ടേക്ക് ഓഫിന് മുമ്പ് എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ പുക; തിരുവനന്തപുരം വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച വിമാനക്കമ്പനി യാത്രക്കാര്‍ക്ക് പകരം വിമാനം ഏര്‍പ്പാടാക്കുമെന്നും അറിയിച്ചു
മസ്‌കത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ പുകയും ദുര്‍ഗന്ധവും കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍. യാത്രക്കാരെ പുറത്തിറക്കിയ ശേഷം വിമാനത്തില്‍ പരിശോധന തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച വിമാനക്കമ്പനി യാത്രക്കാര്‍ക്ക് പകരം വിമാനം ഏര്‍പ്പാടാക്കുമെന്നും അറിയിച്ചു.
രാവിലെ 08.35ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്‌സ് 549 എന്ന വിമാനത്തിനുള്ളിലാണ് പറന്നുയരുന്നതിന് മുമ്പ് പുകയും ദുര്‍ഗന്ധവും അനുഭവപ്പെട്ടത്. സാങ്കേതിക കാരണങ്ങളാല്‍ രാവിലെ 10.30ഓടെയാണ് വിമാനം യാത്രതിരിക്കാനിരുന്നത്. ഇതിനായി റണ്‍വേയില്‍ എത്തിയ ശേഷമാണ് സംഭവം യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും ശ്രദ്ധയില്‍ പെടുന്നത്. യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് വിമാനം ബേയിലേക്ക് തിരികെ എത്തിച്ചു. യാത്രക്കാരെ മുഴുവന്‍ എമര്‍ജന്‍സി വാതിലിലൂടെ ഇറക്കി പരിശോധന നടത്തി. വിമാനത്തിലുണ്ടായിരുന്ന 142 യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തിനുള്ളില്‍ തീപിടിച്ചതല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വിശദീകരിച്ചു.