌ഡി ഇക്കാര്യം പ്രഖ്യാപിച്ചത്.

2. പ്രകൃതിദുരന്ത സെസ്: ജിഎസ്ടി മന്ത്രിതല സമിതി അഭിപ്രായം തേടി

പ്രകൃതി ദുരന്തങ്ങൾക്ക് സെസ് ഏർപ്പാടാക്കണമെന്ന കേരളത്തിന്റെ നിർദേശത്തിനെക്കുറിച്ച് ഫിനാൻസ് കമ്മീഷനോട് അഭിപ്രായം തേടിയിരിക്കുകയാണ് ജിഎസ്ടി മന്ത്രിതല സമിതി. ദുരിതാശ്വാസത്തിന് ഫണ്ട് സ്വരൂപിക്കാനുള്ള ഒരു മാർഗമായാണ് ഈ നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

3. 20,000 രൂപ വരെയുള്ള പാർട്ടി ഫണ്ടിംഗ് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

പാർട്ടികൾക്ക് ലഭിക്കുന്ന 20,000 രൂപയ്ക്ക് താഴെയുളള ഫണ്ടിംഗ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും. ഇതിനായി കമ്മീഷൻ ആദായ വകുപ്പിനോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പണമായി സ്വീകരിക്കാവുന്ന സംഭാവനകളുടെ പരിധി 2,000 ആയി സർക്കാർ പുതുക്കി നിശ്ചയിച്ചിരുന്നു.

4. വാട്സാപ്പിന്റെ നീരജ് അരോറ രാജിവെച്ചു

നീരജ് അരോറ രാജിവെച്ചു. 11 വർഷം വാട്സാപ്പിന്റെ ബിസിനസ് മേധാവിയായിരുന്നു. വ്യാജ വാർത്തകൾ നിയന്ത്രിക്കാൻ കമ്പനിക്ക് മേൽ സർക്കാരിന്റെ സമ്മർദ്ദം ഏറിയ സമയത്താണ് നീരജിന്റെ രാജി.

5. ഹൈബ്രിഡ് കാറുകൾക്ക് സബ്‌സിഡി നൽകാനൊരുങ്ങി സർക്കാർ

നിലവിലെ നയത്തിന് വിപരീതമായി ഹൈബ്രിഡ് കാറുകൾക്ക് സബ്‌സിഡി നൽകാനൊരുങ്ങി സർക്കാർ. 13 കോടി രൂപ സബ്‌സിഡി നൽകാനായി മാറ്റിവെക്കാൻ എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയോട് ഹെവി ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്.

6. യെസ് ബാങ്കിന്റെ റേറ്റിംഗ് താഴ്ത്തി മൂഡീസ്

അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് യെസ് ബാങ്കിന്റെ റേറ്റിംഗ് താഴ്ത്തി. ബാങ്കിന്റെ വിദേശ നാണയ ഇഷ്യൂവർ റേറ്റിംഗ് ബിഎഎ3 യിൽ നിന്ന് ബിഎ1 ലേക്കാണ് താഴ്ത്തിയത്.

7. ഓയോ റിയൽ എസ്റ്റേറ്റ് ബിസിനസിന് പുതിയ മേധാവിയെ നിയമിച്ചു

തങ്ങളുടെ റിയൽ എസ്റ്റേറ്റ് ബിസിനസിന് പുതിയ മേധാവിയെ നിയമിച്ചിരിക്കുകയാണ് ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പ് ആയ ഓയോ. മാക്സ് ഹെൽത്ത്കെയറിലെ മുൻ സീനിയർ എക്സിക്യൂട്ടീവ് ആയിരുന്ന രോഹിത് കപൂറാണ് ഇനി കമ്പനിയുടെ റിയൽ എസ്റ്റേറ്റ് ബിസിനസ് നോക്കി നടത്തുക.

8. പാർലമെന്ററി സമിതിക്കു മുന്നിൽ ഊർജിത് പട്ടേൽ

31-അംഗ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുൻപിൽ ആർബിഐ ഗവർണർ ഊർജിത് പട്ടേൽ ഹജരായി. നോട്ട് അസാധുവാക്കൽ, ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി എന്നീ വിഷയങ്ങളെക്കുറിച്ച് കമ്മിറ്റി ഗവർണറോട് വിശദീകരണം ചോദിക്കും.

9. ഇന്ത്യൻ ഇക്വിറ്റികളുടെ റേറ്റിംഗ് ഉയർത്തി

ബ്രോക്കറേജ് കമ്പനിയായ എച്ച്എസ്ബിസി ഇന്ത്യൻ ഇക്വിറ്റികളുടെ റേറ്റിംഗ് 'ന്യൂട്രൽ' എന്ന നിലയിലേക്ക് ഉയർത്തി. 'അണ്ടർവെയ്റ്റ്' എന്ന നിലയിലായിരുന്നു ഇതുവരെ. വരുമാന വളർച്ച അടുത്ത വർഷവും തുടരുമെന്നാണ് അനുമാനത്തിനാണ് എച്ച്എസ്ബിസി.

10. സാർക് ഉച്ചകോടിക്ക് മോദിയെ ക്ഷണിക്കുമെന്ന് പാക്കിസ്ഥാൻ

പാക്കിസ്ഥാനിൽ വെച്ചു നടക്കുന്ന സാർക് ഉച്ചകോടിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ വക്താവ്. 2016 ലെ ഉച്ചകോടി പാകിസ്ഥാനിൽ നടത്തേണ്ടിയിരുന്ന സമ്മേളനം ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു.

Similar News