ഓലയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നോ? കമ്പനിയില്‍ പിരിച്ചുവിടല്‍; ഓഹരികള്‍ വന്‍ ഇടിവില്‍

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതും വിപണിയില്‍ ഓലയ്ക്ക് തിരിച്ചടിയായി

Update:2024-11-21 17:29 IST

Bhavish Aggarwal /Image Courtesy: Insta

ഭവിഷ് അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് ജീവനക്കാരെ പുനര്‍വിന്യസിക്കുന്നു. ഇതിന്റെ ഭാഗമായി 500ഓളം ജീവനക്കാരെ ഒഴിവാക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നാകും ഇത്രയും ജീവനക്കാരെ പിരിച്ചുവിടുക. ചെലവ് കുറച്ചും കാര്യക്ഷമത കൂട്ടിയും ലാഭത്തിലേക്ക് എത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുനര്‍വിന്യാസം.
മുമ്പ് 2022 സെപ്റ്റംബറിലും ജൂലൈയിലും കമ്പനി ജീവനക്കാരെ കുറച്ചിരുന്നു. 2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 4,000ത്തിലധികം ജീവനക്കാര്‍ ഓലയില്‍ ജോലി ചെയ്യുന്നുണ്ട്. ഓഗസ്റ്റ് ഒന്‍പതിനായിരുന്നു ഓല ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തത്.

വിപണിയിലും തിരിച്ചടി

ഓഗസ്റ്റില്‍ 76 രൂപയില്‍ ലിസ്റ്റ് ചെയ്ത ഓലയുടെ ഇപ്പോഴത്തെ ഓഹരിവില 67.24 രൂപയാണ്. ഇന്ന് (നവംബര്‍ 21) ഒരുഘട്ടത്തില്‍ സര്‍വകാല താഴ്ചയായ 66.85 രൂപയില്‍ എത്തിയശേഷം 67.24 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഓഗസ്റ്റ് 20ന് 157.53 രൂപ വരെ എത്തിയശേഷമായിരുന്നു ഓലയുടെ ഇറക്കം. അടുത്തിടെ ഉപയോക്താക്കളില്‍ നിന്ന് വലിയ പരാതി ഉയര്‍ന്നതും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതും വിപണിയില്‍ ഓലയ്ക്ക് തിരിച്ചടിയായി.
ഇതുവരെ ലാഭത്തിലെത്താന്‍ സാധിക്കാത്ത കമ്പനിയുടെ സെപ്റ്റംബര്‍ പാദത്തിലെ വരുമാനം 1,214 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 873 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ നഷ്ടം 495 കോടി രൂപയാണ്. മുന്‍വര്‍ഷം സെപ്റ്റംബറിലെ 524 കോടിയുമായി തട്ടിച്ചുനോക്കുമ്പോള്‍ നഷ്ടം കുറഞ്ഞത് ആശ്വാസകരമാണ്. കമ്പനിയുടെ വിപണിമൂല്യം 29,680 കോടി രൂപയാണ്.
Tags:    

Similar News