പൂര്‍ത്തിയായത് 290 കിലോമീറ്റര്‍, 12 സ്‌റ്റേഷനുകള്‍; ബുള്ളറ്റ് ട്രെയിന്‍ പാത നിര്‍മാണം അതിവേഗത്തില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

7 കിലോമീറ്റര്‍ ദൂരം കടലിന് അടിയിലൂടെയാണ് പോകുന്നത്

Update:2024-04-24 14:35 IST

Image Courtesy: nhsrcl.in

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. 2026ഓടെ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആകെയുള്ള 508 കിലോമീറ്ററില്‍ 290 കിലോമീറ്റര്‍ ട്രാക്കിന്റെ പണിപൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
എട്ടു വലിയ പാലങ്ങളും 12 സ്‌റ്റേഷനുകളും ഇതുവരെ നിര്‍മിച്ചു. ലക്ഷ്യമിട്ടതിലും നേരത്തെ പണിപൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായി 21 കിലോമീറ്ററോളം പാത വരുന്നത് ടണലിലൂടെയാണ്. 7 കിലോമീറ്റര്‍ ദൂരം കടലിന് അടിയിലൂടെയാണ് പോകുന്നത്. ടണലില്‍ ട്രെയിനിന്റെ സ്പീഡ് 300 മുതല്‍ 320 കിലോമീറ്റര്‍ വേഗത്തിലായിരിക്കും.
നഷ്ടപ്പെട്ടത് രണ്ടുവര്‍ഷം
ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2017ല്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഡിസൈന്‍ പൂര്‍ത്തിയാക്കാനായി രണ്ടര വര്‍ഷത്തോളം നഷ്ടപ്പെട്ടിരുന്നു. ഇതിനൊപ്പം കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുകയും ചെയ്തതോടെ ഇടയ്ക്ക് ജോലികള്‍ മന്ദഗതിയിലായി. മഹാരാഷ്ട്രയില്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വൈകിയതും കാലതാമസത്തിന് കാരണമായതായി മന്ത്രി വൈഷ്ണവ് വ്യക്തമാക്കി.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

നിലവില്‍ ഇന്ത്യയിലോടുന്ന ട്രെയിനുകളെ അപേക്ഷിച്ച് അതിവേഗം തന്നെയാണ് ബുള്ളറ്റ് ട്രെയിനിന്റെ പ്രത്യേകത. ജാപ്പനീസ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബുള്ളറ്റ് ട്രെയിനുകള്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 54 സെക്കന്‍ഡാണ് എടുക്കുന്നതെങ്കില്‍ വരാന്‍ പോകുന്ന ട്രെയിനിലിത് 52 സെക്കന്‍ഡായിരിക്കും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ആകെ ചെലവ് 1.8 ലക്ഷം കോടിയായിരിക്കും.
ഭാവിയില്‍ കൂടുതല്‍ നഗരങ്ങളെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലൂടെ ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി-വാരണസി (813 കി.മീ), ഡല്‍ഹി-അഹമ്മദാബാദ് (878 കി.മീ), മുംബൈ-നാഗ്പൂര്‍ (765 കി.മീ), മുംബൈ-ഹൈദരാബാദ് (671 കി.മീ), ചെന്നൈ-ബംഗളൂരു-മൈസൂര്‍ (435 കി.മീ), ഡല്‍ഹി-ചണ്ഡീഗഢ്-അമൃത്സര്‍ (459 കി.മീ), വാരണസി-ഹൗറ (760 കി.മീ) എന്നിങ്ങനെ ഏഴ് ഇടനാഴികളാണ് പരിഗണനയിലുള്ളത്.
Tags:    

Similar News