കോവിഡിനിടയിലും ആപ്പ്ള്‍ മേധാവിയുടെ ശമ്പളത്തില്‍ 28 ശതമാനം വര്‍ധന

ഏകദേശം 15 മില്യണ്‍ ഡോളറാണ് ആപ്പള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് കഴിഞ്ഞ വര്‍ഷം ശമ്പളയിനത്തില്‍ കൈപ്പറ്റിയത്

Update: 2021-01-06 11:01 GMT

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും ഏകദേശം 28 ശതമാനം ശമ്പള വര്‍ധന നേടി ആപ്പള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക്. ചൊവ്വാഴ്ച കമ്പനി പുറത്തിറക്കിയ പ്രോക്‌സി സ്‌റ്റേറ്റ്‌മെന്റ് പ്രകാരം 1,47,69259 ഡോളറാണ് ടിം കുക്ക് ശമ്പളമായി കൈപ്പറ്റിയത്. 2019 ല്‍ 1.15 കോടി ഡോളറായിരുന്നു ഇത്.

ആപ്പളിന്റെ ഏറ്റവും ഉയര്‍ന്ന തസ്തികയിലുള്ള അഞ്ചു പേര്‍ - ചീഫ് ഫിനാന്‍സ് ഓഫീസര്‍ ലൂക്ക മയേസ്ട്രി, ജനറല്‍ കൗണ്‍സല്‍ കെയ്റ്റ് ആദംസ്, റീറ്റെയ്ല്‍ ചീഫ് ദെയര്‍ദ്രെ ഒബ്രിയന്‍, ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ജെഫ് വില്യംസ്- എന്നിവര്‍ക്കെല്ലാം കൂടി ആപ്പ്ള്‍ ശമ്പളമായി നല്‍കിയത് 119.8 മില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം അധികമാണിത്.
ഈ വര്‍ഷം ആദ്യം ബ്ലൂംബര്‍ഗ് ടിം കുക്കിനെ ശതകോടീശ്വര്‌നമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ശമ്പളത്തിന് പുറമേ കൈവശമുള്ള ആപ്പള്‍ ഓഹരികളും അദ്ദേഹത്തിന്റെ ആസ്തി വര്‍ധിപ്പിച്ചു.
കോവിഡും തുടര്‍ന്നുള്ള ലോക്ക്ഡൗണിലും താല്‍ക്കാലികമായ തിരിച്ചടി നേരിട്ടെങ്കിലും മികച്ച വരുമാനം നേടാന്‍ ആപ്പ്‌ളിന് സാധിച്ചിരുന്നു.
ടിം കുക്കിന്റെ അടിസ്ഥാന ശമ്പളം 3 മില്യണ്‍ ഡോളറാണ് അതില്‍ വര്‍ധന ഉണ്ടായിട്ടില്ല. അതേസമയം 10.7 മില്യണ്‍ ഡോളര്‍ ഇന്‍സന്റീവായി നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഇതിനു പുറമേ സുരക്ഷാ ചെലവുകള്‍ക്കായി 4.7 ലക്ഷം ഡോളറും യാത്രാ ചെലവുകള്‍ക്കായി 4.3 ലക്ഷം ഡോളറും കമ്പനി ടിം കുക്കിനായി ചെലവിടുന്നുണ്ട്. 2017 മുതല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനത്തില്‍ മാത്രമാണ് ടി കുക്ക് യാത്ര ചെയ്യാറ്.


Tags:    

Similar News