മരുന്നു കിട്ടിയതില്‍ നന്ദിയോടെ ട്രംപ് : 'മോദി വലിയ ആള്‍'

Update: 2020-04-08 10:11 GMT

കൊറോണ വൈറസിനെ നേരിടാന്‍ അമേരിക്കയെ സഹായിക്കുന്നതിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

'ഞാന്‍ 29 ദശലക്ഷത്തിലധികം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഡോസുകളാണ്്് വാങ്ങിയത്. അതില്‍ നല്ലൊരു പങ്ക് ഇന്ത്യയില്‍ നിന്ന് വരുന്നു. മോദിയുമായി സംസാരിച്ചു. അത് റിലീസ് ചെയ്യുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം വലിയ മനുഷ്യനാണ്'-ട്രംപ് പറഞ്ഞു.

നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ പ്രതികാരം ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യ വിലക്ക് ഇളവ് ചെയ്തത്. ഈ മരുന്നിന്റെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ കൃത്യമായി നടന്നിട്ടില്ലെന്ന് നിരവധി വൈറോളജിസ്റ്റുകളും പകര്‍ച്ചവ്യാധി വിദഗ്ധരും പറഞ്ഞിട്ടും കോവിഡ് -19 നെതിരായ അത്ഭുത മരുന്നായാണ് ട്രംപ് ഹൈഡ്രോക്‌സിക്ലോറോക്വിനെ വിശേഷിപ്പിക്കുന്നത്.

കയറ്റുമതി നിരോധനം പിന്‍വലിക്കാന്‍ ശ്രീലങ്ക, നേപ്പാള്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനയും ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. നിരോധന ഉത്തരവ് അവലോകനം ചെയ്യുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് ആവശ്യത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉണ്ടെന്ന് ഉറപ്പാക്കാനാണ് കയറ്റുമതി നിരോധിച്ചതെന്നാണ് വിശദീകരണം.

ലോകത്തെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നില്‍ 70 ശതമാനവും ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ് (ഐപിഎ) സെക്രട്ടറി ജനറല്‍ സുദര്‍ശന്‍ ജെയിന്‍ പറഞ്ഞു.രാജ്യത്ത് പ്രതിമാസം 40 ടണ്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ (എച്ച്‌സിക്യു) ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇത് 200 മില്ലിഗ്രാം വീതമുള്ള 20 കോടി ഗുളികകള്‍ ആക്കാന്‍ കഴിയും. മലേറിയയ്ക്കു പുറമേ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ല്യൂപ്പസ് പോലുള്ള രോഗങ്ങള്‍ക്കും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News