ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 17, 2022

രാജ്യത്തെ വെഹിക്ക്ള്‍ കംപോണന്റ് വ്യവസായം ആദ്യമായി 600 മില്യണ്‍ ഡോളര്‍ മിച്ചം രേഖപ്പെടുത്തി. അടുത്ത മാസം വിലവര്‍ധിപ്പിക്കാനൊരുങ്ങി മെഴ്‌സിഡീസ്-ബെന്‍സ്. ആഗോളതലത്തില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടൊയോറ്റ. ബിറ്റ്‌കോയിന്‍ വീണ്ടും ഉയരങ്ങളിലേക്ക്. വിപണി മുന്നേറ്റത്തിന്റെ പാതയില്‍, സെന്‍സെക്സ് സൂചിക 1,047 പോയ്ന്റ് ഉയര്‍ന്നു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2022-03-17 21:20 IST

വെഹിക്ക്ള്‍ കംപോണന്റ് വ്യവസായം ആദ്യമായി 600 മില്യണ്‍ ഡോളര്‍ മിച്ചം രേഖപ്പെടുത്തി

ഇന്ത്യയുടെ വാഹന ഘടക വ്യവസായം ആദ്യമായി 600 മില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചം രേഖപ്പെടുത്തിയതായി വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വ്യാഴാഴ്ച അറിയിച്ചു. ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ (എസിഎംഎ) സംഘടിപ്പിച്ച ആത്മനിര്‍ഭര്‍ എക്സലന്‍സ് അവാര്‍ഡ് 2022-ലെ ഏഴാമത് ടെക്നോളജി സമ്മിറ്റ് എന്നിവയെ അഭിസംബോധന ചെയ്യവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചില വാഹന ഭാഗങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് വ്യാപാര മിച്ചം ലഭിച്ചത്.

2024 ഓടെ 50 ശതമാനം വനിതാ ജീവനക്കാര്‍, നീക്കവുമായി ബ്രിട്ടാനിയ

2024 ഓടെ തങ്ങളുടെ തൊഴിലാളികളില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പക്കാന്‍ പദ്ധതിയുമായി എഫ്എംസിജി വമ്പനായ ബ്രിട്ടാനിയ. നിലവില്‍ കമ്പനി തൊഴിലാളികളില്‍ 38 ശതമാനവും വനിതകളാണെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സിഎംഒ) അമിത് ദോഷി പറഞ്ഞു. കമ്പനിയില്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടാനിയയുടെ ഗുവാഹത്തി ഫാക്ടറിയില്‍ സ്ത്രീകളുടെ എണ്ണം 60 ശതമാനമാണെന്നും അത് 65 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടൊയോറ്റ

സെമികണ്ടക്ടര്‍ ക്ഷാമം രൂക്ഷമായതോടെ ആഗോളതലത്തില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടൊയോറ്റ. ഏപ്രിലില്‍ ആഗോള വാഹന ഉല്‍പ്പാദന ലക്ഷ്യം 150,000 യൂണിറ്റ് കുറയക്കുകയാണെന്ന് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഏപ്രില്‍ മുതല്‍ 750,000 യൂണിറ്റുകളായിരിക്കും പ്രതിമാസം നിര്‍മിക്കുക.

ബാറ്ററി സ്‌കീമിന് കീഴില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ഒല ഇലക്ട്രിക്കിനും ഇന്‍സെന്റീവ്

റിലയന്‍സ് ഇന്‍ഡസ്ട്രീസും സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള ഒല ഇലക്ട്രിക്കും ഇന്ത്യയുടെ 2.4 ബില്യണ്‍ ഡോളറിന്റെ ബാറ്ററി പ്രോഗ്രാമിന് കീഴില്‍ ഇന്‍സെന്റീവുകള്‍ ലഭിക്കുന്നതിനുള്ള ബിഡ്ഡുകള്‍ നേടിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഡീകാര്‍ബണൈസേഷന്‍ ലക്ഷ്യമിട്ട് പ്രാദേശികമായി ബാറ്ററി സെല്ലുകള്‍ നിര്‍മ്മിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്‌കീം കഴിഞ്ഞ വര്‍ഷമാണ് രാജ്യം പ്രഖ്യാപിച്ചത്.

