പുരപ്പുറത്ത് കയറിയത് 3.56 ലക്ഷം സോളാര്‍ യൂണിറ്റുകള്‍, കേരളം മൂന്നാം സ്ഥാനത്ത്
ബദല്‍ ഊര്‍ജ്ജമേഖലകളില്‍ ജര്‍മ്മനി, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളുമായി സഹകരണം
കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയോടെ നടപ്പാക്കുന്ന പി.എം.സുര്യഘര്‍ പദ്ധതിയില്‍ ഇതുവരെ രാജ്യത്ത് സ്ഥാപിച്ചത് 3.56 ലക്ഷം സോളാര്‍ യൂണിറ്റുകള്‍. ഏറ്റവുമധികം സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചത് ഗുജറാത്തിലാണ്. രണ്ടാം സ്ഥാനം മഹാരാഷ്ട്രക്കും മൂന്നാം സ്ഥാനം കേരളത്തിനുമാണ്. പുനരുപയോഗ യോഗ്യമായ ഊര്‍ജ്ജ പദ്ധതികളിലെ നിക്ഷേപകര്‍ക്കുള്ള റീ ഇന്‍വെസ്റ്റ് എക്‌സ്‌പോയില്‍ സംസാരിക്കുന്നതിനിടെ കേന്ദ്ര ഊര്‍ജ്ജ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കിയത്. സോളാര്‍ ഉള്‍പ്പടെയുള്ള ബദല്‍ ഊര്‍ജ്ജ മാര്‍ഗങ്ങളുപയോഗിച്ചുള്ള ഒട്ടേറെ പദ്ധതികളെ കുറിച്ച് എക്‌സ്‌പോയില്‍ ചര്‍ച്ചകള്‍ നടന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനി, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളുമായി ഊര്‍ജ്ജോല്‍പാദന മേഖലയില്‍ ചര്‍ച്ചകള്‍ നടന്നു. വിവിധ രാജ്യങ്ങളില്‍ ഊര്‍ജ്ജ പദ്ധതികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് ഇന്ത്യയും ജര്‍മ്മനിയും ചേര്‍ന്നുള്ള സംരംഭത്തിന് ധാരണയായതായും മന്ത്രി വ്യക്തമാക്കി.
32.45 ലക്ഷം കോടിയുടെ പുതിയ പദ്ധതികള്‍
അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളിലായി 32.45 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ തുടങ്ങാന്‍ എക്‌സ്‌പോയില്‍ ധാരണയായി. 2030 നുള്ളില്‍ ഈ മേഖലയില്‍ 500 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള കമ്പനികളില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദനം 340 ജിഗാവാട്ട് ആയും സോളാര്‍ സെല്ലുകളുടെ ഉല്‍പാദനം 240 ജിഗാവാട്ട് ആയും വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെ ഉല്‍പാദനം 22 ജിഗാവാട്ട് ഉയര്‍ത്താനും കമ്പനികള്‍ സന്നദ്ധത അറിയിച്ചു. പ്രതിവര്‍ഷം 1500 മെഗാവാട്ട് ഇലക്ട്രോലൈസര്‍ ഉല്‍പാദനത്തിനായി 11 കമ്പനികളെ തെരഞ്ഞെടുത്തിട്ടുണ്ട്. കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം സംഘടിപ്പിച്ച എക്‌സ്‌പോയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 7,000 പേര്‍ പങ്കെടുത്തു. വിവിധ ഊര്‍ജ്ജ സ്രോതസുകളെ കുറിച്ച് വിദേശ കമ്പനി പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.