ഓട്ടം പഠിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി; ഡ്രൈവിംഗ് സ്‌കൂളുകള്‍ വിജയം; കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കും

എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍ വരും

Update:2024-11-21 21:05 IST

Image : onlineksrtcswift.com

കെ,എസ്.ആര്‍.ടി.സി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകള്‍ വിജയം കാണുന്നതോടെ വിവിധ ജില്ലകളിലായി കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നീക്കം. നിലവിലുള്ള അഞ്ച് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പുറമെ 15 ഡിപ്പോകള്‍ കൂടി കേന്ദ്രീകരിച്ചാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ വരുന്നത്. ഹെവി വാഹനങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകളുടെ എണ്ണം സ്വകാര്യ മേഖലയില്‍ കുറവാണെന്നതാണ് പലയിടങ്ങളിലും കെ.എസ്.ആര്‍.ടി.സി.ക്ക് അനുകൂല ഘടകമാകുന്നത്. നിലവില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചാലക്കുടി, എടപ്പാള്‍ എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ ഉള്ളത്. തിരുവനന്തപുരത്ത് ഹെവി, എല്‍.എം.വി വാഹനങ്ങള്‍ക്ക് പരിശീലനം. നല്‍കുന്നുണ്ട്. മറ്റിടങ്ങളില്‍ ഹെവി വാഹനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ പരിശീലനം. എല്‍.എം.വി ലൈസന്‍സിനുള്ള പരിശീലനവും ഇവിടങ്ങളില്‍ വൈകാതെ തുടങ്ങും. ഇതിനുള്ള വാഹനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. എല്ലാ പരിശീലന കേന്ദ്രങ്ങളിലും ഒരു ഇന്‍സ്ട്രക്ടറുടെ കീഴില്‍ 16 പേരെ വീതമാണ് പരിശീലിപ്പിക്കുന്നത്. ഹെവി വാഹനങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ സ്വന്തം ബസുകളാണ് ഉപയോഗിക്കുന്നത്. ലൈസന്‍സ് എടുക്കുന്നതിന് പുറമെ ലൈസന്‍സ് ഉള്ളവര്‍ക്ക് ബസ് ഓടിച്ച് കൈ തെളിയാനും സംവിധാനമുണ്ട്. കിലോ മീറ്റര്‍ അടിസ്ഥാനത്തിലാണ് ഫീസ് നിരക്കുകള്‍.

15 ഇടങ്ങളില്‍ പുതിയ പരിശീലന കേന്ദ്രങ്ങള്‍

വിവിധ ജില്ലകളിലായി പുതിയ 15 ഡ്രൈവിംഗ് സ്‌കൂളുകള്‍ കൂടി ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കാഞ്ഞങ്ങാട്, തലശ്ശേരി, മാനന്തവാടി, കോഴിക്കോട്, ചിറ്റൂര്‍, പൊന്നാനി, നിലമ്പൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, കുമളി, പാലാ, പന്തളം, മാവേലിക്കര, ചടയമംഗലം, പാറശാല എന്നിവിടങ്ങളിലാണിത്. പ്രാക്ടിക്കല്‍ ക്ലാസിന് പുറമെ വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെ കുറിച്ചുള്ള ക്ലാസുകളും നല്‍കും. എല്ലായിടത്തും കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഡിപ്പോകള്‍ക്ക് അടുത്ത് ട്രെയിനിംഗ് ഗ്രൗണ്ടുകള്‍ ഒരുക്കുന്നതിനുള്ള നടപടികളും മുന്നോട്ട് പോകുന്നുണ്ട്. ഇതിനായി എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നുണ്ട്. വനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വനിതാ ഇന്‍സ്ട്രക്ടര്‍മാരെയും നിയോഗിക്കും.

ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിച്ചത്. തിരുവനന്തപുരം ഡിപ്പോയില്‍ മാത്രം ആദ്യ ബാച്ചില്‍ 182 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് എടുത്തത്. എല്‍.എം.വി, ഹെവി ലൈന്‍സുകള്‍ക്കായി 3,500 രൂപ മുതല്‍ 11,000 രൂപ വരെയാണ് ഫീസ് നിരക്കുകള്‍.

Tags:    

Similar News