കുരുമുളക് വിലയില്‍ ഇടിവ്; വില ഇനിയും കുറയുമെന്ന ആശങ്കയില്‍ കര്‍ഷകര്‍

ഇറക്കുമതി ചെയ്ത കുരുമുളക് വിപണിയില്‍ വേഗം വിറ്റു തീർക്കുന്നത് വിലയില്‍ ഇനിയും ഇടിവുണ്ടാക്കും

Update:2024-08-21 18:08 IST

Image Courtesy: Canva

കുരുമുളകിന്റെ വില ഇടിയുന്നതില്‍ ആശങ്കയുമായി കര്‍ഷകര്‍. കുരുമുളകിന്റെ ഇറക്കുമതിയില്‍ ഉണ്ടായ വലിയ വര്‍ധനയാണ് ആഭ്യന്തര കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ശ്രീലങ്ക, വിയറ്റ്നാം, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. ശ്രീലങ്കയിൽ നിന്ന് മാത്രം ജൂലൈയില്‍ 4,350 ടൺ കുരുമുളകാണ് ഇറക്കുമതി ചെയ്തത്. വിയറ്റ്‌നാം, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്ന് 600 ടണ്ണോളം കുരുമുളകും ജൂലൈ മാസം ഇറക്കുമതി ചെയ്തു.
രാജ്യത്ത് വില ഉയർന്നു നിന്ന സാഹചര്യത്തിലാണ് ഇറക്കുമതിക്ക് ഓർഡർ കൊടുത്തത്. എന്നാൽ, ഒരു മാസത്തിനിടെ വില ഇടിയുന്ന അവസ്ഥ ഉണ്ടാകുകയായിരുന്നു.

വില ഇനിയും കുറയാന്‍ സാധ്യത

ഇറക്കുമതി ചെയ്ത കുരുമുളക് വിപണിയില്‍ വേഗം വിറ്റു തീർക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇതു കുരുമുളകിന് വീണ്ടും വില ഇടിയുന്നതിന് കാരണമാകുമെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് കിലോഗ്രാമിന് 645 രൂപയ്ക്കാണ് കൊച്ചിയില്‍ വില്‍പ്പന നടക്കുന്നത്. ഇടുക്കിയില്‍ കുരുമുളക് കിലോഗ്രാമിന് 635 രൂപയ്ക്കാണ് ഇന്ന് കര്‍ഷകരില്‍ നിന്ന് സംഭരിച്ചത്. വില വരും ദിവസങ്ങളില്‍ 500 രൂപ വരെ താഴാമെന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവെക്കുന്നു.
ശ്രീലങ്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ അനുസരിച്ച് ഈ വർഷം ഇന്ത്യക്ക് 2000 ടൺ കുരുമുളക് വരെ നികുതി രഹിത ഇറക്കുമതിക്ക് സാധ്യതകളുണ്ട്. അതുകൂടി എത്തിയാല്‍ വില വീണ്ടും താഴേക്ക് പതിക്കുമെന്ന ആശങ്കയിലാണ് ആഭ്യന്തര കര്‍ഷക സമൂഹം. 
അവശ്യവസ്തുക്കളുടെ വിഭാഗത്തില്‍ കുരുമുളക് കൂടി ഉൾപ്പെടുത്തിയതിനാല്‍ വില വീണ്ടും കുറയ്ക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാര്‍ സ്വീകരിക്കുന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

സംസ്ഥാനത്ത് പ്രധാനമായും ഉല്‍പ്പാദനം നടക്കുന്നത് ഇടുക്കിയില്‍

നവസേവ, തൂത്തുക്കുടി, ചെന്നൈ, മുന്ദ്ര, തുക്ലഗാബാദ്, കൊച്ചി തുടങ്ങിയ തുറമുഖങ്ങള്‍ വഴിയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് കുരുമുളക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
എത്യോപ്യയും വിയറ്റ്‌നാമുമാണ് ലോകത്തിലെ ഏറ്റവും വലിയ കുരുമുളക് ഉല്‍പ്പാദകര്‍. ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഉളളത്. ഇന്ത്യയിലെ കുരുമുളക് ഉൽപ്പാദനത്തിന്റെ ഭൂരിഭാഗവും നടക്കുന്നത് കേരളത്തിലും കർണാടകത്തിലുമായാണ്.
ഇതില്‍ 75 ശതമാനവും ഉല്‍പ്പാദനം നടക്കുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പ്പാദനം നടക്കുന്നത് ഇടുക്കിയിലാണ്. തൊട്ടുപിന്നിലുളളത് വയനാട് ജില്ലയാണ്. അതുകൊണ്ട് കുരുമുളക് വില ഇടിയുന്നത് ഹൈറേഞ്ചിലെ കര്‍ഷകരുടെ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാകും.
Tags:    

Similar News