വിമാന യാത്ര ഇനി പോക്കറ്റ് കൂടുതല്‍ ചോര്‍ത്തും; വിമാന ഇന്ധനവിലയില്‍ വന്‍ വര്‍ധന

വിമാന കമ്പനികള്‍ ഇതുവരെ ടിക്കറ്റ് നിരക്കില്‍ വര്‍ധന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിരക്ക് കൂടിയേക്കുമെന്നാണ് വിവരം

Update:2024-12-02 11:07 IST
വിമാനയാത്ര ഇനി കൂടുതല്‍ ചെലവേറിയതായേക്കും. എണ്ണക്കമ്പനികള്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന (എ.ടി.എഫ്)ത്തിന്റെ വില വര്‍ധിപ്പിച്ചതോടെയാണിത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 1,318 രൂപയാണ് കൂട്ടിയത്. വിമാന ടിക്കറ്റ് വില നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഇന്ധന വില.
വില വര്‍ധന നിലവില്‍ വന്നതോടെ ഡല്‍ഹിയില്‍ എടിഎഫ് ഒരു കിലോലിറ്ററിന് 91,856.84 രൂപയും ചെന്നൈയില്‍ 95,231.49 രൂപയുമാകും. പൊതുമേഖല എണ്ണക്കമ്പനികളായ ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങിയവര്‍ ഓരോ മാസവും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. ഒരുമാസം മുന്‍പ് എടിഎഫിന് 2,941 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിസംബറിലും വില ഉയര്‍ത്തിയത്.

വിമാനയാത്ര നിരക്ക് വര്‍ധിച്ചേക്കും

വിമാന കമ്പനികള്‍ ഇതുവരെ ടിക്കറ്റ് നിരക്കില്‍ വര്‍ധന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിരക്ക് കൂടിയേക്കുമെന്നാണ് വിവരം. എയര്‍ലൈന്‍ കമ്പനികള്‍ക്ക് കടുത്ത പ്രഹരമാണ് ഇന്ധനവിലയിലെ അടിക്കടിയുള്ള വര്‍ധന. ഇപ്പോള്‍ തന്നെ നഷ്ടത്തിലുള്ള വിമാനക്കമ്പനികള്‍ക്ക് ടിക്കറ്റ് നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. വിമാന നിരക്ക് വര്‍ധിപ്പിക്കുന്നത് ടൂറിസം അടക്കമുള്ള അനുബന്ധ ബിസിനസുകള്‍ക്കും തിരിച്ചടിയാകും.
Tags:    

Similar News