ചായക്കട ഉടമയുടെ അക്കൗണ്ടിലേക്ക് എത്തിയത് 999 കോടി രൂപ, അക്കൗണ്ട് മരവിപ്പിച്ച് ബാങ്ക്, ആർ.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യം

അക്കൗണ്ടില്‍ ദൈനംദിന ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ല

Update:2024-10-11 12:41 IST

Image Courtesy: Canva

ബംഗളുരുവില്‍ ചെറിയൊരു കോഫി ഷോപ്പ് നടത്തുന്നയാളാണ് എസ്. പ്രഭാകർ. കഴിഞ്ഞ ദിവസം സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ ഭാര്യയുടെ പേരിലുളള സേവിംഗ്‌സ് അക്കൗണ്ട് പരിശോധിച്ചപ്പോൾ പ്രഭാകർ ഞെട്ടിപ്പോയി. ബാങ്കില്‍ നിന്ന് 999 കോടി രൂപ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയതു കണ്ടപ്പോള്‍ പ്രഭാകറിന് ആദ്യം അവിശ്വാസമാണ് തോന്നിയത്. തുടര്‍ന്ന് അക്കൗണ്ടിലെ പണം വീണ്ടും സ്ഥിരീകരിച്ചപ്പോള്‍ സ്വപ്ന സാക്ഷാത്കാരമായി അനുഭവപ്പെട്ടു.
എന്നാല്‍ താമസിയാതെ ഇക്കാര്യം അദ്ദേഹത്തിന് പേടിസ്വപ്നമായി മാറി. നടന്നത് പിഴവാണ് മനസിലാക്കിയ ബാങ്ക് 48 മണിക്കൂറിനുള്ളിൽ അക്കൗണ്ട് മരവിപ്പിച്ചു. തെറ്റായി ക്രെഡിറ്റ് ചെയ്ത പണം 
ബാങ്ക്
 പിൻവലിച്ചു. അക്കൗണ്ടില്‍ പ്രാഥമിക ഇടപാടുകൾ പോലും നടത്താൻ കഴിയാതെ പ്രഭാകർ വിഷമത്തിലാകുകയും ചെയ്തു. ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐ.ഐ.എം) സമീപമാണ് പ്രഭാകർ കോഫി ഷോപ്പ് നടത്തുന്നത്.

അക്കൗണ്ടില്‍ പണമിടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ല

ചെറിയ കോഫി ഷോപ്പ് നടത്തുന്ന പ്രഭാകർ, പ്രവർത്തനങ്ങൾ തുടരാൻ അക്കൗണ്ടിലെ ദൈനംദിന ഇടപാടുകളെയാണ് ആശ്രയിക്കുന്നത്. പക്ഷേ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാനാവുന്നില്ല. അക്കൗണ്ട് ആക്ടീവ് ആക്കണമെന്ന് താൻ ബാങ്കിനോട് ആവശ്യപ്പെട്ടതാണ്. പക്ഷെ ഉത്തരവാദിത്ത പൂര്‍ണമായ നടപടി അവരില്‍ നിന്ന് ഉണ്ടായില്ലെന്ന് പ്രഭാകർ പറഞ്ഞു.
ബാങ്ക് സന്ദർശിക്കുകയും ഒന്നിലധികം ഇമെയിലുകൾ അയയ്ക്കുകയും ചെയ്തിട്ടും പ്രഭാകറിന് തൃപ്തികരമായ പ്രതികരണം ലഭിച്ചില്ല. ഇത്തരമൊരു സുപ്രധാന പിശക് സംഭവിച്ചതില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി ഉടനെ പരിഹരിച്ചില്ലെങ്കിൽ വിഷയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആ.ർബി.ഐ) യെ അറിയിക്കണമെന്ന് മൈ വെല്‍ത്ത് ഗ്രോത്ത്.കോമിന്റെ സഹസ്ഥാപകൻ ഹർഷാദ് ചേതൻവാല പറഞ്ഞു.
അതേസമയം നിലവില്‍ പ്രഭാകറിന് അക്കൗണ്ട് ബാലൻസ് ദൃശ്യമാണ്. പക്ഷെ അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയുന്നില്ല. ബാങ്ക് ഉടനെ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രഭാകര്‍ പറഞ്ഞു.
Tags:    

Similar News