ആന്ധ്രക്കും ബിഹാറിനും വാരിക്കോരി; കേരളത്തിന്റെ പ്രതീക്ഷ ആവി
കേരളം ചോദിച്ചത് 24,000 കോടിയുടെ പാക്കേജ്; ബജറ്റ് പ്രസംഗത്തില്‍ കേരളത്തെക്കുറിച്ച് പരാമര്‍ശം പോലുമില്ല
'വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും' എന്ന മട്ടില്‍ സഖ്യകക്ഷി സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിനും ബിഹാറിനും വാരിക്കോരി വിളമ്പിയ കേന്ദ്ര ബജറ്റില്‍ കേരളത്തിന് തികഞ്ഞ നിരാശ. ബജറ്റിന് മുമ്പ് കേരളം ആവശ്യപ്പെട്ടത് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ്. വായ്പാ പരിധി അര ശതമാനം കണ്ട് ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമായി ഉന്നയിച്ചു. എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.
പ്രത്യേക സംസ്ഥാന പദവി അനുവദിച്ചില്ലെങ്കിലും ആന്ധ്രക്കും ബിഹാറിനും സഹസ്ര കോടികളുടെ പാക്കേജും പദ്ധതികളുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ടി.ഡി.പി നേതാവും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, ജനതദള്‍-യു നേതാവ് നിതീഷ് കുമാര്‍ എന്നിവര്‍ തൃപ്തിപ്പെടുമെന്ന് ഉറപ്പാക്കിയതാണ് മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. അതാകട്ടെ, ബി.ജെ.പിയുടെ സഖ്യകക്ഷി ഭരണ നിര്‍ബന്ധിതാവസ്ഥകള്‍ എടുത്തു കാട്ടി.
ബി.ജെ.പി ഭരണം പിടിച്ച ഒഡിഷക്കും സവിശേഷ പരിഗണന
ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ധനസഹായമായി 15,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മൂന്നു ജില്ലകള്‍ക്ക് മറ്റൊരു 15,000 കോടി പിന്നാക്ക മേഖല ഗ്രാന്റ് അനുവദിക്കും. പുറമെ രണ്ട് വ്യവസായ ഇടനാഴികള്‍. ബിഹാറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 26,000 കോടി രൂപ. 2,400 മെഗാവാട്ട് വൈദ്യുതി നിലയം ബിഹാറില്‍ 21,400 കോടി രൂപ ചെലവില്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ടൂറിസ ഭൂപടത്തില്‍ ബിഹാറിന് പ്രത്യേക സ്ഥാനം നല്‍കിക്കൊണ്ട് രണ്ട ക്ഷേത്ര ഇടനാഴികള്‍ക്കും നളന്ദയുടെ വികസനത്തിനുമായി പ്രത്യേക സഹായം അനുവദിച്ചു. വെള്ളപ്പൊക്ക ദുരന്ത നിവാരണ സഹായമെന്ന നിലയിലും ബിഹാറിന് 11,500 കോടി അനുവദിച്ചു.
ബി.ജെ.പി ഭരണം പിടിച്ച ഒഡിഷക്കും ബജറ്റ് സവിശേഷ പരിഗണന നല്‍കി. കടക്കെണിയും മറ്റ് സാമ്പത്തിക പരാധീനതകളും ചൂണ്ടിക്കാട്ടി ബജറ്റിന് മുമ്പ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തി നടത്തിയ സമ്മര്‍ദം പക്ഷേ, വിഫലം. ബിഹാറിന്റെയും ആന്ധ്രയുടെയും കാര്യത്തില്‍ വിവിധ ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കാനുള്ള പ്രക്രിയ വേഗത്തിലാക്കുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.
ബി.ജെ.പിക്കൊപ്പം കേന്ദ്രഭരണം പങ്കിടുന്ന ടി.ഡി.പിക്ക് 16ഉം ജനതദള്‍-യുവിന് 12ഉം എം.പിമാരാണ് ലോക്‌സഭയില്‍ ഉള്ളത്.