ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ചെയ്യേണ്ടത് ഇത്രമാത്രം
ആധാര്‍ എടുത്തിട്ട് 10 വര്‍ഷമെങ്കിലും ആയവര്‍ നിര്‍ബന്ധമായും പുതുക്കണമെന്നാണ് നിര്‍ദേശം
ആധാര്‍ കാര്‍ഡ് രേഖകള്‍ സൗജന്യമായി പുതുക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സെപ്റ്റംബര്‍ 14 വരെയാണ് ചാര്‍ജുകളൊന്നുമില്ലാതെ പുതുക്കാനായി അനുവദിച്ചിരിക്കുന്ന സമയം. ഉപയോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ സ്വന്തം ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ്. സൗജന്യ സേവനം എംആധാര്‍ പോര്‍ട്ടലില്‍ മാത്രമാണ് ലഭ്യം.
ആധാര്‍ എടുത്തിട്ട് 10 വര്‍ഷമെങ്കിലും ആയവര്‍ നിര്‍ബന്ധമായും പുതുക്കണമെന്നാണ് നിര്‍ദേശം. പേര്, ജനനതീയതി തുടങ്ങിയ വിശദാംശങ്ങള്‍ പോര്‍ട്ടല്‍ വഴി അപ്‌ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
അപ്‌ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ
യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://uidai.gov.in ല്‍ ലോഗിന്‍ ചെയ്യുക. ശേഷം ഹോംപേജിലെ മൈ ആധാര്‍ പോര്‍ട്ടലിലേക്ക് പോകുക. അവിടെ ആധാര്‍ നമ്പറും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും നല്‍കി ലഭിച്ച ഒ.ടി.പി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ഇതിനുശേഷം, നിങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുക, വിശദാംശങ്ങള്‍ ശരിയാണെങ്കില്‍ ശരിയായ ബോക്‌സില്‍ ടിക്ക് ചെയ്യുക. വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍, ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് ഐഡന്റിറ്റി ഡോക്യുമെന്റ് തിരഞ്ഞെടുത്ത് രേഖകള്‍ അപ്ലോഡ് ചെയ്യുക. രേഖകള്‍ ജെ.പി.ജി, പി.എന്‍.ജി, പി.ഡി.എഫ് ഫോര്‍മാറ്റുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും.
ആധാര്‍ കാര്‍ഡില്‍ മൊബൈല്‍ നമ്പര്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ എത്ര തവണ വേണമെങ്കിലും അപ്ഡേറ്റ് ചെയ്യാം. എന്നാല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യയുടെ ആധാര്‍ അപ്‌ഡേഷന് ചില പരിമിതികളുണ്ട്. ആധാര്‍ ഉപയോക്താക്കള്‍ക്ക് ആധറില്‍ പേരില്‍ രണ്ടുതവണ മാറ്റം വരുത്താന്‍ ആകും. മൂന്നാമത് മാറ്റമുണ്ടായാല്‍ യു.ഐ.ഡി.എ.ഐയുടെ റീജിയണല്‍ ബ്രാഞ്ചില്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതുണ്ട്. അസാധാരണമായ കേസുകളില്‍ മാത്രമേ അപ്‌ഡേഷന്‍ അനുവദിക്കൂ.