പെട്രോള്‍ മോഡലുകളേക്കാള്‍ വില്‍ക്കുന്ന ഇവി! ഇന്ത്യയിലേക്ക് ഒരു വിദേശ വാഹന കമ്പനി കൂടി; ആദ്യ മോഡല്‍ ഉടന്‍, മത്സരം കടുക്കും

അടുത്തിടെ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റില്‍ വാഹനങ്ങളിറക്കിയതിന് പിന്നാലെയാണ് കമ്പനിയുടെ ഇന്ത്യന്‍ എന്‍ട്രി

Update:2024-11-14 16:44 IST

image credit : VinFast

ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാനൊരുങ്ങി വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് (VinFast). വിയറ്റ്‌നാമില്‍ മികച്ച വില്‍പ്പന നേടിയ ശേഷമാണ് കമ്പനി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയിലേക്ക് എത്തുന്നത്. കിടിലന്‍ മോഡലുകള്‍ ഇറക്കിയ കമ്പനി നിലവില്‍ വിയ്റ്റ്‌നാമില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്ന കമ്പനികളിലൊന്നാണ്. കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 11,000 ഇവികള്‍ വിറ്റ വിന്‍ഫാസ്റ്റ് ഇക്കൊല്ലത്തെ വില്‍പ്പന അരലക്ഷത്തിന് മുകളിലെത്തിക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടില്‍ പ്ലാന്റ്, പ്രതിവര്‍ഷം 1.5 ലക്ഷം വണ്ടികളിറക്കും

തമിഴ്‌നാട്ടില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ഇക്കൊല്ലം ജനുവരിയില്‍ കമ്പനി കരാറൊപ്പിട്ടിരുന്നു. പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പ്രതിവര്‍ഷം 1.5 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റായിരിക്കും ഇവിടെ സ്ഥാപിക്കുന്നത്. 4,000 കോടി രൂപയാണ് മുതല്‍ മുടക്ക്. ഇന്ത്യന്‍ വിപണിയില്‍ വാഹനങ്ങളിറക്കിയാല്‍ വില്‍ക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നതെന്നാണ് വാഹന വിദ്ഗധരുടെ വിലയിരുത്തല്‍. കൂടാതെ തെക്കനേഷ്യന്‍, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ വിപണിയിലേക്ക് കയറ്റുമതി ചെയ്യാന്‍ കൂടി ലക്ഷ്യമിട്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയില്‍ വിന്‍ഫാസ്റ്റിന്റെ വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്ക് വേണ്ടിയുള്ള വെബ്‌സൈറ്റും കമ്പനി തുടങ്ങിയിട്ടുണ്ട്.

ഇവികള്‍ക്ക് ഡബിള്‍ ചാര്‍ജ്

2019ല്‍ ആദ്യ മോഡലിറക്കി അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിയറ്റ്‌നാമിലെ ഒന്നാം നമ്പര്‍ ഇ.വി നിര്‍മാതാവെന്ന പേര് സമ്പാദിക്കാന്‍ വിന്‍ഫാസ്റ്റിന് കഴിഞ്ഞിരുന്നു. ഇവി വില്‍പ്പനയില്‍ ഒന്നാമതെത്തിയതിനൊപ്പം പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ കച്ചവടത്തെ മറികടക്കാനും വിന്‍ഫാസ്റ്റിന് കഴിഞ്ഞു. ഇതിന് പുറമെ യു.എസ് , യൂറോപ് അടക്കമുള്ള വിപണികളിലും വിന്‍ഫാസ്റ്റ് വാഹനങ്ങളുടെ സാന്നിധ്യമുണ്ട്. അടുത്തിടെ മിഡില്‍ ഈസ്റ്റ് വിപണിയിലും വിന്‍ഫാസ്റ്റ് പ്രവേശിച്ചിരുന്നു. ദുബായിലാണ് കമ്പനിയുടെ ആദ്യ ഷോറൂം. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലും അധികം വൈകാതെ ഷോറൂമുകള്‍ തുറക്കും.

ഇന്ത്യയിലേക്ക് ഏതൊക്കെ മോഡലുകള്‍

പ്രധാനമായും വി.എഫ് 3, വി.എഫ് 4, വി.എഫ് 5, വി.എഫ് 6, വി.എഫ് 7, വി.എഫ് 8, വി.എഫ് 9, വി.എഫ് ഇ34, വി.എഫ് വൈല്‍ഡ് എന്നീ മോഡലുകളാണ് കമ്പനി വിയറ്റ്‌നാമില്‍ വില്‍ക്കുന്നത്. ഇതില്‍ മൂന്നോളം മോഡലുകളാണ് യു.എസ് വിപണിയില്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ ഏതൊക്കെ മോഡലുകളാണ് നിര്‍മിക്കുകയെന്ന് വ്യക്തമല്ല. കോംപാക്ട് എസ്.യു.വി സെഗ്‌മെന്റിലെ വി.എഫ് 8, വി.എഫ് 7 എന്നീ മോഡലുകള്‍ക്കാണ് കൂടുതല്‍ സാധ്യത. 7 സീറ്റര്‍ ശ്രേണിയില്‍ വി.എഫ് 9, ചെറുകാറുകളുടെ കൂട്ടത്തില്‍ വി.എഫ് 3 എന്നിവയും ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
Tags:    

Similar News