91 രൂപയ്ക്ക് മൂന്ന് മാസത്തെ വാലിഡിറ്റി; സ്വകാര്യ കമ്പനികളേക്കാള്‍ വളരെ കുറവ്
ഒന്നിലധികം സിം കാര്‍ഡുകള്‍ ഉളളവര്‍ക്കും വിദേശത്ത് പോകുന്നവര്‍ക്കും നമ്പര്‍ നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ പ്ലാന്‍ പ്രയോജനകരം
സ്വകാര്യ ടെലികോം കമ്പനികളെ നേരിടാന്‍ ആകര്‍ഷകമായ ഒട്ടേറെ ഓഫറുകളുമായാണ് ബി.എസ്.എന്‍.എല്‍ ഓരോ ദിവസവും എത്തുന്നത്. സ്വകാര്യ കമ്പനികള്‍ താരിഫ് നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആയിരകണക്കിന് ആളുകളാണ് രാജ്യവ്യാപകമായി ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ഒട്ടേറെ പ്ലാനുകളാണ് കമ്പനി ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.
പ്ലാനിന്റെ പ്രത്യേകതകള്‍
91 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റി നല്‍കുന്ന പ്ലാനാണ് ഏറ്റവും പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സിം കാര്‍ഡുകള്‍ കൂടുതല്‍ കാലത്തേക്ക് സജീവമായി നിലനിര്‍ത്താന്‍ ഈ പ്ലാന്‍ സഹായകരമാണ്. ഒന്നിലധികം സിം കാര്‍ഡുകള്‍ ഉളളവര്‍ക്കും വിദേശത്ത് പോകുന്നവര്‍ക്കും നമ്പര്‍ നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ ഈ പ്ലാന്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ പ്ലാനില്‍ കോളുകള്‍ക്ക് മിനിറ്റിന് 15 പൈസയും ഒരു എം.ബി ഡാറ്റയ്ക്ക് 1 പൈസയും എസ്.എം.എസിന് 25 പൈസയും നിരക്കില്‍ ഈടാക്കുന്നതാണ്.
ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കായ 198 രൂപ പ്ലാനില്‍ 14 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ലഭിക്കുന്നത്. വാലിഡിറ്റി നിലനിര്‍ത്താന്‍ പ്രത്യേകമായി ഒരു പ്ലാനുകളും സ്വകാര്യ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നില്ല എന്നതിലാണ് ബി.എസ്.എന്‍.എല്ലിന്റെ ഈ പ്ലാന്‍ വ്യത്യസ്തമാകുന്നത്. സ്വകാര്യ കമ്പനികളുടെ പ്ലാനില്‍ സിം നിലനിര്‍ത്താന്‍ കുറഞ്ഞത് മാസം 249 രൂപയെങ്കിലും ചെലവാക്കേണ്ട സ്ഥാനത്താണ് മൂന്നു മാസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന പ്ലാനുമായി ബി.എസ്.എന്‍.എല്‍ എത്തുന്നത്.