ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കേരളം നാളെ ₹1,500 കോടി കടമെടുക്കും! കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി?
ശേഷിക്കുന്ന നാല് മാസങ്ങളില്‍ കടമെടുപ്പില്‍ ബാക്കിയുള്ളത് 1,965 കോടി
ജീവനക്കാര്‍ക്കുള്ള ശമ്പളം, ക്ഷേമപെന്‍ഷന്‍, മറ്റ് ചെലവുകള്‍ എന്നിവക്കായി കേരളം 1,500 കോടി രൂപ കൂടി കടമെടുക്കുന്നു. 11 വര്‍ഷത്തെ തിരിച്ചടവ് പരിധിയുള്ള കടപ്പത്രങ്ങളുടെ വില്‍പ്പന ഡിസംബര്‍ മൂന്നിന് നടക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ആര്‍.ബി.ഐയുടെ കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ സംവിധാനം വഴിയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ ആകെ കടം 30,747 കോടി രൂപയായി വര്‍ധിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് കടമെടുപ്പെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
കടമെടുപ്പില്‍ ബാക്കിയുള്ളത് 1,965 കോടി!
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നത്. കിഫ്ബിയും പെന്‍ഷന്‍ ഫണ്ട് കമ്പനിയുമെടുത്ത വായ്പ സര്‍ക്കാരിന്റെ കടമെടുപ്പായി കണക്കാക്കി കുറച്ചതോടെ ഈ പരിധി 28,512 കോടിയായി കുറഞ്ഞു. ഇതില്‍ 21,253 കോടി രൂപ സെപ്റ്റംബര്‍ രണ്ടിന് തന്നെ കേരളം എടുത്ത് തീര്‍ത്തു. എന്നാല്‍ ഓണക്കാലത്തെ ശമ്പളം, പെന്‍ഷന്‍ പോലുള്ള ചെലവുകളടക്കം പ്രതിസന്ധിയിലാകുമെന്ന് വന്നതോടെ സംസ്ഥാനത്തിന് അര്‍ഹമായ വിഹിതത്തില്‍ നിന്നും കൂടുതല്‍ പണം കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പൊതുഅക്കൗണ്ടിലെ ശരിയായ കണക്കുകള്‍ വിലയിരുത്തി കൂടുതല്‍ വായ്പയ്ക്ക് അര്‍ഹതയുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ച് 4,200 കോടി കൂടി കേന്ദ്രം അനുവദിച്ചു. ഇതോടെ കടമെടുപ്പ് പരിധി 32,712 കോടിയായി. നവംബറില്‍ 2,249 കോടി രൂപ കൂടി കടമെടുത്തതോടെ മൊത്തകടം 30,747 കോടി രൂപയായി. ഇനി ബാക്കിയുള്ളത് 1,965 കോടി രൂപ മാത്രം.
നാല് മാസം കൂടി ബാക്കി
ശമ്പളം, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ ഏറ്റുപോയ ചെലവുകള്‍ക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായി 15,000 കോടി രൂപ പ്രതിമാസം കേരളത്തിന് വേണം. പ്രതിമാസ വരവ് ശരാശരി 12,000 കോടി രൂപയാണ്. 3,000 രൂപയുടെ വ്യത്യാസം കടമെടുപ്പിലൂടെയും ചെലവ് വെട്ടിക്കുറച്ചുമാണ് കേരളം കണ്ടെത്തുന്നത്. കടമെടുപ്പ് പരിധിയില്‍ രണ്ടായിരം കോടി മാത്രം ശേഷിക്കെ പ്രതിമാസം കടമെടുക്കാന്‍ കഴിയുന്നത് ശരാശരി 500 കോടി രൂപ മാത്രമാകും. സാധാരണ മാര്‍ച്ച് മാസങ്ങളില്‍ ചെലവ് വര്‍ധിക്കുമെന്നിരിക്കെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ എന്ന ആശങ്കയും ശക്തമാണ്. ഇതിനെ മറികടക്കാന്‍ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനും സാധ്യതയുണ്ട്.
13 സംസ്ഥാനങ്ങള്‍, 25,837 കോടി രൂപയെടുക്കും
അതേസമയം, കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങള്‍ ഡിസംബര്‍ മൂന്നിന് കടമെടുക്കുന്നത് 25,837 കോടി രൂപയാണ്. 4,237 കോടി രൂപ കടമെടുക്കുന്ന ആന്ധ്രാപ്രദേശാണ് പട്ടികയില്‍ മുന്നില്‍. അസം 900 കോടി, ബിഹാര്‍ 2,000 കോടി, ഗുജറാത്ത് 2,000 കോടി, ഹിമാചല്‍ പ്രദേശ് 500 കോടി, ജമ്മു കാശ്മീര്‍ 400 കോടി, കര്‍ണാടക 4,000 കോടി, പഞ്ചാബ് 2,500 കോടി, രാജസ്ഥാന്‍ 800 കോടി, തമിഴ്‌നാട് 2,000 കോടി, തെലങ്കാന 2,000 കോടി, ഉത്തര്‍പ്രദേശ് 3,000 കോടി രൂപ എന്നിങ്ങനെയാണ് കടമെടുപ്പ്.