ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 08, 2021
ഓഗസ്റ്റില്‍ മാത്രമേ ഇന്ത്യയ്ക്ക് യു-ആകൃതിയിലുള്ള വീണ്ടെടുക്കല്‍ കാണാന്‍ കഴിയൂ എന്ന് വിദഗ്ധര്‍. ബിറ്റ്‌കോയിന്‍ വില്‍പ്പന മന്ദഗതിയിലാകുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎഇയിലേക്കുള്ള യാത്രാ വിലക്ക് ജൂലൈ 6 വരെ നീട്ടി. ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണിന് അഞ്ചുകോടി രൂപ പിഴയും ഡെറ്റ് ഫണ്ടുകള്‍ തുടങ്ങുന്നതിന് വിലക്കുമേര്‍പ്പെടുത്തി സെബി. കേരളത്തില്‍ സ്വര്‍ണവില കൂടി. സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്ക്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ഓഗസ്റ്റില്‍ മാത്രമേ ഇന്ത്യയ്ക്ക് യു-ആകൃതിയിലുള്ള വീണ്ടെടുക്കല്‍ കാണാന്‍ കഴിയൂ എന്ന് വിദഗ്ധര്‍
രണ്ടാം തരംഗം മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്ന് 'യു-ആകൃതിയിലുള്ള' വീണ്ടെടുക്കലിന് രാജ്യമിനിയും കാത്തിരിക്കണമെന്ന് വിദഗ്ധര്‍. ഓഗസ്റ്റില്‍ മാത്രമേ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാന്‍ കഴിയുകയുള്ളൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വേഗത കൈവരിക്കുന്നതിന് മുമ്പായി അടുത്ത രണ്ട് മാസത്തേക്ക് സാമ്പത്തിക പ്രവര്‍ത്തനം നിലവിലെ താഴ്ന്ന നിലവാരത്തില്‍ തുടരുമെന്ന് അവര്‍ പറഞ്ഞു.
ബിറ്റ്‌കോയിന്‍ വില്‍പ്പന മന്ദഗതിയിലാകുന്നതായി റിപ്പോര്‍ട്ടുകള്‍
ക്രിപ്‌റ്റോ വില്‍പ്പന സൂചിക പത്തുശതമാനമായി ഇടിഞ്ഞതായി ബ്ലൂംബെര്‍ഗ് ഗാലക്‌സി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ബിറ്റ്‌കോയിന്‍ ഇപ്പോഴും 14 ശതമാനം ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. എന്നാല്‍ ഇലോണ്‍മസ്‌കിന്റെ ട്വീറ്റും ചൈനീസ് സര്‍ക്കാര്‍ അടക്കമുള്ളവരുടെ നടപടികളുമാണ് ക്രയവിക്രയങ്ങളെ ബാധിച്ചതെന്ന് വിദഗ്ധര്‍.
സെന്‍ട്രല്‍ ബാങ്കിലും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലുമുള്ള സര്‍ക്കാര്‍ ഓഹരി വില്‍ക്കാന്‍ നീതി ആയോഗ് നിര്‍ദേശം
സെന്‍ട്രല്‍ ബാങ്കിലും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലുമുള്ള സര്‍ക്കാര്‍ ഓഹരി വില്‍ക്കാന്‍ നീതി ആയോഗിന്റെ നിര്‍ദേശം. 2021-22 കാലത്ത് രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടിയുള്ള പുതിയ പൊതുമേഖലാ സ്ഥാപന നയത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യവത്കരിക്കേണ്ടതും ലയിപ്പിക്കേണ്ടതുമായ പൊതുമേഖലാ സ്ഥാപനങ്ങളെ നിര്‍ദ്ദേശിക്കാനുള്ള ചുമതല നീതി ആയോഗിനായിരുന്നു. ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ നിര്‍ദ്ദേശിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎഇയിലേക്കുള്ള യാത്രാ വിലക്ക് ജൂലൈ 6 വരെ നീട്ടി
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ നീട്ടി. ജൂലൈ ആറ് വരെ വിലക്ക് തുടരുമെന്നാണ് യുഎഇ സിവില്‍ വ്യോമയാന അതോറിറ്റി അറിയിച്ചതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. ട്വിറ്ററിലാണ് വിമാന കമ്പനി ഇക്കാര്യം അറിയിച്ചത്. ഇക്കാലയളവില്‍ ഇന്ത്യയ്ക്കും യുഎഇക്കുമിടയില്‍ വിമാന സര്‍വീസ് ഉണ്ടാകില്ല. നേരത്തെ ടിക്കറ്റ് ബുക്ക് ചെയതവര്‍ മറ്റൊരു തിയ്യതിയിലേക്ക് യാത്ര മാറ്റണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. അതേസമയം, നയതന്ത്ര, ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് തടസമുണ്ടാകില്ല.
ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണിന് അഞ്ചുകോടി രൂപ പിഴ: ഡെറ്റ് ഫണ്ടുകള്‍ തുടങ്ങുന്നതിനും വിലക്ക്
ആറ് ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനംനിര്‍ത്തിയതുമായി ബന്ധപ്പെട്ട കമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ് അഞ്ച് കോടി രൂപ പിഴ ചുമത്തി. പുതിയ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ അവതരിപ്പിക്കുന്നതിന് രണ്ടുവര്‍ഷത്തെ വിലക്കും സെബി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2018 ജൂണിനും 2020 ഏപ്രിലിനുമിടയില്‍ നിക്ഷേപ മാനേജുമെന്റ്, അഡൈ്വസറി എന്നിവയുടെ ഫീസിനത്തില്‍ നേടിയ 451 കോടി(പലിശയടക്കം 512 കോടി)രൂപ തിരികെകൊടുക്കാനും സെബി നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തില്‍ സ്വര്‍ണവില കൂടി
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. എംസിഎക്‌സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 49,131 രൂപയിലെത്തി.
സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്ക്
തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരത്തിലെത്തിയ സൂചികകള്‍ ഇന്ന് മികച്ച തുടക്കം നേടിയെങ്കിലും ദിവസാവസാനം നേരിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 52.94 പോയ്ന്റ് ഇടിഞ്ഞ് 52275.57 പോയ്ന്റിലും നിഫ്റ്റി 11.55 പോയ്ന്റ് ഇടിഞ്ഞ് 15740.10 പോയ്ന്റിലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.38 ശതമാനവും സ്മോള്‍ കാപ് സൂചിക 0.93 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി. 1838 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1365 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 14 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 11.37 ശതമാനം നേട്ടവുമായി കിറ്റെക്സാണ് മുന്നില്‍. ഇന്‍ഡിട്രേഡ് (4.86 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.69 ശതമാനം), എവിറ്റി ( 2.93 ശതമാനം), കെഎസ്ഇ (2.10 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (2.08 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്.
കോവിഡ് നിരക്ക് - ജൂണ്‍ 08, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍-15567 , മരണം- 124
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍- 28,996,473 , മരണം- 351,309
ലോകത്തില്‍ ഇതുവരെ
രോഗികള്‍ - 173,544,368, മരണം- 3,734,835