സീപ്ലെയിനില്‍ കാര്യങ്ങള്‍ 'പ്ലെയിനല്ല'! കേരളത്തിന് ബാധ്യതയാകുമോ? സ്വകാര്യ പദ്ധതി നേതാക്കള്‍ ഹൈജാക്ക് ചെയ്‌തെന്നും ആക്ഷേപം
പദ്ധതിക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തു വന്നതും വനം വകുപ്പിന്റെ എതിര്‍പ്പും സര്‍ക്കാരിന് തലവേദനയാകുമെന്ന് ഉറപ്പാണ്
കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന സീപ്ലെയിന്‍ സര്‍വീസ് സംസ്ഥാന സര്‍ക്കാരിന് അധിക ബാധ്യതയാകുമെന്ന് ആക്ഷേപം. കുറഞ്ഞ ചെലവില്‍ ആകാശയാത്ര സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ടിക്കറ്റ് നിരക്ക് കുറയുമെന്നത് യാത്രക്കാര്‍ക്ക് ഗുണകരമാണ്. എന്നാല്‍ ടിക്കറ്റ് നിരക്ക് കുറയുമ്പോള്‍ വിമാനകമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം സംസ്ഥാനങ്ങള്‍ നികത്തണമെന്ന വ്യവസ്ഥയാണ് കേരളത്തിന് അധിക ബാധ്യതയാകുമോയെന്ന ആശങ്ക ശക്തമാക്കിയത്.
പദ്ധതിക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തു വന്നതും വനം വകുപ്പിന്റെ എതിര്‍പ്പും സര്‍ക്കാരിന് തലവേദനയാകുമെന്ന് ഉറപ്പാണ്. പരീക്ഷണ പറക്കല്‍ കൊട്ടിഘോഷിച്ച് നടത്തിയ ശേഷം സര്‍വീസ് ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനേക്കാള്‍ വലിയ നാണക്കേട് വേറെയില്ല. ഇക്കാര്യത്തില്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും സമവായത്തിലൂടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നുമാണ് ടൂറിസം വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന മറുപടി.
ഉഡാനിലെ കെണി
യാത്രാ സൗകര്യം കുറഞ്ഞ പ്രദേശങ്ങളെ ബന്ധിപ്പിക്കാനാണ് ഉഡാനിലെ റീജിയണല്‍ കണക്ടിവിറ്റി സ്‌കീം, സ്‌മോള്‍ എയര്‍ക്രാഫ്റ്റ് സര്‍വീസ് സ്‌കീം എന്നിവ നടപ്പിലാക്കിയത്. ഹെലിക്കോപ്റ്ററുകളും ചെറുവിമാനങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുമ്പോള്‍ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) വഴി നികത്തും. ഇത് സംസ്ഥാനത്തിന്റെ മാത്രം ചുമതലയാണ്. 80 ശതമാനം വി.ജി.എഫ് കേന്ദ്രം നല്‍കുന്ന രീതിയിലായിരുന്നു ഉഡാന്‍ ആവിഷ്‌ക്കരിച്ചതെങ്കിലും ഇപ്പോഴത്തെ പദ്ധതിയില്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ചുമതല. ഇതിന് പുറമെ സീപ്ലെയിന്‍ ഇറങ്ങുന്നതിനാവശ്യമായ വാട്ടര്‍ എയ്‌റോഡ്രോം അടക്കമുള്ള സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം. ഇതും സംസ്ഥാനത്തിന് അധിക ബാധ്യതയാണ്.
എതിര്‍പ്പും മറികടക്കണം
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണ് സീപ്ലെയിനെന്നും അന്ന് സമരം ചെയ്ത സി.പി.എം ഇപ്പോള്‍ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നുമാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പദ്ധതി മുടങ്ങാന്‍ കാരണമെന്നാണ് മന്ത്രി സജി ചെറിയാന്‍ അടക്കമുള്ള സി.പി.എം നേതാക്കളുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ പദ്ധതി വീണ്ടും മുടങ്ങുകയോ വൈകുകയോ ചെയ്താല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടായി ചിത്രീകരിച്ച് പ്രതിപക്ഷവും തിരിച്ചടിക്കും. അതുകൊണ്ട് എന്തുവിധേനയും പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി മത്സ്യത്തൊഴിലാളി സംഘടനകളുടെയും വനം വകുപ്പിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്ന വിയോജിപ്പ് മറികടക്കേണ്ടതുണ്ട്. വേണ്ട അനുമതികള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി അനുനയത്തിലെത്തുകയും വേണം. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതും സംസ്ഥാനത്തെ സംബന്ധിച്ച് വെല്ലുവിളിയാണ്.
സ്വകാര്യ പദ്ധതി സര്‍ക്കാര്‍ ഹൈജാക്ക് ചെയ്‌തോ?
അതിനിടെ കൊച്ചി കായലില്‍ നിന്നും മാട്ടുപെട്ടി ഡാമിലേക്ക് നടത്തിയത് പരീക്ഷണ പറക്കല്‍ അല്ലെന്നും കനേഡിയന്‍ കമ്പനിയുടെ ഡെമോ സര്‍വീസ് മാത്രമാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. നിക്ഷേപകരെയും ഓപ്പറേറ്റര്‍മാരെയും ആകര്‍ഷിക്കുന്നതിന് ഡി ഹാവിലാന്‍ഡ് എയര്‍ക്രാഫ്റ്റ് കമ്പനിയും സ്‌പൈസ് ജെറ്റും ചേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സെയില്‍സ് ഡെമോസ്‌ട്രേഷനാണ് കേരളത്തിലും നടന്നത്. ആന്ധ്രാപ്രദേശിലായിരുന്നു തുടക്കം. ഇന്ന് മേഘാലയയിലും സര്‍വീസ് നടത്തി. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലും സീപ്ലെയിന്‍ പരീക്ഷണ യാത്ര നടത്തും. എന്നാല്‍ പരീക്ഷണം നടന്ന എല്ലായിടത്തും ഭരണ നേട്ടമെന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെ അവതരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മേഘാലയയില്‍ കോണ്‍റാഡ് സാംഗ്മയും സമാനമായ രീതിയിലാണ് ജലവിമാനത്തെ വരവേറ്റത്.