അദാനിക്ക് വിട്ടുകൊടുത്ത 266 ഏക്കര്‍ തിരിച്ചു പിടിച്ച് കര്‍ഷകര്‍; 13 വര്‍ഷം നീണ്ട നിയമയുദ്ധത്തില്‍ കന്നുകാലികള്‍ക്കും ജയം

ഗുജറാത്തിലെ മുന്ദ്ര തുറമുഖ പദ്ധതി പ്രദേശത്തു നിന്നുള്ള കഥയാണിത്

Update:2024-07-09 12:57 IST

Image : Adani Ports ,Gautam Adani and Karan Adani (adaniports.com)

അദാനി പോര്‍ട്ട്‌സിന് 2005ല്‍ കച്ച് മേഖലയില്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ 108 ഹെക്ടര്‍ (266 ഏക്കര്‍) തിരിച്ചു പിടിച്ച് കന്നുകാലികള്‍ക്ക് മേയാനായി ഗ്രാമീണര്‍ക്ക് വിട്ടുകൊടുക്കുന്നു. വ്യാവസായിക ആവശ്യത്തിന് വന്‍തോതില്‍ ഭൂമി ഏറ്റെടുത്തത് കാലികളെ മാത്രമല്ല, അവയെ ഉപജീവനത്തിന് ആശ്രയിക്കുന്ന തങ്ങളെയും ദോഷകരമായി ബാധിച്ചതു ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ നടത്തിയ 13 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവിലാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിന് നിര്‍ബന്ധിതമായത്.
മുന്ദ്ര തുറമുഖ പ്രത്യേക സാമ്പത്തിക മേഖല പദ്ധതിക്ക് വേണ്ടിയാണ് 2005ല്‍ അദാനി ഗ്രൂപ്പിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കച്ചില്‍ വന്‍തോതില്‍ ഭൂമി വിട്ടുകൊടുത്തത്. എന്നാല്‍ 2010ല്‍ അദാനി ഗ്രൂപ്പ് വേലി കെട്ടി തുടങ്ങിയപ്പോള്‍ മാത്രമാണ് നവിനാളിലെ ഗ്രാമീണര്‍ വിവരമറിഞ്ഞത്. അവര്‍ കാലി മേയ്ക്കാന്‍ ഉപയോഗിച്ചു വന്ന ഭൂമിയാണിത്. ജീവനോപാധി മുടക്കുന്ന വിധം ഭൂമി വിട്ടുകൊടുത്തതിനെതിരെ 2011ല്‍ ഗ്രാമീണര്‍ പൊതുതാല്‍പര്യ ഹരജിയുമായി കോടതിയെ സമീപിച്ചു.
അവിടത്തെ 732 കാലികള്‍ക്ക് തുടര്‍ന്നും മേയാന്‍ ചുരുങ്ങിയത് 130 ഹെക്ടര്‍ (320 ഏക്കര്‍) ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. പക്ഷേ, അദാനി ഗ്രൂപ്പിന് വിട്ടു കൊടുത്തു കഴിഞ്ഞപ്പോള്‍ അവശേഷിച്ചത് 17 ഹെക്ടര്‍ മാത്രം. കോടതി നിലപാടിനെ തുടര്‍ന്ന് 387 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും 85 ഹെക്ടര്‍ പഞ്ചായത്ത് ഭൂമിയും കാലി മേയ്ക്കാന്‍ വിട്ടുകൊടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചു. അങ്ങനെ 2014ല്‍ കേസ് തീര്‍പ്പാക്കി. പക്ഷേ 10 വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ലെന്നു മാത്രം.
എന്നാല്‍ ഈ ഉത്തരവില്‍ പാകപ്പിഴയുണ്ടെന്ന വിശദീകരണത്തോടെ പുനഃപരിശോധനക്ക് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് കേസില്‍ പുതിയ വഴിത്തിരിവായി. മതിയായ സ്ഥലം ഇല്ലാത്തതിനാല്‍ ഏഴു കിലോമീറ്റര്‍ അകലെ പകരം ഭൂമി കൊടുക്കാമെന്ന സര്‍ക്കാര്‍ വാദം കര്‍ഷകര്‍ അംഗീകരിച്ചില്ല. ഒടുവില്‍, അദാനിക്ക് വിട്ടുകൊടുത്തതില്‍ 108 ഹെക്ടര്‍ തിരിച്ചുപിടിക്കാനും 21 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൂടി അനുവദിക്കാനും (ആകെ 129 ഹെക്ടര്‍) കോടതി ഇടപെടലില്‍ തീരുമാനമായി.
 ഉത്തരവ് നടപ്പാക്കിയെന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ജസ്റ്റിസ് പ്രണവ് ത്രിവേദി എന്നിവരുടെ ബെഞ്ച് സംസ്ഥാന റവന്യൂ വകുപ്പിനും കച്ച് കളക്ടര്‍ക്കും അവസാന അവസരം നല്‍കിയതോടെ സര്‍ക്കാറിനു മറുവഴി ഇല്ലെന്നായി.
Tags:    

Similar News