ബിറ്റ്‌കോയിന്‍ വീണ്ടും ഉയരങ്ങളിലേക്ക്

ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ ഉറപ്പിനെത്തുടര്‍ന്ന് ബിറ്റ്കോയിന്‍ മൂന്നാം ദിവസവും ഉയര്‍ന്നു.വ്യാഴാഴ്ച വൈകുന്നേരത്തെ വ്യാപാരത്തില്‍ ബിറ്റ്‌കോയിന്‍ ഏകദേശം 0.6% ഉയര്‍ന്ന് 40,997 ഡോളറിലെത്തി. Ethereum, Solana തുടങ്ങിയ മറ്റ് ടോക്കണുകളും നേട്ടമുണ്ടാക്കി. കഴിഞ്ഞ നവംബറില്‍ റെക്കോര്‍ഡുകള്‍ കീഴടക്കിയ ബിറ്റ്‌കോയിന്‍ ഈ വര്‍ഷം ഏകദേശം 12% ഇടിഞ്ഞിരുന്നു. ഇതില്‍ നിന്നുമാണ് പുതിയ നേട്ടങ്ങളിലേക്ക് ബിറ്റ്‌കോയിന്‍ ഉയരുന്നത്.

അടുത്ത മാസം വിലവര്‍ധിപ്പിക്കാനൊരുങ്ങി മെഴ്‌സിഡീസ്-ബെന്‍സ്

വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ്-ബെന്‍സ്. ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചതോടെ, തങ്ങളുടെ മോഡലുകള്‍ക്ക് മൂന്നു ശതമാനം വരെ വില വര്‍ധനവാണ് കമ്പനി ഇന്ത്യയില്‍ പ്രഖ്യാപിച്ചത്. വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മെഴ്‌സിഡീസ്-ബെന്‍സ് അറിയിച്ചു.

ഇന്ത്യയില്‍ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളുടെ കാറുകളുടെ വില അടുത്ത മാസം മുതല്‍ 50,000-5 ലക്ഷം രൂപ വരെ ഉയരും. ഔഡി ഇന്ത്യയും തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയില്‍ ഏപ്രില്‍ 1 മുതല്‍ 3 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഔഡി ഇന്ത്യയും തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയില്‍ ഏപ്രില്‍ 1 മുതല്‍ 3 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്

വിപണി മുന്നേറ്റത്തിന്റെ പാതയില്‍, സെന്‍സെക്സ് സൂചിക 1,047 പോയ്ന്റ് ഉയര്‍ന്നു

പ്രതീക്ഷിച്ച പോലെ തന്നെ ഓഹരി വിപണി ഇന്ന് കുതിച്ചു. ഇന്നലെ 1040 പോയ്ന്റ് ഉയര്‍ച്ചയോടെ വ്യാപാരം അവസാനിപ്പിച്ച ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് ഇന്ന് 1.84 ശതമാനം, അഥവാ 1,047 പോയ്ന്റാണ് കുതിച്ചുയര്‍ന്നത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ആഗോള വിപണികളെ ഉത്സാഹത്തിലാക്കിയിട്ടുണ്ട്. ഏവരും പ്രതീക്ഷിച്ച വര്‍ധനവാണ് യുഎസ് ഫെഡ് പലിശ നിരക്കിലുമുണ്ടായത്. ഇതിന്റെ ഫലമായാണ് ഇന്ത്യന്‍ ഓഹരി വിപണിയും മുന്നേറുന്നത്. നിഫ്റ്റി, 312 പോയിന്റ് അല്ലെങ്കില്‍ 1.84 ശതമാനം ഉയര്‍ന്ന് 17,287 ല്‍ എത്തി. രണ്ട് സൂചികകളും യഥാക്രമം 58,096, 17,345 എന്നിങ്ങനെ ഇന്‍ട്രാ-ഡേയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി.

എന്‍എസ്ഇയില്‍ 5.4 ശതമാനം ഉയര്‍ന്ന് എച്ച്ഡിഎഫ്‌സിയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടൈറ്റന്‍ കമ്പനി, എസ്ബിഐ ലൈഫ്, ആര്‍ഐഎല്‍, കൊട്ടക് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ടാറ്റ സ്റ്റീല്‍, നെസ്ലെ ഇന്ത്യ, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയുടെ ഓഹരിവില 3-5 ശതമാനം ഉയര്‍ന്നു.

വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി റിയല്‍റ്റി സൂചിക മൂന്ന് ശതമാനത്തിലധികം മുന്നേറി. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബാങ്ക്, മെറ്റല്‍ സൂചികകള്‍ 2 മുതല്‍ 2.5 ശതമാനം വരെ ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി കുതിച്ചപ്പോള്‍ കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കി. ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, പാറ്റ്സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ ഹോളിഡേയ്സ് എന്നീ ഓഹരികള്‍ മാത്രമാണ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. അപ്പോളോ ടയേഴ്സ് (3.51 ശതമാനം), സിഎസ്ബി ബാങ്ക് (3.37 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.55 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (4.98 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.81 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കമ്പനികള്‍. എവിറ്റിയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

Tags:    

Similar News