ആപ്പിള്‍ സി.എഫ്.ഒ ആകാന്‍ കെവാന്‍ പരേഖ്, ഈ ഇന്ത്യന്‍ വംശജനെക്കുറിച്ച് കൂടുതല്‍ അറിയാം
ലൂക്കാ മേസ്ട്രിയുടെ സ്ഥാനത്തേക്കാണ് കെവാന്‍ പരേഖ് കടന്നു വരുന്നത്
ഇന്ത്യന്‍ വംശജനായ കെവാന്‍ പരേഖിനെ അടുത്ത വര്‍ഷം ജനുവരിയോടെ ആപ്പിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (CFO) ആയി നിയമിക്കും. ഇപ്പോള്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് വൈസ് പ്രസിഡന്റായ പരേഖ്, 2014 മുതല്‍ ആപ്പിളിന്റെ സി.എഫ്.ഒ ആയി തുടരുന്ന ലൂക്കാ മേസ്ട്രിയുടെ സ്ഥാനത്തേക്ക് വരികയും ആപ്പിള്‍ എക്സിക്യൂട്ടീവ് ടീമില്‍ അംഗമാവുകയും ചെയ്യും.
'ആപ്പിളിന്റെ ഫിനാന്‍സ് ലീഡര്‍ഷിപ്പ് ടീമില്‍ ഒരു പതിറ്റാണ്ടായി ഒഴിച്ചു കൂടാനാവാത്ത അംഗമാണ് കെവാന്‍. കമ്പനിയെ എല്ലാ തലങ്ങളിലും അദ്ദേഹം മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ വിവേകവും സാമ്പത്തിക വൈദഗ്ധ്യവും ആപ്പിളിന്റെ അടുത്ത സി.എഫ്.ഒ ആകാനുള്ള തിരഞ്ഞെടുപ്പിലേക്ക് നയിച്ചു' -ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു.
ആരാണ് കെവാന്‍ പരേഖ്?
പരേഖ് 2013 ജൂണിലാണ് തോംസണ്‍ റോയിട്ടേഴ്സില്‍ നിന്നും ആപ്പിളിലേക്ക് വരുന്നത്. മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് സയന്‍സ് ബിരുദവും ചിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടിയ ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ് കെവാന്‍ പരേഖ്. ആപ്പിളില്‍ ചേരുന്നതിന് മുമ്പ് തോംസണ്‍ റോയിട്ടേഴ്സിലും ജനറല്‍ മോട്ടോഴ്സിലും സേവനമനുഷ്ഠിച്ചതിലൂടെ ശക്തമായ ഒരു കരിയര്‍ കെട്ടിപ്പെടുത്തിരുന്നു.
റോയിട്ടേഴ്സിനൊപ്പം നാലു വര്‍ഷം പ്രവര്‍ത്തിക്കുകയും കോര്‍പ്പറേറ്റ് ട്രഷറര്‍ സ്ഥാനം വിടുകയും ചെയ്യുന്നതിന് മുമ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രധാന റോളുകള്‍ വഹിച്ചു. ജനറല്‍ മോട്ടോഴ്സില്‍, ന്യൂയോര്‍ക്ക് ഓഫീസിലെ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടറായിരുന്നു പരേഖ്. യൂറോപ്പിലെ സൂറിച്ചില്‍ റീജിയണല്‍ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കെവാന്‍ പരേഖ് 11 വര്‍ഷമായി ആപ്പിളിലുണ്ട്, നിലവില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് അനാലിസിസ്, ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്, മാര്‍ക്കറ്റ് റിസര്‍ച്ച് എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നു. ഇതിനു മുമ്പ്, വേള്‍ഡ് വൈഡ് സെയില്‍സ്, റീട്ടെയില്‍, മാര്‍ക്കറ്റിംഗ് ഫിനാന്‍സ് എന്നിവയിലും ആപ്പിളിന്റെ ഉല്‍പ്പന്ന മാര്‍ക്കറ്റിംഗ്, ഇന്റര്‍നെറ്റ് സെയില്‍സ് ആന്‍ഡ് സര്‍വീസസ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.