എ.ടി.എം ഒത്തിരി വേണ്ട, നയം മാറ്റുകയാണ് ബാങ്കുകള്‍; കാരണങ്ങള്‍ പലതാണ്
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ കറന്‍സികള്‍ക്ക് ഇപ്പോഴും പ്രധാന പങ്കുണ്ട്
ബാങ്കുകൾ എ.ടി.എമ്മുകളും ക്യാഷ് റീസൈക്ലറുകളും എണ്ണം കുറച്ചുകൊണ്ടു വരുന്നു. യു.പി.ഐ പോലുളള ഡിജിറ്റൽ പേയ്‌മെൻ്റുകളുടെ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ജനപ്രീതിയാണ് ഈ നീക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ഇന്ത്യയിലെ എ.ടി.എമ്മുകളുടെ എണ്ണം 2023 സെപ്റ്റംബറിൽ 2,19,000 ആയിരുന്നത് 2024 സെപ്റ്റംബറിൽ 2,15,000 ആയി കുറഞ്ഞതായി ആർ.ബി.ഐ കണക്കുകൾ വ്യക്തമാക്കുന്നു. ബാങ്കുകള്‍ ഓഫ്-സൈറ്റ് എടിഎമ്മുകള്‍ ഗണ്യമായി കുറച്ചതാണ് ഈ ഇടിവിന് കാരണം. 2022 സെപ്റ്റംബറിൽ ഓഫ്-സൈറ്റ് എടിഎമ്മുകള്‍ 97,072 ആയിരുന്നെങ്കില്‍ 2024 സെപ്റ്റംബറിൽ ഇത് 87,870 ആയി കുറഞ്ഞു.
എ.ടി.എം വിന്യാസത്തിലെ സമീപകാല പ്രവണതകൾ ഇന്ത്യയുടെ ബാങ്കിംഗ് മേഖലയിൽ ഉണ്ടായ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. ജനങ്ങള്‍ കൂടുതലായും ഡിജിറ്റല്‍ ഇടപാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കൂടാതെ നേരിട്ട് ആളുകള്‍ ആവശ്യങ്ങള്‍ക്ക് ബാങ്കുകളില്‍ എത്താനും തയാറാകുന്നു. ഇത് എ.ടി.എമ്മുകളുടെ ഉപയോഗം ഗണ്യമായ കുറയ്ക്കുന്ന പ്രവണതയ്ക്ക് കാരണമാകുന്നു.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ കറന്‍സികള്‍ക്ക് ഇപ്പോഴും ഒരു പ്രധാന പങ്കുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തിലെ 89 ശതമാനം ഇടപാടുകളും നോട്ടുകള്‍ ഉപയോഗിച്ചായിരുന്നു. സൗജന്യ എ.ടി.എം ഇടപാടുകൾ, മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകള്‍ ഉപയോഗിക്കുമ്പോഴുളള നിബന്ധനകള്‍, ഇൻ്റർചേഞ്ച് ഫീസ് എന്നിവ സംബന്ധിച്ച ആർ.ബി.ഐ നിയന്ത്രണങ്ങൾ എ.ടി.എം ഉപയോഗിക്കുന്നതില്‍ ജനങ്ങളെ കൂടുതൽ നിരുത്സാഹപ്പെടുത്തുന്നത് ആയിരുന്നു.
കസ്റ്റമേഴ്സിനെ നേരിട്ട് ബന്ധപ്പെട്ടും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും, ബാങ്കുകൾ തങ്ങളുടെ ഉപയോക്താക്കളുടെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാനുളള ശ്രമങ്ങളാണ് നടത്തുന്നത്. ഓരോ ബ്രാഞ്ചിനും രണ്ട് എ.ടി.എമ്മുകൾ എന്ന ആഗോള മാതൃക ഇന്ത്യയും താമസിയാതെ സ്വീകരിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധർ കരുതുന്നു. ബ്രാഞ്ചിന് ഒരു ഓൺ-സൈറ്റ് എ.ടി.എം, ഒരു ഓഫ്-സൈറ്റ് എ.ടി.എം എന്ന ക്രമത്തില്‍ ആയിരിക്കും ഉണ്ടാകുക.