കൊച്ചി വാട്ടര്‍മെട്രോ: ഡിമാന്‍ഡ് കൂടുതല്‍; ബോട്ടുകള്‍ കുറവ്

പ്രതിമാസ വരുമാനം 50 ലക്ഷം, പുതിയ ബോട്ടുകള്‍ ഒക്ടോബറില്‍; മുഖംമിനുക്കാന്‍ വാട്ടര്‍മെട്രോ;

Update:2024-05-24 15:48 IST

Image courtesy:Kochi Water Metro

ജലഗതാഗത രംഗത്ത് രാജ്യത്തിനാകെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റാന്‍ വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചിരുന്നു. ചെറിയ നിരക്കില്‍ എ.സി ബോട്ടില്‍ സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ന്യൂജന്‍ സര്‍വീസിന്റെ പ്രത്യേകത.
ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും വാട്ടര്‍ മെട്രോയുടെ മുന്നിലുള്ള വെല്ലുവിളികള്‍ വലുതാണ്. നിലവില്‍ 50 ലക്ഷം രൂപയാണ് പ്രതിമാസ വരുമാനം. ലാഭത്തിലെത്താന്‍ പ്രതിമാസ വരുമാനം ഇനിയുമേറെ വര്‍ധിപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് നീട്ടുന്നതോടെ വരുമാനം കൂട്ടാമെന്നാണ് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ ബോട്ടുകള്‍ വേണം
നിലവില്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് ഹൈക്കോര്‍ട്ട്-ഫോര്‍ട്ടുകൊച്ചി റൂട്ടിലാണ്. വിനോദസഞ്ചാരികളുടെ ബാഹുല്യമാണ് ഈ റൂട്ടിനെ ഹിറ്റാക്കിയത്. എന്നാല്‍ ആവശ്യത്തിന് ബോട്ടുകളില്ലാത്തത് സര്‍വീസിനെ ബാധിക്കുന്നുണ്ട്. അവധി ദിവസങ്ങളില്‍ ദീര്‍ഘനേരം ക്യൂനിന്നാണ് യാത്രക്കാര്‍ ടിക്കറ്റെടുക്കുന്നത്.
സര്‍വീസുകള്‍ക്കിടയിലെ ഇടവേള ഇപ്പോള്‍ കൂടുതലാണ്. ഇതു കുറച്ചെങ്കില്‍ മാത്രമേ തിരക്ക് കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ ബോട്ടുകള്‍ ലഭിക്കാതെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് കെ.എം.ആര്‍.എല്‍ പറയുന്നത്. ഫോര്‍ട്ടുകൊച്ചിയിലേക്ക് മാത്രം എട്ട് ബോട്ടുകളെങ്കിലും വേണം.
കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ ആണ് വാട്ടര്‍ മെട്രോയ്ക്കുള്ള ബോട്ടുകള്‍ നിര്‍മിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നരവര്‍ഷമെങ്കിലും സമയമെടുക്കും. സെപ്റ്റംബര്‍-ഒക്ടോബറോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ബോട്ടുകള്‍ മെട്രോയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.
സ്ഥിരം യാത്രക്കാര്‍ ലക്ഷ്യം
പുതിയ റൂട്ടുകള്‍ സജീവമാകുന്നതോടെ സ്ഥിരം യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാമെന്നാണ് പ്രതീക്ഷ. എങ്കില്‍ മാത്രമേ വരുമാനത്തില്‍ സ്ഥിരത വരുത്താന്‍ സാധിക്കൂ. നിലവില്‍ വാട്ടര്‍ മെട്രോയിലെ യാത്രക്കാരിലേറെയും വിനോദസഞ്ചാരികളാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 19.72 ലക്ഷം പേരാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. 20 മുതല്‍ 40 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിവിധ യാത്രാ പാസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പാസുകള്‍ ഉപയോഗിച്ച് സ്ഥിരം യാത്രക്കാര്‍ക്കു 10 രൂപ നിരക്കില്‍ വരെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിക്കാം.
Tags:    

Similar News