ഭാരതി എന്റര്‍പ്രൈസസിന്റെ വണ്‍വെബിലേക്ക് 550 മില്ല്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തി യൂട്ടെല്‍സാറ്റ്

ലോകത്തെ പ്രമുഖ സാറ്റലൈറ്റ് ഓപറേറ്റര്‍മാരില്‍ ഒന്നായ യൂട്ടെല്‍സാറ്റിന് ഇതോടെ വണ്‍വെബില്‍ 24 ശതമാനം ഓഹരി പങ്കാളിത്തമാകും.

Update:2021-04-29 18:29 IST

ഭാരതിയുടെ ബഹിരാകാശ പിന്തുണയുള്ള ആഗോള കമ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്ക് സ്ഥാപനമായ വണ്‍വെബിന് ഫ്രാന്‍സിന്റെ യൂട്ടെല്‍സാറ്റ് കമ്യൂണിക്കേഷനില്‍ നിന്നും 550 മില്ല്യന്‍ ഡോളറിന്റെ നിക്ഷേപമെത്തി. ഇതോടെ പുതിയ ഇക്ക്വിറ്റിയിലെ വണ്‍വെബിന്റെ ആകെ ഫണ്ടിംഗ് 1.9 ബില്ല്യന്‍ ഡോളറായി. ലോകത്തെ ഏറ്റവും പരിചയസമ്പന്നരും വലിയ ആഗോള ഓപറേറ്ററുമായ സ്ഥാപനത്തില്‍ നിന്നുള്ള നിക്ഷേപം വണ്‍വെബിലെ ആത്മവിശ്വാസം വളര്‍ത്തുന്നു. അതുവഴി ലോ എര്‍ത്ത് ഓര്‍ബിറ്റ് (ലിയോ) ഉപഗ്രഹങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനും പ്രധാന ഓപറേറ്റര്‍മാര്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വളര്‍ച്ചാ പദ്ധതി തയ്യാറാക്കാനും സാധ്യമാകും.

ലോകത്തെ പ്രമുഖ സാറ്റലൈറ്റ് ഓപറേറ്റര്‍മാരില്‍ ഒന്നായ യൂട്ടെല്‍സാറ്റിന് ഇതോടെ വണ്‍വെബില്‍ 24 ശതമാനം ഓഹരി പങ്കാളിത്തമാകും. യുകെ സര്‍ക്കാരിനും ഭാരതി ഗ്ലോബലിനും സോഫ്റ്റ് ബാങ്കിനും ഇതോടെ സംയുക്ത നിക്ഷേപ പങ്കാളിത്തമാകും. റെഗുലേറ്ററി അംഗീകാരങ്ങള്‍ അനുസരിച്ച് 2021 രണ്ടാം പകുതിയോടെ നിക്ഷേപം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
ഒരു തുറന്ന മള്‍ട്ടി-നാഷണല്‍ ബിസിനസ് എന്ന നിലയില്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെയും ബിസിനസുകളുടെയും സമൂഹങ്ങളുടെയും ആഗോള ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഭാരതി എന്റര്‍പ്രൈസസ് സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തല്‍ വിശദമാക്കി. ഭാരതിയുടെ സംരംഭക ഊര്‍ജ്ജവും യുകെ സര്‍ക്കാരിന്റെ ആഗോള വ്യാപനവും യൂട്ടെല്‍സാറ്റിന്റെ ഉപഗ്രഹ വ്യവസായ പരിചയവും ചേരുമ്പോള്‍ തങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നും വണ്‍വെബ് നൂതനമായ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി ലിയോ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയില്‍ മുന്‍നിരയിലെത്താന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ഉപയോക്താക്കള്‍ക്ക് എത്തിക്കുക, ഡാറ്റാ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിലൂടെ ആഗോള ഡിജിറ്റല്‍ വിഭജനം പരിഹരിക്കുക, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സിന്റെ (ഐഒടി) ഭാവിയിലേക്കുള്ള ലിങ്കേജ് സാധ്യമാക്കുക, 5 ജിയിലേക്കുള്ള പാത എന്നിവയാണ് വണ്‍വെബിന്റെ ദൗത്യം. വണ്‍വെബിന്റെ ലിയോ സാറ്റലൈറ്റ് സിസ്റ്റത്തില്‍ ആഗോള ഗേറ്റ്വേ സ്റ്റേഷനുകളുടെ ഒരു ശൃംഖലയും വിവിധ ഉപഭോക്തൃ വിപണികള്‍ക്കായുള്ള ഉപയോക്തൃ ടെര്‍മിനലുകളും ലഭ്യമാണ്, താങ്ങാനാവുന്നതും വേഗതയേറിയതും ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത്, വലിച്ചില്‍ കുറഞ്ഞ ആശയവിനിമയ സേവനങ്ങള്‍ എന്നിവ നല്‍കാന്‍ കഴിവുള്ളവയാണ്.



Tags:    

Similar News