സി.ഇ.ഒയുടെ ശമ്പളം 186 കോടി രൂപ, ജീവനക്കാര്‍ക്ക് വെറും 2.5 ലക്ഷം; സത്യാവസ്ഥ വെളിപ്പെടുത്തി കമ്പനി
സോഷ്യല്‍മീഡിയ തങ്ങളെ തെറ്റിദ്ധരിച്ചതാണെന്നാണ് കോഗ്നിസന്റിന്റെ വാദം
ഐ.ടി രംഗത്തെ മുന്‍നിര കമ്പനിയായ കോഗ്നിസന്റ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ശമ്പളത്തിന്റെ പേരിലായിരുന്നു. കമ്പനി സി.ഇ.ഒ രവി കുമാര്‍ കഴിഞ്ഞ വര്‍ഷം ശമ്പളമായി മാത്രം വാങ്ങിയത് 186 കോടി രൂപയായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സി.ഇ.ഒ എന്ന നേട്ടവും രവികുമാറിനാണ്.
മേധാവിയുടെ ശമ്പള വിവരം വന്നതിനു തൊട്ടുപിന്നാലെ പക്ഷേ കമ്പനിക്ക് തിരിച്ചടിയായി പുതുതായി ജോലിക്കെടുക്കുന്ന ജീവനക്കാരുടെ ശമ്പള വിവരവും പുറത്തു വന്നിരുന്നു. വെറും 2.5 ലക്ഷം വാര്‍ഷിക ശമ്പളം മാത്രം നല്‍കിയാണ് പുതിയ ജീവനക്കാരെ എടുക്കുന്നതെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായി. കമ്പനിക്കെതിരേ വലിയ പ്രതിഷേധവും പരിഹാസവും ഉയര്‍ന്നു.
കമ്പനിയുടെ വിശദീകരണം ഇങ്ങനെ
സോഷ്യല്‍മീഡിയ തങ്ങളെ തെറ്റിദ്ധരിച്ചതാണെന്നാണ് കോഗ്നിസന്റിന്റെ വാദം. വൈദഗ്ധ്യം വേണ്ടാത്ത എന്‍ജിനീയറിംഗ് ഇതര ബിരുദധാരികളിലെ പുതുമുഖങ്ങള്‍ക്കാണ് തങ്ങള്‍ 2.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്തതെന്നാണ് കമ്പനിയുടെ അവകാശവാദം. എന്‍ജിനീയറിംഗ് ബിരുദം വേണ്ടവര്‍ക്ക് 4 മുതല്‍ 12 ലക്ഷം വരെയാണ് ശമ്പളമായി നല്‍കുന്നത്. സോഷ്യല്‍മീഡിയയിലെ തെറ്റായ പ്രവണതകള്‍ക്ക് തങ്ങള്‍ ഇരയായി മാറിയെന്നാണ് കമ്പനി പറയുന്നത്.
എന്‍ജിനീയറിംഗ് പശ്ചാത്തലത്തില്‍ നിന്ന് അല്ലാതെയുള്ള തുടക്കക്കാര്‍ക്കായുള്ള റിക്രൂട്ട്‌മെന്റിലെ വിവരങ്ങളാണ് വലിയ രീതിയില്‍ തെറ്റിധരിക്കപ്പെട്ടതെന്നും കോഗ്‌നിസന്റ് അമേരിക്കാസ് പ്രസിഡന്റ് സൂര്യ ഗുമ്മാടി വെളിപ്പെടുത്തി. ബിരുദ വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനും മറ്റുമായി ആദ്യ വര്‍ഷങ്ങളില്‍ 2 മുതല്‍ 3 ലക്ഷം രൂപ വരെ ചെലവിടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഗ്നിസന്റ് ജീവനക്കാരുടെ ശമ്പളത്തിന്റെ 556 ഇരട്ടിയാണ് സി.ഇ.ഒ ആയ രവികുമാറിന്റെ വരുമാനം. ഇന്‍ഫോസിസ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് രവികുമാര്‍ കോഗ്നിസന്റില്‍ എത്തുന്നത്.