45office.com, സ്വന്തം വൈബ്‌സൈറ്റുമായി ട്രംപ്
ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ ട്രംപിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഒരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
സമൂഹമാധ്യമങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സ്വന്തം വെബ്‌സൈറ്റുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനുയായികളുമായുള്ള ബന്ധം തുടരുന്നതിനും ഔദ്യോഗികമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനുമാണ് 45office.com എന്ന പേരില്‍ ഡൊണാള്‍ഡ് ട്രംപ് വെബ്‌സൈറ്റ് ആരംഭിച്ചത്.
ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ ട്രംപിന് വിലക്കേര്‍പ്പെടുത്തിയതിന് ശേഷം അദ്ദേഹം സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഒരുക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഔദ്യോഗികമായി വെബ്‌സൈറ്റ് അവതരിപ്പിച്ചത്.
ഭാര്യ മെലാനിയ, സൈനിക അംഗങ്ങള്‍, ലോക നേതാക്കള്‍ എന്നിവരുടെ കൂടെയുള്ള ട്രംപിന്റെ വിവിധ ചിത്രങ്ങള്‍ വെബ്സൈറ്റിന്റെ ഹോം പേജില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
'ട്രംപ് അഡ്മിനിസ്‌ട്രേഷന്റെ ഗംഭീരമായ പാരമ്പര്യം സംരക്ഷിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഓഫീസ് പ്രതിജ്ഞാബദ്ധമാണ്' എന്ന സന്ദേശമാണ് വെബ്സൈറ്റിന്റെ ഹോം പേജിലുള്ളത്.
2020 ലെ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മേല്‍ ട്രംപ് കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2024 ല്‍ അദ്ദേഹം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് സൂചന.
ജനുവരി ആറിലെ കാപ്പിറ്റല്‍ ആക്രമണത്തിനിടെ പ്രകോപനമായ പരാമര്‍ശം നടത്തിയതിന് ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ ട്രംപിനെ വിലക്കിയിരുന്നു.