'നമ്പര്‍ കട്ടാകാന്‍ വെറും ഒറ്റ മണിക്കൂര്‍'; ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ സൂത്രം; പണമൂറ്റാന്‍ നമ്പര്‍ 9

നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ അകൗണ്ടിലെ പണം നഷ്ടപ്പെടാം

Update:2024-12-21 14:17 IST

Image : Canva

''നിങ്ങളുടെ ഫോണില്‍ നിന്ന് അസാധാരണമായ കോളുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ കട്ടാകുന്നതായിരിക്കും.'' ഔദ്യോഗിക സ്വഭാവത്തിലുള്ള ഈ വോയ്‌സ് മെസേജ് കേട്ട് അന്ധാളിച്ചു നില്‍ക്കുന്ന ഉപഭോക്താവിന് ഉടനെ അടുത്ത നിര്‍ദേശം ലഭിക്കും.'' കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 9 അമര്‍ത്തുക.'' സന്ദേശം കേട്ട് ഭയപ്പെട്ട് 9 ല്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ തട്ടിപ്പിലേക്കുള്ള വാതില്‍ തുറക്കുകയായിരിക്കും.

തട്ടിപ്പിന്റെ പുതിയ രൂപങ്ങള്‍

ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്ക് അനുദിനം പുതിയ രൂപങ്ങളാണ് ഉണ്ടാകുന്നത്. എസ്.എം.എസ്, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്കൊപ്പം വരുന്ന ലിങ്കുകളിലൂടെ ഉപഭോക്താവിനെ കുടുക്കുന്ന തട്ടിപ്പിന് പിന്നാലെയാണ് ഇപ്പോള്‍ 'നമ്പര്‍ കട്ടാകുന്ന' സന്ദേശം എത്തുന്നത്. അബദ്ധത്തില്‍ 9 അമര്‍ത്തുന്നവര്‍ക്ക് ഉടനെ ഒടിപി ലഭിക്കും. നമ്പര്‍ കട്ടാകുന്നത് ഒഴിവാക്കാന്‍ ഒടിപി ഷെയര്‍ ചെയ്യാനാകും അടുത്ത നിര്‍ദേശം. ഒടിപി നല്‍കുന്നതോടെ തട്ടിപ്പുകാര്‍ക്ക് ഫോണുമായി ബന്ധിപ്പിച്ച ബാങ്ക് അകൗണ്ടുകളിലേക്ക് പ്രവേശനം ലഭിക്കുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും. ഓണ്‍ലൈന്‍ ബാങ്കിംഗ്, യു.പി.ഐ തുടങ്ങിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധിപ്പിച്ച നമ്പരുകളിലേക്കാണ് ഇത്തരം വോയ്‌സ് മെസേജുകള്‍ കൂടുതലായും വരുന്നത്.

വ്യാജ മെസേജുകള്‍ കൂടുന്നു

ഇത്തരത്തിലുള്ള വ്യാജ മെസേജുകള്‍ കൂടി വരുന്നതായാണ് മൊബൈല്‍ സേവനദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ നമ്പരുകളില്‍ ലഭിക്കുന്ന പരാതികളും സൂചിപ്പിക്കുന്നത്. വോയ്‌സ് മെസേജ് മൊബൈല്‍ കമ്പനിയില്‍ നിന്നാണോ ബാങ്കില്‍ നിന്നാണോ എന്ന് സംശയിക്കുന്ന ഉപഭോക്താക്കളുണ്ട്. ചിലര്‍ ബാങ്കുകളില്‍ വിളിച്ചും ഇത്തരം തട്ടിപ്പുകളെ കുറിച്ച് ചോദിക്കുന്നുണ്ടെന്ന് ബാങ്കിംഗ് മേഖലയിലെ ജീവനക്കാര്‍ പറയുന്നു. മൊബൈല്‍ കമ്പനികളിലേക്ക് വിളിക്കുന്നവരോട് ഇത് സ്പാം കോള്‍ ആണെന്നും മെസേജ് വന്ന ഫോണ്‍ നമ്പര്‍ നല്‍കാനും അവര്‍ ആവശ്യപ്പെടാറുണ്ട്. സംശയായ്പദമായ നമ്പരുകളുടെ പട്ടികയില്‍ ഇത്തരം നമ്പരുകള്‍ കമ്പനികള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. വോയ്‌സ്‌കോള്‍, എസ്.എം.എസ്, വാട്‌സ് ആപ്പ് മെസേജ് എന്നിവയിലൂടെ വരുന്ന സംശയാസ്പദമായ സന്ദേശങ്ങള്‍ക്ക് പ്രതികരിക്കരുതെന്ന് സൈബര്‍ സുരക്ഷാ വിിഭാഗവും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 1930 എന്ന നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്‌ലൈന്‍ നമ്പരും ലഭ്യമാണ്. sancharsaathi.gov.in എന്ന വെബ് സൈറ്റ് വഴിയും പരാതിപ്പെടാം.

Tags:    

Similar News