ലുലു ഗ്രൂപ്പിനെ വീണ്ടും ആന്ധ്രയിലെത്തിക്കാന്‍ നായിഡു, രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ വിശാഖപട്ടണത്ത് ഉയരുമോ?

ആന്ധ്രാപ്രദേശില്‍ 10,000 തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയാണ് മുടങ്ങിയത്

Update:2024-07-18 11:13 IST

image credit :yusuffali.com , facebook.com/tdp.ncbn.official

മുന്‍മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിലപാടുകളില്‍ മടുത്ത് ആന്ധ്രാപ്രദേശ് വിട്ട ലുലു ഗ്രൂപ്പിനെ തിരികെയെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ലുലു ചെയര്‍മാന്‍ യൂസഫലിയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനുള്ള നീക്കങ്ങള്‍ നായിഡു ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
നേരത്തെ നായിഡു മുഖ്യമന്ത്രിയായിരുന്ന 2014-19 കാലത്ത് തുറമുഖ നഗരമായ വിശാഖപട്ടണത്ത് ആര്‍.കെ ബീച്ചിന് സമീപത്തായി ലുലു ഗ്രൂപ്പിന് ഷോപ്പിംഗ് മാള്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചിരുന്നു. 2,200 കോടി രൂപ ചെലവിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ സമുച്ചയം നിര്‍മിക്കാനായിരുന്നു ലുലു ഗ്രൂപ്പിന്റെ പദ്ധതി. 5000 പേര്‍ക്ക് നേരിട്ടും 5000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കുമായിരുന്ന പദ്ധതിക്ക് 2018ല്‍ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തറക്കല്ലിട്ടു.
ജഗന്‍ മുടക്കി
എന്നാല്‍ 2019ല്‍ അധികാരത്തിലേറിയ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് നേതാവ് ജഗമോഹന്‍ റെഡ്ഡി ലുലുവിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്. നായിഡു സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഏക്കറിന് 50 കോടി രൂപ വില മതിക്കുന്ന ഭൂമി ടി.ഡി.പി സര്‍ക്കാര്‍ 4 ലക്ഷം രൂപ നിരക്കില്‍ പതിച്ചുകൊടുത്തുവെന്നാണ് ജഗന്‍ ആരോപിച്ചത്.
തുടര്‍ന്ന് ആന്ധ്രയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. പിന്നാലെ പദ്ധതി ഉപേക്ഷിച്ച് ആന്ധ്ര വിട്ട ലുലു ഗ്രൂപ്പ് തെലങ്കാനയിലെ ഹൈദരാബാദില്‍ 300 കോടി രൂപ ചെലവിട്ട് ഷോപ്പിംഗ് മാളും തുറന്നു. 3,000 കോടി രൂപയുടെ അധിക നിക്ഷേപവും ഇവിടെ നടത്താന്‍ ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്.
ആന്ധ്രയിലുയരുമോ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍
കടല്‍ത്തീരത്തിന് സമീപത്തെ 18.3 ഏക്കര്‍ ഭൂമിയില്‍ 7,000 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍, ലോകോത്തര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ഷോപ്പിംഗ് മാള്‍, 220 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവയായിരുന്നു നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. 200 ബ്രാന്‍ഡുകളുടെ ഷോപ്പുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, 11 സ്‌ക്രീനുള്ള മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍, 2500 സീറ്റുകളുള്ള ഫുഡ് കോര്‍ട്ട്, 20 ഫുഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
36 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാകുമെന്ന് കരുതിയിരുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ സമുച്ചയങ്ങളിലൊന്നിന്റെ നിര്‍മാണം അധികം വൈകാതെ നിലച്ചു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ലുലു ഗ്രൂപ്പ്. നായിഡുവിന്റെ നീക്കങ്ങള്‍ ഫലം കണ്ടാല്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ആന്ധ്രയില്‍ ഉയരുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
Tags:    

Similar News