ആഴ്‌സലര്‍ മിത്തലിന്റെ സി.ഇ.ഒ സ്ഥാനത്തേക്ക് ആദിത്യ മിത്തലെത്തുന്നു

Update: 2021-02-11 12:23 GMT

ആദിത്യ മിത്തല്‍

ആഗോളസ്റ്റീല്‍ ഭീമന്മാരായ ആഴ്‌സലര്‍ മിത്തലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) സ്ഥാനത്തേക്ക് ആദിത്യ മിത്തലെത്തുന്നു. കമ്പനിയുടെ ചെയര്‍മാനും സി.ഇ.ഒയുമായ ലക്ഷ്മി എന്‍ മിത്തലിന്റെ മകനാണ് ആദിത്യ മിത്തല്‍. പിതാവിന്റെ പിന്‍ഗാമിയായി പുതിയ റോളിലാണ് ആദിത്യ മിത്തലെത്തുന്നത്.

ലക്ഷ്മി മിത്തല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാകുമെന്നും ആദിത്യ മിത്തല്‍ സി.ഇ.ഒ ആകുമെന്നും ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള സ്റ്റീല്‍ നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ലക്ഷ്മി മിത്തല്‍ ഡയറക്ടര്‍ ബോര്‍ഡിനെ നയിക്കുന്നത് തുടരുമെന്നും സിഇഒയും മാനേജ്മെന്റ് ടീമും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2003 ല്‍ കമ്പനിയില്‍ ചേര്‍ന്ന ജെനുവിനോ ക്രിസ്റ്റിനോയെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ആയും നിയമിച്ചു. 2016 മുതല്‍ ധനകാര്യ മേധാവി സ്ഥാനം വഹിച്ചു വരികയാണ് ജെനുവിനോ ക്രിസ്റ്റിനോ.
'ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയുടെ സിഇഒ ആകുകയെന്നത് ഒരു ബഹുമാനമാണ്. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് ഈ മാറ്റം വെല്ലുവിളികള്‍ മാത്രമല്ല ആഴ്‌സലര്‍ മിത്തലിന് നിരവധി അവസരങ്ങളും നല്‍കുന്നു' ആദിത്യ മിത്തല്‍ പറഞ്ഞു.
കമ്പനിയുടെ സിഇഒ ആകാനുള്ള സ്വാഭാവികവും ശരിയായതുമായ തിരഞ്ഞെടുപ്പാണ് ആദിത്യ മിത്തല്‍ എന്ന് ബോര്‍ഡ് ഏകകണ്ഠമായി സമ്മതിക്കുന്നുവെന്ന് ലക്ഷ്മി മിത്തല്‍ പറഞ്ഞു. ബിസിനസിനെക്കുറിച്ചുള്ള അഭൂതപൂര്‍വമായ അറിവും ലോകത്തെ പ്രമുഖ സ്റ്റീല്‍ കമ്പനിയായി തുടരുന്നതിന് കമ്പനി എങ്ങനെ രൂപാന്തരപ്പെടണം എന്നതിനെക്കുറിച്ചുള്ള തീവ്രമായ ബോധവും അദ്ദേഹത്തിനുണ്ടെന്നും ലക്ഷ്മി മിത്തല്‍ പറഞ്ഞു
1976 ലാണ് ലക്ഷ്മി മിത്തല്‍ ആഴ്‌സലര്‍ മിത്തല്‍ കമ്പനി സ്ഥാപിച്ചത്.


Tags:    

Similar News