അദാനിയുടെ റിട്ടയര്‍മെന്റ് പ്ലാനില്‍ ട്വിസ്റ്റ്, തിരുത്തും വിശദീകരണവുമായി അദാനി ഗ്രൂപ്പ്
സമ്പത്തില്‍ ഏഷ്യയിലെ ഒന്നും ലോകത്ത് 11-ാം സ്ഥാനവുമാണ് അദാനിക്ക്
തന്റെ 70ാം വയസില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പടിയിറങ്ങുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗ്രൂപ്പിന്റെ നിയന്ത്രണം പൂര്‍ണമായും മക്കളെയും അനന്തരവന്മാരെയും ഏല്‍പ്പിക്കുമെന്നും ഇതിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും വാര്‍ത്തകളുണ്ടായിരുന്നു. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് അദാനി മനസ് തുറന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുയാണ് അദാനി ഗ്രൂപ്പ്. അവകാശികളെക്കുറിച്ചുള്ള ചെയര്‍മാന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കുടുംബ ട്രസ്റ്റിലെ എല്ലാവരുടെയും താത്പര്യങ്ങള്‍ മാനിച്ചായിരിക്കും പദവികളുടെ വിഭജനമെന്നും വിശദീകരണത്തില്‍ പറയുന്നു.
''അനന്തരാവകാശികളെ തീരുമാനിക്കുന്ന കാര്യത്തില്‍ തന്റെ നിലപാടുകള്‍ അടുത്തിടെ ഗൗതം അദാനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രൂപ്പില്‍ നിന്നുള്ള പടിയിറക്കം എപ്പോഴുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അനന്തരാവകാശികളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിവിധ ബിസിനസ് ഗ്രൂപ്പുകളില്‍ മക്കള്‍ക്കും അനന്തരവന്മാര്‍ക്കുമുള്ള പങ്കാളിത്തമാണ് അദ്ദേഹം പ്രതിപാദിച്ചത്' - വിശദീകരണത്തില്‍ പറയുന്നു.
റിട്ടയര്‍മെന്റ് പ്ലാന്‍
62കാരനായ ഗൗതം അദാനി 2030കളുടെ തുടക്കത്തില്‍ ബിസിനസ് സാമ്രാജ്യം അവകാശികള്‍ക്ക് കൈമാറി പടിയിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്. മക്കളായ കരണ്‍ അദാനി, ജീത് അദാനി അനന്തരവന്മാരായ പ്രണവ് അദാനി, സാഗര്‍ അദാനി എന്നിവരാകും കമ്പനിയുടെ തുടര്‍ നടത്തിപ്പുകാരെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു. കൂടുതല്‍ വളരണമെന്ന ആഗ്രഹമുള്ളവരാണ് നാലുപേരും. ബിസിനസ് ഗ്രൂപ്പുകളുടെ രണ്ടാം തലമുറയില്‍ വിരളമായേ ഇത് കാണാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമ്പത്തില്‍ ഏഷ്യയിലെ ഒന്നാമന്‍
റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്നിലാക്കി കഴിഞ്ഞ ജൂണിലാണ് ഗൗതം അദാനി ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമതെത്തിയത്. ഭക്ഷ്യയെണ്ണ മുതല്‍ വിമാനത്താവളം വരെ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പിന്റെ ഓഹരികള്‍ ഇതിന് പിന്നാലെ വലിയ നേട്ടമുണ്ടാക്കിയിരുന്നു. 111 ബില്യന്‍ ഡോളറിന്റെ (ഏകദേശം 9,12,420 കോടി രൂപ) സ്വത്തുമായി ലോക സമ്പന്നരില്‍ 11ാം സ്ഥാനവും ഗൗതം അദാനിക്കാണ്.
വിശദീകരണം എന്തിന്?
അതേസമയം, ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത് ഓഹരി വിപണിയില്‍ കമ്പനിയുടെ പ്രകടനത്തെ സാരമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് വിശദീകരണവുമായി രംഗത്തെത്തിയതെന്നാണ് കരുതുന്നത്. അദാനി ഗ്രൂപ്പ് പോലുള്ള വലിയ ബിസിനസ് സംരംഭങ്ങളിലെ തലമുറ മാറ്റം എപ്പോഴും വിപണി സംശയത്തോടെയേ കാണൂ. നിക്ഷേപകരില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും കമ്പനിയുടെ വിപണി സാന്നിധ്യത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും. ഇതൊഴിവാക്കാനാണ് വിശദീകരണം. മാത്രവുമല്ല ഭാവി പദ്ധതികള്‍ സുതാര്യമായി നടപ്പിലാക്കുമെന്ന സൂചന കൂടിയാണ് അദാനി ഗ്രൂപ്പ് നല്‍കുന്നതെന്നും വിലയിരുത്തലുണ്ട്.