പോത്തിറച്ചി വില കൈപൊള്ളിക്കുന്നു; കോഴിയിറച്ചിയും പിടിവിട്ട് മുകളിലേക്ക്

ഡിസംബറോടെ പോത്തിറച്ചിയുടെ വില 500ല്‍ എത്തിയേക്കുമെന്നാണ് കച്ചവടക്കാരുടെ അവകാശവാദം

Update:2024-05-29 11:51 IST

Image: Canva

മലയാളികളുടെ തീന്‍മേശകളില്‍ ആശങ്ക പരത്തി പോത്തിറച്ചിയുടെയും കോഴിയിറച്ചിയുടെയും വില കുതിച്ചുയരുന്നു. മലയാളിക്ക് ആവശ്യമായ പോത്ത് കൂടുതലും വരുന്നത് അതിര്‍ത്തി കടന്നാണ്. എന്നാല്‍, വിദേശവിപണിയില്‍ കൂടുതല്‍ നേട്ടം ലഭിക്കുമെന്നായതോടെ ഇതരസംസ്ഥാന വ്യാപാരികള്‍ കേരളത്തിലേക്കുള്ള വില്പന കുറച്ചിരിക്കുകയാണ്. ഇതിനൊപ്പം നാടന്‍ പോത്ത് കുറഞ്ഞതും വില ഉയരാന്‍ കാരണമായി. കേരളത്തില്‍ പലയിടത്തും വ്യത്യസ്ത നിരക്കാണെങ്കിലും കോട്ടയം അടക്കമുള്ള ജില്ലകളില്‍ 420 രൂപ വരെയായി പോത്തിറച്ചി വില.
പോത്ത് ലഭ്യത കുറഞ്ഞു
കൊവിഡ് കാലത്തും അതിനുശേഷവും നിരവധിപേര്‍ കേരളത്തില്‍ പോത്തുകൃഷിയിലേക്ക് കടന്നിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് വലിയ വരുമാനം നല്‍കുമെന്നതായിരുന്നു പോത്ത് കൃഷിയുടെ നേട്ടം. കൊവിഡ് പ്രതിസന്ധി മാറിയതോടെ പലരും പഴയ ജോലികളിലേക്ക് മടങ്ങി. ഇതോടെ നാടന്‍ പോത്തുകളുടെ ലഭ്യതയും കുറഞ്ഞു.
കേരളത്തിലേക്ക് കൂടുതല്‍ പോത്തുകളെ എത്തിച്ചിരുന്ന തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂടിയതാണ് അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറയാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വരുംമാസങ്ങളില്‍ പ്രതിസന്ധി വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്.
ആറുമാസത്തിനകം 500 രൂപയില്‍?
വ്യാപാരികളും ചെറുകിട കച്ചവടക്കാരും നല്‍കുന്ന സൂചനയനുസരിച്ച് ഡിസംബറോടെ പോത്തിറച്ചിയുടെ വില 500ലെത്തിയേക്കും. വരും മാസങ്ങളില്‍ ലഭ്യതക്കുറവ് കൂടുതലാകുമെന്നാണ് സൂചന. ഇപ്പോള്‍ തന്നെ പോത്തിറച്ചിയെന്ന രീതിയില്‍ കാളയിറച്ചി വ്യാപകമായി വില്പനയ്‌ക്കെത്തുന്നുവെന്ന പരാതിയുണ്ട്.
വന്‍കിട വ്യാപാരികള്‍ വിദേശത്തേക്കുള്ള കയറ്റുമതിക്ക് കൂടുതല്‍ താല്പര്യം കാണിക്കുന്ന പ്രവണത ഉടനെ അവസാനിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ലഭ്യത കൂടിയാലും വിലയില്‍ വലിയ കുറവ് അടുത്തെങ്ങും പ്രതീക്ഷിക്കേണ്ടതില്ല. നാടന്‍ പോത്ത് വിപണി അടുത്തെങ്ങും സജീവമാകില്ലെന്നതും പോത്തിറച്ചി പ്രേമികള്‍ക്ക് നിരാശ പകരുന്നതാണ്.
കോഴിയിറച്ചിക്കും വില കൂടി
പോത്തിറച്ചിക്ക് വിലകൂടുമ്പോള്‍ ചിക്കനിലേക്കും മീനിലേക്കും തിരിയുന്നതായിരുന്നു മലയാളികളുടെ പൊതുശീലം. എന്നാല്‍, കോഴിയിറച്ചിയുടെ വിലയും ഉയര്‍ന്നു നില്‍ക്കുകയാണ്. ഒരാഴ്ചയ്ക്കിടെ 40 രൂപയോളം കോഴിയിറച്ചിക്കു കൂടി. കടുത്ത ചൂടില്‍ പ്രാദേശിക ഫാമുകളിലെ കോഴിക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തിരുന്നു. 180 രൂപയ്ക്ക് മുകളിലാണ് പലയിടത്തും വില.
കേരളത്തില്‍ ചൂടുമാറി മഴ വന്നെങ്കിലും തമിഴ്‌നാട്ടില്‍ സമാനസ്ഥിതി തുടരുകയാണ്. അതുകൊണ്ട് തന്നെ കോഴിവരവിലെ കുറവ് തുടരാനാണ് സാധ്യത. പ്രാദേശിക ഫാമുകളിലെ കോഴി കൂടുതലായി എത്തിയാലും വിലയില്‍ വലിയ കുറവിന് സാധ്യതയില്ല.
ഇറച്ചിവില കൂടിയതോടെ കൈപൊള്ളിയിരിക്കുന്നത് ഹോട്ടലുകാരാണ്. വിഭവങ്ങള്‍ക്ക് വിലകൂട്ടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഹോട്ടലുടമകള്‍. എന്നാല്‍ രാത്രികളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ പഴയ വില നിലനില്‍ക്കുന്നതിനാല്‍ ഹോട്ടലുടമകള്‍ക്ക് ഒരുപരിധിയില്‍ കൂടുതല്‍ വിലകൂട്ടാനും സാധിക്കാത്ത അവസ്ഥയുണ്ട്.
ഇറച്ചിവില കൂടിയതോടെ പലരും മത്സ്യത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. എന്നാല്‍ കടല്‍ക്ഷോഭം മൂലം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നിര്‍ത്തിയതിനാല്‍ ലഭ്യതകുറഞ്ഞിട്ടുണ്ട്. രാസവസ്തുക്കള്‍ ചേര്‍ത്ത മീനിന്റെ വില്പന നാട്ടിന്‍പുറങ്ങള്‍ കേന്ദ്രീകരിച്ച് സജീവമാണ്. കാര്യമായ പരിശോധനകളില്ലാത്തതാണ് നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലേക്ക് ഇത്തരം മീന്‍വില്പന കേന്ദ്രീകരിക്കാന്‍ കാരണം.
Tags:    

Similar News