കര്‍ഷക ബഹിഷ്‌കരണവും ഏശുന്നില്ല, മൂന്നു ദിവസത്തിനിടെ 11 രൂപ കുറഞ്ഞ് റബര്‍; ഉത്പാദനവും താഴേക്ക്

കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം നേര്‍പകുതിയായതിനൊപ്പം വിലയും ഇടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്

Update:2024-11-18 15:21 IST
അനിയന്ത്രിതമായ റബര്‍ ഇറക്കുമതിക്കെതിരേ റബര്‍ കര്‍ഷകര്‍ ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തിയിട്ടും വില ഉയരുന്നില്ല. 200 രൂപയ്ക്ക് മുകളിലായിരുന്ന അന്താരാഷ്ട്ര വിലയും നിലംപൊത്തിയതോടെ ഇറക്കുമതി വീണ്ടും ശക്തി പ്രാപിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കേരള മാര്‍ക്കറ്റില്‍ കിലോയ്ക്ക് 174-177 രൂപയ്ക്കാണ് വ്യാപാരികള്‍ ചരക്കെടുക്കുന്നത്.

മൂന്നു ദിവസം 11 രൂപ ഇടിവ്

വെള്ളിയാഴ്ച വരെ രാജ്യാന്തര വില 203 രൂപയ്ക്ക് മുകളിലായിരുന്നു. എന്നാല്‍ മൂന്നു ദിവസംകൊണ്ട് 11 രൂപയ്ക്കടുത്താണ് വില ഇടിഞ്ഞത്. ചൈനയില്‍ നിന്നടക്കം ഡിമാന്‍ഡ് കുറഞ്ഞതാണ് പെട്ടെന്നുള്ള ഇടിവിന് കാരണം. കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം നേര്‍പകുതിയായതിനൊപ്പം വിലയും ഇടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. ചൂടു കൂടി നില്‍ക്കുന്നതാണ് ഉത്പാദനത്തിന് തിരിച്ചടിയായിരിക്കുന്നത്.
ഇത്തവണ മണ്‍സൂണ്‍ സമയത്ത് മികച്ച വില ലഭിച്ചതിനാല്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നേരത്തെ തുടങ്ങിയിരുന്നു. തന്മൂലം ഡിസംബര്‍ പകുതിയോടെ ഉത്പാദനം വളരെയധികം ഇടിയുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. ആവശ്യത്തിലധികം ചരക്ക് സ്റ്റോക്കുള്ള ടയര്‍ കമ്പനികള്‍ റബര്‍ഷീറ്റ് ശേഖരിക്കുന്നത് പരിമിതപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വില ഇടിയാനുള്ള പ്രധാന കാരണവും ഇതാണ്.

കോമ്പൗണ്ട് റബര്‍ ഇറക്കുമതി തടയണമെന്ന്

ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള കോമ്പൗണ്ട് റബര്‍ ഇറക്കുമതിക്കെതിരേ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ് റബര്‍ സംഘടനകള്‍. സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ളതിനാല്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം സംയുക്ത റബറിന് 5 മുതല്‍ 10 ശതമാനം തീരുവ മാത്രമാണ് ഈടാക്കാന്‍ സാധിക്കുക. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രകൃതിദത്ത റബറിന് 25 ശതമാനമോ 30 രൂപയോ ആണ് ഇറക്കുമതി തീരുവ. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് റബര്‍ ഇറക്കുമതി വ്യാപകമാക്കാന്‍ ടയര്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഇറക്കുമതിക്കെതിരേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കുമെന്ന് നാഷണല്‍ കണ്‍സോഷ്യം ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി (എന്‍.സി.ആര്‍.പി.എസ്) വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

Similar News