വരുന്നു മക്കളേ ബി.എസ്.എൻ.എൽ 5ജി, ഈ സ്ഥലങ്ങളിൽ അതിവേഗ ഇന്റർനെറ്റ് പരീക്ഷിക്കും
അടുത്ത വർഷം രാജ്യവ്യാപകമായി 5 ജി എത്തിക്കാനാകുമെന്ന് പ്രതീക്ഷ
കഴിഞ്ഞ മാസം രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ നിരക്ക് വർധിപ്പിച്ചതോടെ കോളടിച്ചത് സാക്ഷാൽ ബി.എസ്.എൻ.എല്ലിനാണ്. ലക്ഷക്കണക്കിന് പേരാണ് സ്വകാര്യ ഓപ്പറേറ്റർമാരെ ഉപേക്ഷിച്ച് ബി.എസ്.എൻ.എല്ലിലേക്ക് ചേക്കേറിയത്. ഇപ്പോഴിതാ കമ്പനി ഉടൻ അവതരിപ്പിക്കുന്ന 4ജി, 5 ജി സർവീസുകളാണ് ടെലികോം രംഗത്തെ ചർച്ചാ വിഷയം.
5ജി ട്രയൽ റൺ തുടങ്ങി
ബി.എസ്.എൻ.എൽ 5 ജി സേവനങ്ങളുടെ പരീക്ഷണം അടുത്തിടെ വീഡിയോ കാൾ വിളിച്ച് കേന്ദ്രമന്ത്രി ജോതിരാധിത്യ സിന്ധ്യ നടത്തിയിരുന്നു. 5ജി സേവനങ്ങൾ അധികം വൈകാതെ ലഭ്യമാകുമെന്ന് മന്ത്രി നടത്തിയ പ്രസ്താവന വീണ്ടും ആകാംഷ വർദ്ധിപ്പിച്ചു. ബി.എസ്.എൻ.എൽ 5ജി സേവനങ്ങളുടെ വേഗത പരീക്ഷിക്കുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. 5 ജി സിം കാർഡ് അടങ്ങിയ പെട്ടി അൺ ബോക്സ് ചെയ്യുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. മഹരാഷ്ട്രയിൽ ബി.എസ്.എൻ.എൽ 5ജി സിം എത്തി എന്ന രീതിയിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങുന്നത്. ഇതിന്റെ സത്യാവസ്ഥ വ്യക്തമായിട്ടില്ല.
ഈ സ്ഥലങ്ങളിൽ 5 ജി
രാജ്യത്തെ പ്രധാനയിടങ്ങളിൽ 5 ജി സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങാൻ ബി.എസ്.എൻ.എൽ തയ്യാറെടുക്കുകയാണ്. പുറത്തുവരുന്ന സൂചനകൾ ശരിയാണെങ്കിൽ ഡൽഹി കൊണാട്ട് പ്ലേസ്, ഐ.ഐ.ടി ഹൈദരാബാദ്, ജെ എൻ യു ക്യാംപസ് ഡൽഹി, ഐ. ഐ. ടി ഡൽഹി, സഞ്ചാർ ഭവൻ ഡൽഹി, ഗുരുഗ്രാമിലെ ചില പ്രദേശങ്ങൾ, ബംഗളൂരുവിലെ ചില സർക്കാർ ഓഫീസുകൾ, ഇന്ത്യ ഹാബിറ്റാറ്റ് സെന്റർ ഡൽഹി എന്നിവിടങ്ങളിലാകും 5 ജി സേവനങ്ങൾ ആദ്യമെത്തുക.
4ജി ഇക്കൊല്ലമെത്തും
കേന്ദ്രസർക്കാർ നൽകുന്ന പിന്തുണയും ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയതും അപ്രതീക്ഷിതമായി കൂടുതല്‍ വരിക്കാരെ ലഭിച്ചതും ബി.എസ്.എന്‍.എല്ലിന് ലഭിച്ച സർപ്രൈസ് ഗിഫ്റ്റാണ്. ഇത് 4ജി സേവനങ്ങള്‍ നേരത്തെ എത്തിക്കാന്‍ കമ്പനിയെ സഹായിക്കും. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിലാണ് 4ജി സേവനങ്ങള്‍ എത്തിക്കുക. ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ സഹായത്തോടെ ഇക്കൊല്ലം ഡിസംബറോടെ ഒരു ലക്ഷം ടവറുകള്‍ കമ്പനി സ്ഥാപിക്കും. കേരളത്തില്‍ നിലവിലുള്ള 6,000 ടവറുകള്‍ക്കൊപ്പം 14,000 കൂടി അധികമായി വരും.
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ 4ജി സേവനങ്ങള്‍ തയ്യാറാണ്. വയനാട്ടിൽ ഉരുൾ പൊട്ടലുണ്ടായ ചൂരൽ മലയിൽ ബി.എസ്.എൻ.എൽ 4ജി എത്തിച്ചിരുന്നു. 2025ന്റെ ആദ്യ മാസങ്ങളില്‍ രാജ്യവ്യാപകമായി 5ജി സേവനങ്ങളും ആരംഭിക്കാനാകുമെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ പ്രതീക്ഷ.