43 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റില്‍, ക്രൂഡ്ഓയിലില്‍ നിര്‍ണായക കരാറുകള്‍ക്ക് സാധ്യത

മലയാളികള്‍ ഉള്‍പ്പെടെ 10 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈറ്റില്‍ ഉണ്ടെന്നാണ് കണക്ക്

Update:2024-12-21 12:53 IST
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേക്ക് യാത്രതിരിച്ചു. കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി എത്തുന്നത്. 43 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റ് സന്ദര്‍ശിക്കുന്നത്.
1981ല്‍ ഇന്ദിര ഗാന്ധിയാണ് അവസാനമായി ഈ ഗള്‍ഫ് രാജ്യത്തെത്തുന്നത്. 2009ല്‍ നയതന്ത്ര സംഘത്തെ നയിച്ച് ഉപപ്രധാനമന്ത്രി ഹമീദ് അന്‍സാരി കുവൈറ്റിലെത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ദൃഡമാകാന്‍ മോദിയുടെ വരവ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുവൈറ്റിലെ വ്യവസായലോകം.

ഹലാ മോദി

മോദി പങ്കെടുക്കുന്ന ഹലാ മോദി എന്ന പരിപാടിയും സന്ദര്‍ശനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. 5,000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ പരിപാടി നടക്കുന്നത് ഷെയ്ഖ് സാദ് അല്‍ അബ്ദുള്ള സ്റ്റേഡിയത്തിലാണ്. കുവൈറ്റ് അമീര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെ 10 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈറ്റില്‍ ഉണ്ടെന്നാണ് കണക്ക്.

കുവൈറ്റില്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ലേബര്‍ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തുന്ന മോദി തൊഴിലാളികളോട് സംവദിക്കും. കുവൈറ്റ് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടുര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരവും അദ്ദേഹം വീക്ഷിക്കും. ഞായറാഴ്ച ബയാന്‍ കൊട്ടാരത്തില്‍ പ്രധാനമന്ത്രിക്ക് ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണറും നല്‍കും.

കുവൈറ്റ് എന്നും ഇന്ത്യയുടെ സുഹൃത്ത്

ദീര്‍ഘകാലമായി കുവൈറ്റ് ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമാണ്. മോദിയുടെ സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുടെ എണ്ണ ആവശ്യകത നിറവേറ്റാന്‍ കുവൈറ്റില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. ഇന്ത്യയിലേക്ക് ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. ഈ ഗള്‍ഫ് രാജ്യത്തേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യം 2 ബില്യണ്‍ ഡോളറിന് മുകളിലാണ്. കോവിഡ് മഹാമാരി സമയത്ത് ഇന്ത്യ കുവൈറ്റിലേക്ക് വിദഗ്ധര്‍ അടങ്ങിയ മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു.
Tags:    

Similar News