ആമസോണും ക്വിക്ക് ഡെലിവറി രംഗത്തേക്ക്, പിന്നാലെയെത്തും റിലയന്‍സും? വിപണി പിടിക്കാന്‍ മല്‍സരം കടുക്കും
ക്വിക്ക് കൊമേഴ്‌സ് മേഖലയിലെ വലിയ സാധ്യതകളാണ് വന്‍കിട ബ്രാന്‍ഡുകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നത്
ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്മാര്‍ ഓരോന്നായി ഇന്ത്യന്‍ ക്വിക്ക് ഡെലിവറി മേഖലയിലേക്ക് കടന്നുവരുന്നതോടെ മല്‍സരം കടുക്കുന്നു. ബ്ലിങ്കിറ്റും സെപ്‌റ്റോയും ചുവടുറപ്പിച്ച രംഗത്തേക്ക് പുതുതായെത്തുന്നത് ആമസോണ്‍ ആണ്. തേസ് (TEZ) എന്ന പേരിലാകും ആഗോള വമ്പന്മാരുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ്. ക്വിക്ക് കൊമേഴ്‌സ് മേഖലയിലെ വലിയ സാധ്യതകളാണ് വന്‍കിട ബ്രാന്‍ഡുകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നത്.
അടുത്തിടെ ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി, ബിഗ്ബാസ്‌കറ്റ് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികള്‍ 10-15 മിനിറ്റില്‍ ഡെലിവറി പൂര്‍ത്തിയാക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതേ ചുവടുപിടിച്ചാണ് ആമസോണിന്റെയും വരവ്. ഈ രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ നീക്കങ്ങള്‍. ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ തിരഞ്ഞെടുത്ത നഗരങ്ങളില്‍ സര്‍വീസ് ആരംഭിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ 9-10 തീയതികളില്‍ ആമസോണ്‍ വാര്‍ഷിക പൊതുയോഗം നടക്കുകയാണ്. ഈ സമയത്ത് പുതിയ മേഖലയിലേക്കുള്ള രംഗപ്രവേശം പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. തേസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജീവനക്കാരെ വിന്യസിക്കല്‍, ഡാര്‍ക്ക് സ്റ്റോര്‍ നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്.
റിലയന്‍സും വരുന്നു?
ക്വിക്ക് കൊമേഴ്‌സ് രംഗത്തെ സാധ്യതകള്‍ മനസിലാക്കിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും പുതിയ പ്ലാറ്റ്‌ഫോമുമായി ഉടന്‍ രംഗത്തു വരുമെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ ക്വിക്ക് കൊമേഴ്‌സ് രംഗം കടുത്ത മല്‍സരം നേരിടും. ഫ്‌ളിപ്കാര്‍ട്ട് അടുത്തിടെ 'മിനിറ്റ്‌സ്' എന്ന പേരില്‍ സമാന സേവനം തുടങ്ങിയിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ന്യൂ ഫ്‌ളാഷ് കമ്പനികളും മത്സരരംഗത്ത് സജീവമാണ്.