ലോകത്തെ ഏറ്റവും വലിയ സമ്പന്നനാകാന്‍ ഫേസ്ബുക്ക് സ്ഥാപകന്‍, ഈ വര്‍ഷം ഉണ്ടായത് 51 ബില്യൺ ഡോളർ വർധന
ഈ വർഷം ആരംഭിച്ചപ്പോള്‍ സമ്പന്നരുടെ പട്ടികയില്‍ ഫേസ്ബുക്ക് ഉടമ ആറാം സ്ഥാനത്തായിരുന്നു
ലോക സമ്പന്നരുടെ പട്ടികയില്‍ ദ്രുതഗതിയില്‍ സ്ഥിരമായി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ നിരയിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാർക്ക് സക്കർബർഗ്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രഡ്സ്, വാട്ട്സ്ആപ്പ് തുടങ്ങിയ മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ സി.ഇ.ഒയായ സക്കർബർഗിന്റെ ആസ്തി ബ്ലൂംബെര്‍ഗിന്റെ ഏറ്റവും പുതിയ ബില്ല്യണേഴ്സ് പട്ടിക അനുസരിച്ച് 51 ബില്യൺ ഡോളർ വർധിച്ച് 179 ബില്യൺ ഡോളറിലെത്തിയിരിക്കുകയാണ്.
നിലവില്‍ സക്കർബർഗ് നാലാം സ്ഥാനത്ത്
ടെസ്‌ലയുടെ എലോൺ മസ്‌ക് (248 ബില്യൺ ഡോളർ), ആമസോണിന്റെ ജെഫ് ബെസോസ് (202 ബില്യൺ ഡോളർ), എൽ.വി.എം.എച്ചിന്റെ ബെർണാഡ് അർനോൾട്ട് (180 ബില്യൺ ഡോളർ മൂല്യം) എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്താണ് സക്കർബർഗ് ഇപ്പോഴുളളത്.
ഈ വർഷം ആരംഭിച്ചപ്പോള്‍ സമ്പന്നരുടെ പട്ടികയില്‍ ഫേസ്ബുക്ക് ഉടമ ആറാം സ്ഥാനത്തായിരുന്നു. സാങ്കേതികവിദ്യയില്‍ ശ്രദ്ധയൂന്നുന്ന കമ്പനികളുടെ വരുമാനം വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്നതിനാല്‍ സക്കർബർഗിന് സമ്പത്തിലുളള അന്തരം പെട്ടന്ന് കുറയ്ക്കാൻ സാധിക്കും.
യു.എസ് ഓഹരി വിപണിയിലെ മെഗാ-ക്യാപ് ടെക് ഓഹരികളാണ് മെറ്റാ, ടെസ്‌ല, ആമസോൺ എന്നിവ. അതേസമയം കമ്പനികള്‍ക്ക് മോശം വരുമാന റിപ്പോർട്ടോ ഏതെങ്കിലും തരത്തില്‍ ബിസിനസില്‍ വീഴ്ച സംഭവിക്കുകയോ ചെയ്താല്‍ സക്കർബർഗ് പട്ടികയില്‍ മുന്നിലെത്തും. ടെസ്‌ലയ്ക്കും ആമസോണിനും കുറച്ച് മോശം ദിവസങ്ങളും മെറ്റയ്ക്ക് കുറച്ച് മികച്ച ദിവസങ്ങളും ലഭിച്ചാല്‍ മസ്കിന്റെയോ ബെസോസിന്റെയോ സക്കര്‍ബര്‍ഗിന് ഒന്നാം സ്ഥാനം പിടിച്ചെടുക്കാൻ സാധിക്കും.
മസ്‌കും ബെസോസും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംഭാവനകൾ നൽകിയാലും സക്കർബർഗിന് മുന്നിലെത്താനാകും. ബെർക്ക്‌ഷയർ ഹാത്ത്‌വേ ഓഹരിയുടെ പകുതിയിലധികം സംഭാവന ചെയ്തതിനാലാണ് 300 ബില്യൺ ഡോളറിലധികം ആസ്തിയുള്ള വാറൻ ബഫറ്റ് ലോകത്തിലെ ഏറ്റവും വലിയ ധനികനല്ല എന്നതിന്റെ കാരണം.
ഈ വർഷം സക്കർബർഗിന്റെ സമ്പത്തില്‍ വന്‍ വര്‍ധന
മസ്‌കിനെയും ബെസോസിനെയും ബഹുദൂരം പിന്നിലാക്കിയുളള കുതിപ്പാണ് ഈ വർഷം സമ്പത്ത് ശേഖരണത്തിൽ മെറ്റാ മേധാവി സ്വന്തമാക്കിയിട്ടുളളത്. ഈ വർഷം സക്കർബർഗിന് 51 ബില്യൺ ഡോളർ നേട്ടം സ്വന്തമാക്കാനായപ്പോള്‍, മസ്‌കിനും ബെസോസിനും യഥാക്രമം 19 ബില്യൺ ഡോളറിന്റെയും 25 ബില്യൺ ഡോളറിന്റെയും വർധനയാണ് സമ്പത്തില്‍ നേടാനായത്.
40 കാരനായ സക്കർബർഗിന് 53 കാരനായ മസ്‌കിനെയും 60 കാരനായ ബെസോസിനേക്കാളും ബിസിനസില്‍ വളര്‍ച്ച നേടാന്‍ കൂടുതൽ സമയമാണ് ഉളളത്. വളരെ ചെറുപ്പമായിരുന്നിട്ടും ബിസിനസ് വമ്പന്‍മാരായ ബിൽ ഗേറ്റ്‌സ്, ബഫറ്റ്, ഗൂഗിൾ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവരേക്കാൾ കൂടുതല്‍ ആസ്തിയാണ് സക്കർബർഗിനുള്ളത്.
സക്കർബർഗ് 2004 ൽ 19ാം വയസിലാണ് ഫേസ്ബുക്ക് സ്ഥാപിക്കുന്നത്. 1.3 ട്രില്യൺ ഡോളർ വിപണി മൂലധനമുള്ള ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ കമ്പനിയാണ് മെറ്റ.