കേരളത്തിലെ ആ 14 കോളജുകള്‍ ഇനിയില്ല, എന്താണ് സംഭവിച്ചത്?

വിദേശത്തേക്ക് വിദ്യാഭ്യാസം തേടിപ്പോകുന്നവരുടെ ഒഴുക്ക് വര്‍ധിച്ചതും ഡിഗ്രി കോഴ്‌സുകള്‍ക്ക് പഴയതുപോലെ ഡിമാന്‍ഡ് ഇല്ലാത്തതുമാണ് കോളജുകള്‍ക്ക് തിരിച്ചടിയായത്

Update:2024-07-01 12:29 IST
ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്‍നിരയിലുണ്ടായിരുന്ന കേരളത്തിലെ 14 കോളജുകള്‍ അടച്ചുപൂട്ടി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളാണ് ഈ അധ്യായന വര്‍ഷം പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതില്‍ പല കോളജുകളും ഒരു കാലത്ത് വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം ഉണ്ടായിരുന്നവയാണ്.
പ്ലസ്ടുവിന് ശേഷം വിദേശത്തേക്ക് വിദ്യാഭ്യാസം തേടിപ്പോകുന്നവരുടെ ഒഴുക്ക് വര്‍ധിച്ചതും ഡിഗ്രി കോഴ്‌സുകള്‍ക്ക് പഴയതുപോലെ ഡിമാന്‍ഡ് ഇല്ലാത്തതുമാണ് കോളജുകള്‍ക്ക് തിരിച്ചടിയായത്. ഒട്ടുമിക്ക കോളജുകളിലും ഡിഗ്രി കോഴ്‌സുകളിലേക്ക് കുട്ടികളെ കിട്ടാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.
കൊഴിഞ്ഞുപോക്കിന് കാരണം വിദേശ ഒഴുക്ക്
കൊവിഡിനു ശേഷം കുട്ടികളുടെ അഭിരുചിയില്‍ വലിയ മാറ്റം സംഭവിച്ചിരുന്നു. മുമ്പ് ഡിഗ്രിക്ക് ശേഷമായിരുന്നു വിദേശത്തേക്ക് പോയിരുന്നത്. പ്ലസ്ടു കഴിയുന്നതോടെ യൂറോപ്പിലേക്ക് പറക്കുന്നതാണ് പുതിയ ട്രെന്‍ഡ്. മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഡിഗ്രി കോഴ്‌സുകള്‍ക്ക് പഴയ പകിട്ട് നഷ്ടപ്പെട്ടതും ഇത്തരം കോളജുകള്‍ക്ക് തിരിച്ചടിയായി.
മുമ്പ് ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പലരും മറ്റ് കോഴ്‌സുകള്‍ക്ക് ചേര്‍ന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ എസ്.എസ്.എല്‍.സിയും പ്ലസ്ടുവും കഴിഞ്ഞ ശേഷം പ്രെഫഷണല്‍ കോഴ്‌സുകളിലേക്ക് തിരിയുന്നവര്‍ വര്‍ധിച്ചു.
ചെലവ് വര്‍ധിച്ചു, വരുമാനം കുറഞ്ഞു
ഈ അധ്യായന വര്‍ഷം പൂട്ടിയ 14 കോളജുകളില്‍ ഏറെയും ഇടുക്കി, കോട്ടയം ജില്ലകളിലാണ്. ഇടുക്കിയില്‍ ഗിരിജ്യോതി കോളജ് വാഴത്തോപ്പ്, ഗുരുനാരായണ കോളജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് തൊടുപുഴ എന്നീ കോളജുകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കോട്ടയത്ത് ഗുഡ് ഷെപ്പേര്‍ഡ് കോളജ്, ഷേര്‍മൗണ്ട് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എരുമേലി, ശ്രീനാരായണ കോളജ് പൂഞ്ഞാര്‍ എന്നിവയാണ് അടയ്ക്കാന്‍ തീരുമാനിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്നത് മധ്യകേരളത്തില്‍ നിന്നാണ്. ഈ പ്രതിഭാസമാണ് പല കോളജുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന പല കോളജുകളിലും പുതിയ അധ്യായന വര്‍ഷത്തില്‍ ആവശ്യത്തിന് വിദ്യാര്‍ത്ഥികളെ കിട്ടാത്ത അവസ്ഥയാണ്. വരും വര്‍ഷങ്ങളില്‍ പ്രതിസന്ധി കൂടുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
എന്‍ജിനിയറിംഗ് കോളജുകളിലും സീറ്റ് കാലി
2017-18 അക്കാഡമിക് വര്‍ഷം മുതല്‍ കേരളത്തില്‍ എന്‍ജിനിയറിംഗ് കോളജുകളില്‍ സീറ്റുകള്‍ കാലിയായി കിടക്കുകയാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് സീറ്റുകളില്‍ വിദ്യാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍. 2017-18 വര്‍ഷത്തില്‍ 28,028 സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. 2021-22ല്‍ 18,169 സീറ്റുകളിലും ആളെ കിട്ടിയില്ല. പുതുതലമുറ കോഴ്സുകളോടുള്ള വിദ്യാര്‍ത്ഥികളുടെ താത്പര്യം അവരെ പരമ്പരാഗത പഠനത്തില്‍ നിന്നും അകറ്റുന്നുണ്ട്.
Tags:    

Similar News