റഷ്യന്‍ പട്ടാളത്തിലെ ഇന്ത്യക്കാരുടെ മോചനം എപ്പോള്‍? ഉറപ്പു പറയാനാകാതെ കേന്ദ്രസര്‍ക്കാര്‍

മറ്റു തൊഴിലിന് കൊണ്ടുപോയവരെ തെറ്റിദ്ധരിപ്പിച്ച് സൈന്യത്തില്‍ ചേര്‍ത്തുവെന്ന് വിദേശകാര്യ മന്ത്രി പാര്‍ലമെന്റില്‍

Update:2024-08-09 17:40 IST
റഷ്യന്‍ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്ത 69 ഇന്ത്യക്കാരെ വിട്ടയക്കുന്നതിന് ഇന്ത്യ കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പാര്‍ലമെന്റില്‍. പല ഇന്ത്യക്കാരും തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ് റഷ്യന്‍ സേനയില്‍ ചേര്‍ന്നതെന്ന് സൂചനയുണ്ട്. റഷ്യന്‍ പട്ടാളത്തിലേക്ക് ഇന്ത്യന്‍ പൗരന്മാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം ബന്ധപ്പെട്ടവരുടെ മുന്നില്‍ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
91 ഇന്ത്യക്കാരെങ്കിലും റഷ്യന്‍ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ എട്ടുപേര്‍ മരിച്ചു. 14 പേരെ തിരിച്ചയച്ചു. 69 പേരാണ് ഇനി ബാക്കി. ഇവരുടെ കാര്യം റഷ്യന്‍ വിദേശകാര്യ മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ പട്ടാളത്തില്‍ സേവനമനുഷ്ഠിക്കാന്‍ ഈ ഇന്ത്യക്കാര്‍ കരാര്‍ ഒപ്പു വെച്ചിട്ടുണ്ടെന്നാണ് റഷ്യന്‍ അധികൃതര്‍ വിശദീകരിക്കുന്നത്. അത് അതേപടി സര്‍ക്കാര്‍ വിശ്വസിക്കുന്നില്ല. പലരുടെയും കാര്യത്തില്‍ തെറ്റിദ്ധരിച്ചു പോയ സാഹചര്യമുണ്ടെന്നാണ് കരുതേണ്ടത്. മറ്റു ചില പണിക്കാണ് കൊണ്ടുപോവുന്നതെന്നാണ് അവരോട് പറഞ്ഞത്. അതിനു ശേഷം പട്ടാളത്തിലേക്ക് നിയോഗിക്കുകയായിരുന്നു.
റഷ്യന്‍ പട്ടാളത്തിലുള്ള ഇന്ത്യക്കാരെ വിടുമെന്നും നാട്ടിലേക്ക് തിരിച്ചയക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ജയ്ശങ്കര്‍ പറഞ്ഞു.
Tags:    

Similar News