ഡ്യൂട്ടി ഫ്രീ മാതൃകയില്‍ ബെവ്കോ സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകള്‍; ആദ്യഘട്ടം ഐ.ടി, ടൂറിസം കേന്ദ്രങ്ങളില്‍

ജവാനിലെ പരീക്ഷണം മറ്റ് ബ്രാന്‍ഡുകളിലേക്ക് വ്യാപിപ്പിക്കാനും നീക്കം

Update:2024-10-14 12:59 IST

image credit : canva

വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ മാതൃകയില്‍ സംസ്ഥാനത്ത് സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശീതീകരിച്ച ഔട്ട്‌ലെറ്റുകളില്‍ 750 രൂപ മുതല്‍ വിലയുള്ള പ്രീമിയം മദ്യം മാത്രമാകും വില്‍ക്കുക. ആദ്യഘട്ടമായി സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളിലും വിദേശ, ആഭ്യന്തര ടൂറിസ്റ്റുകള്‍ കൂടുതലായെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമാകും ഔട്ട്‌ലെറ്റ് സ്ഥാപിക്കുക.
നിലവില്‍ ബെവ്‌കോയ്ക്ക് കീഴില്‍ പ്രീമിയം ഔട്ട്‌ലെറ്റുകളുണ്ടെങ്കിലും ഇവിടെ 450 രൂപ മുതലുള്ള മദ്യം ലഭ്യമാണ്. എന്നാല്‍ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്കായിരിക്കും മുന്‍ഗണന. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കാക്കനാട് ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ അനുയോജ്യമായ സ്ഥലം കോര്‍പറേഷന്‍ തിരയുകയാണെന്നാണ് റിപ്പോര്‍ട്ട്. അനുയോജ്യമായ സ്ഥലം ലഭിച്ചാല്‍ ഇവിടെ ഉടന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. ഐ.ടി പാര്‍ക്കുകളില്‍ ക്ലബ്ബ് മാതൃകയില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ജവാനിലെ പരീക്ഷണം വ്യാപിപ്പിക്കും

ബെവ്കോ ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന മുഴുവന്‍ മദ്യകുപ്പികളിലും ക്യൂ.ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്താനും കോര്‍പറേഷന്‍ ആലോചിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ഉത്പാദിപ്പിക്കുന്ന ജവാന്‍ റം ബ്രാന്‍ഡിലാണ് നിലവില്‍ ക്യൂ ആര്‍ കോഡ് പതിപ്പിക്കുന്നത്, ഇത് മറ്റ് കമ്പനികളുടെ മദ്യകുപ്പികളിലും പതിക്കാനാണ് നീക്കം. വിതരണത്തിലെ സുതാര്യത ലക്ഷ്യമിട്ടാണ് നിലവിലെ ഹോളോഗ്രാമിന് പകരം ക്യൂ.ആര്‍ കോഡ് പതിപ്പിക്കുന്നത്. ഇത് സ്‌കാന്‍ ചെയ്താല്‍ ഏത് ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിച്ചു, എന്ന് നിര്‍മിച്ചു, ബാച്ച്, ചില്ലറ വില്‍പ്പനശാലയിലെ സ്‌റ്റോക്ക് തുടങ്ങിയ കാര്യങ്ങളും അറിയാന്‍ കഴിയും.
Tags:    

Similar News