രാജ്യത്ത് കോവിഡ് കുതിക്കുന്നു: 24 മണിക്കൂറിനിടെ 3,498 മരണം

പ്രതിദിന കേസുകളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 3,86,452 പേര്‍ക്ക്

Update:2021-04-30 11:34 IST

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിതീവ്രമാകുന്നു. പ്രതിദിന കേസുകളുടെ എണ്ണവും കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും ദിനവും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,86,452 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറിനിടെ 3,498 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 1,87,62,976 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരണപ്പെട്ടവരുടെ എണ്ണം 2,08,330 ആയി.

2,97,540 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി. നിലവില്‍ മൂന്ന് ദശലക്ഷത്തിന് മുകളിലാണ് രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം. 31,70,228 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കേരളം, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് കൂടുതലായും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ 38,607 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് കണ്ടെത്തിയത്. 24.5 ശതമാനമാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 15,22,45,179 പേരാണ് ഇന്നലെ വരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത്. മെയ് ഒന്നുമുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തുടങ്ങുന്നതോടെ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം ഉയരും.

Tags:    

Similar News