ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഓഗസ്റ്റ് 2

Update: 2019-08-02 05:02 GMT

1. കമ്പനികളുടെ കടക്കെണി പരിഹരിക്കപ്പെടും; പുതിയ നിയമഭേദഗതി വരുന്നു

സാമ്പത്തിക പ്രതിസന്ധി മൂലം കടക്കെണിയിലായ കമ്പനികളെ രക്ഷിക്കാൻ ഒരുങ്ങുന്ന പുതിയ ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്റ്റസി കോഡ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി. കമ്പനികളുടെ ലിക്വിഡേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കാൻ സംയുക്തമായ ആവശ്യം ഉയർന്നിരുന്നു. കടക്കെണിയിലായ കമ്പനികൾ അടച്ചു പൂട്ടുകയല്ല സർക്കാരിന്റെ ലക്ഷ്യമെന്ന് നിർമല സീതാരാമൻ പറഞ്ഞു.

2. നേരിട്ടുള്ള വിദേശ നിക്ഷേപം 6400 കോടി ഡോളർ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സർക്കാരിന് ലഭിച്ചത് 4.48 ലക്ഷം കോടി രൂപ (6400 കോടി ഡോളർ ). ഡിപ്പാർട്മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ കണക്ക് പ്രകാരം ഇതുവരെ ലഭിച്ചതിൽ നേരിട്ടുള്ള ഏറ്റവും ഉയർന്ന നിക്ഷേപമാണിത്.

3. ജൂണില്‍ ജിഎസ്ടി കളക്ഷന്‍ 1.02 ലക്ഷം കോടി രൂപ

ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് കളക്ഷന്‍ ജൂണില്‍ 1.02 ലക്ഷം കോടിയിലെത്തി. നാലു മാസത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയായിരുന്നു് മെയില്‍ രേഖപ്പെടുത്തിയിരുന്നത്.  99,939 കോടി രൂപ. എന്നാല്‍ ജൂണില്‍ ഇതു വീണ്ടും ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.9 ശതമാനമാണ് വര്‍ധന. മുന്‍മാസത്തെ അപേക്ഷിച്ച് ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.

4. ഗള്‍ഫ് ബാങ്കുകളും നിരക്കു താഴ്ത്തി

അമേരിക്കന്‍ കേന്ദ്ര ബാങ്കിനെ അനുകരിച്ച് മിക്ക ഗള്‍ഫ് ബാങ്കുകളും പലിശനിരക്ക് കുറച്ചു. ഇതോടെ ഗള്‍ഫ് നാടുകളിലെ ബാങ്കുകളില്‍നിന്നുള്ള വായ്പാ പലിശനിരക്കില്‍ ഇളവുണ്ടാകും. ഹ്രസ്വകാലനിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കും പലിശനിരക്ക് കുറയും.

ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതിവാര നിക്ഷേപങ്ങളുടെ നിരക്ക് 2.75 ശതമാനത്തില്‍നിന്ന് രണ്ടര ശതമാനമായും പ്രതിദിന നിക്ഷേപങ്ങളുടെത് 2.5 ശതമാനത്തില്‍നിന്ന് 2.25 ശതമാനമായുമാണ് കുറച്ചത്. നാലര ശതമാനമായിരുന്ന വായ്പാ പലിശ  4.25 ശതമാനമാക്കി.

5. 2018 ലെ ജി.ഡി.പി റാങ്കിംഗില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു

2017 ലെ ആഗോള ജി.ഡി.പി റാങ്കിംഗില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ 2018 ല്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി ലോക ബാങ്ക്. ഇന്ത്യയുടെ ജിഡിപി 2018 ല്‍ 2.7 ട്രില്യണ്‍ ഡോളറായിരുന്നു.

2018 ല്‍ ജിഡിപി 20.5 ട്രില്യണ്‍ ഡോളര്‍ ആയിരുന്ന യു.എസ് ഏറ്റവും മികച്ച സമ്പദ്വ്യവസ്ഥയായി തുടര്‍ന്നു. 13.6 ട്രില്യണ്‍ ഡോളറുമായി ചൈന രണ്ടാമത് നിന്നു. 5 ട്രില്യണ്‍ ഡോളറുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തായിരുന്നു. യു. കെയും, ഫ്രാന്‍സും 2.8 ട്രില്യണുമായി തുല്യ നില കൈവരിച്ചു.

Similar News