ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 20

Update: 2019-11-20 05:17 GMT

1. ബിപിസിഎല്‍ വില്‍ക്കരുതെന്ന് സംയുക്ത പ്രമേയത്തിലൂടെ നിയമസഭ

രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) വില്‍ക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ബിപിസിഎല്ലിന്റെ കൊച്ചിയിലെ റിഫൈനറിയെ വില്‍പ്പന പ്രതിസന്ധിയിലാക്കും. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാനപങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സഭ ആശങ്ക പ്രകടിപ്പിച്ചു.

2. ഐ.ടി. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഇന്‍ഫോസിസ് പരാതി നല്‍കി

ഇന്‍ഫോസിസ് അടക്കമുള്ള ഐ.ടി. കമ്പനികളില്‍ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്നതായി ഇന്‍ഫോസിസ് എച്ച്.ആര്‍. വിഭാഗം പരാതി നല്‍കിയതോടെ ബെംഗളൂരുവില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എച്ച്.ആര്‍. ഓഫീസര്‍ എന്ന വ്യാജേന സുമേഷ് എന്ന ആള്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഇലക്ട്രോണിക് സിറ്റി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

3. കറന്‍സി രഹിത ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യമിട്ട വേഗത്തില്‍ പുരോഗമിക്കുന്നില്ല

നോട്ട് പിന്‍വലിക്കല്‍ നടന്ന് മൂന്ന് വര്‍ഷമാകുമ്പോഴും വിചാരിച്ചത്ര കറന്‍സി രഹിത ഡിജിറ്റല്‍ ഇടപാടുകള്‍ രാജ്യത്ത് ആയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്.
സാവകാശമാണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സ്വാധീനം ഏറിവരുന്നത്. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളുടെ അപര്യാപ്തത നിലനില്‍ക്കുന്ന അവികസിതമായ സ്വഭാവം തന്നെയാണ് കാരണം. ഉപഭോക്താക്കളെ ഡിജിറ്റല്‍ പേമെന്റ് രീതിയിലേക്ക് കൊണ്ടുവന്നെങ്കിലേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

4. 60% വ്യാപാരികള്‍ ഇനിയും ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതായി റിപ്പോര്‍ട്ട്

രണ്ടുമാസത്തെ ജിഎസ്ടി3ബി ഫയല്‍ ചെയ്യാത്ത വ്യാപാരികളുടെ എണ്ണം കേരളത്തില്‍ 60 ശതമാനമാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. ആറ് മാസത്തെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഈ മാസം 25 വരെ മാത്രം സമയം അവശേഷിക്കുമ്പോള്‍ സിസ്റ്റം തകരാറുമൂലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത വ്യാപാരികളുമുണ്ട്.

5. 320 വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം നടത്താന്‍ ആളെത്തി; ട്രഷറി എഫ്ഡി പരിധി പത്തു വര്‍ഷമാക്കി

കാലപരിധിയില്ലാത്ത സ്ഥിര നിക്ഷേപം എന്നത് സംസ്ഥാന ട്രഷറി ഇനി മുതല്‍ പത്തു വര്‍ഷത്തേക്ക് മാത്രമാക്കി. 320 വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം നടത്താനെത്തിയ ആള്‍ സംസ്ഥാന ട്രഷറിയില്‍ ഈ പരിഷ്‌കാരത്തിന് കാരണക്കാരനായത്. 10 വര്‍ഷം കഴിഞ്ഞാല്‍ അന്നത്തെ പലിശ നിരക്കില്‍ പുതുക്കാമെന്നതാണ് പുതിയ രീതി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News